സ്ലാബുകൾ പൂർവസ്ഥിതിയിലാക്കിയില്ല; റെയിൽവേ ഗേറ്റിൽ കൂടി യാത്ര ദുഷ്കരം
text_fieldsശാസ്താംകോട്ട: മൈനാഗപ്പള്ളി-മണ്ണൂർക്കാവ് റോഡിലെ റെയിൽവേ ഗേറ്റിൽ കൂടിയുള്ള യാത്ര ദുഷ്കരം. പാളം നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗത്തുണ്ടായിരുന്ന സ്ലാബുകൾ ഇളക്കി മാറ്റിയത് പൂർവസ്ഥിതിയിലാക്കാത്തതാണ് യാത്ര ദുരിതമാക്കുന്നത്. ആറുമാസം മുമ്പാണ് പാളങ്ങൾക്കിടയിൽ മെറ്റലിങ് നടത്തുന്നതിന് സ്ലാബ് ഇളക്കിമാറ്റിയത്.
മെറ്റലിങ്ങിനുശേഷം സ്ലാബുകൾക്കിടയിൽ ടാർ മിശ്രിതം ഇട്ട് വിടവ് അടച്ചിട്ടില്ല. പാളവും ഉയർന്ന് നിൽക്കുകയുമാണ്. അതിനാൽ ഇതുവഴി വാഹനയാത്ര ദുഷ്കരമാണ്. ഇരുചക്രവാഹനങ്ങൾ ഏത് സമയവും മറിയാമെന്ന അവസ്ഥയാണിവിടെ. മറ്റ് വാഹനങ്ങൾക്കടിയിലേക്ക് വീണാൽ വലിയ ദുരന്തമാണ് ഉണ്ടാവുക. മൈനാഗപ്പള്ളി ചിത്തിരവിലാസം എൽ.പി, യു.പി സ്കൂളുകൾ, പഞ്ചായത്ത് മിനി സ്റ്റേഡിയം, മണ്ണൂർക്കാവ് ദേവീക്ഷേത്രം, തെക്കൻ മൈനാഗപ്പള്ളി, തോട്ടുമുഖം തുടങ്ങിയ മേഖലകളിലേക്കുള്ള പ്രധാന മാർഗമാണ് ഈ ഗേറ്റ്. മൈനാഗപ്പള്ളി തൈയ്ക്കാവ്മുക്ക് ഗേറ്റ് ഏെതങ്കിലും കാരണവശാൽ തുറക്കാൻ കഴിയാതെ വന്നാൽ പകരം യാത്രക്ക് ഉപയോഗിക്കുന്നതും ഈ റോഡാണ്. അതിനാൽ നിരവധി വാഹനങ്ങളാണ് ഈ ഗേറ്റിൽ കൂടി കടന്നുപോകുന്നത്.
തൊട്ടടുത്ത് തന്നെയുള്ള മൈനാഗപ്പള്ളി ഗേറ്റിലും വെട്ടിക്കാട്ട് ഗേറ്റിലും പണി നടത്തിയിരുന്നങ്കിലും അവിടെ സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. അടിയന്തരമായി മണ്ണൂർക്കാവ് ഗേറ്റും സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.