ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗായകൻ മരിച്ചു
text_fieldsശാസ്താംകോട്ട: റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗായകൻ മരിച്ചു. മൈനാഗപ്പള്ളി മണ്ണൂർക്കാവ് ശ്രീ ശബരിയിൽ കൃഷ്ണൻ കുട്ടി (ബേബി -50) ആണ് മരിച്ചത്. സ്കൂട്ടറിലെ സഹയാത്രികനായ സുഹൃത്ത് രാജുവിനെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 10ന് കല്ലുകടവ് ചിത്തിരവിലാസം സ്കൂളിന് സമീപത്തായിരുന്നു അപകടം. കല്ലുകടവ് ഭാഗത്തു നിന്നു മണ്ണൂർക്കാവ് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ ലോറിയുടെ പാർക്കിങ് ലൈറ്റ് കാണാതെ പിൻവശത്ത് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃഷ്ണൻ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഭക്തി ഗാനമേള ട്രൂപ്പുകളിലെ സജീവ സാന്നിധ്യമായിരുന്ന കൃഷ്ണൻ കുട്ടി ശ്രീ ശബരി ശാസ്താംപാട്ട് സംഘം എന്ന പേരിൽ സ്വന്തമായൊരു ട്രൂപ്പും നടത്തിയിരുന്നു.
നിരവധി ഭക്തിഗാനങ്ങളും ശാസ്താംപാട്ടുകളും രചിച്ചിട്ടുണ്ട്. കഴിഞ്ഞ വൃശ്ചികത്തിൽ മണ്ണൂർക്കാവ് ക്ഷേത്രത്തെ കുറിച്ച് സ്വന്തമായി രചിച്ച് ആലപിച്ച ഭക്തിഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടന്നു. ഭാര്യ: ഗീത. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസ്സെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.