ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് കുറയുന്നു
text_fieldsശാസ്താംകോട്ട: കടുത്ത വേനലിൽ ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. 2018 ലെ പ്രളയത്തിന് ശേഷം മാറ്റമില്ലാതിരുന്ന ജലനിരപ്പ് ഈ വർഷമാണ് ക്രമാതീതമായി കുറഞ്ഞത്. കഴിഞ്ഞവർഷങ്ങളിൽ ഇതേ കാലയളവിൽ സമുദ്രനിരപ്പിൽ നിന്ന് 150.5 സെന്റിമീറ്റർ ആയിരുന്നു ജലനിരപ്പ് ഈ വർഷം 98.6 സെന്റിമീറ്റർ ആയി കുറഞ്ഞു.
ഓരോ ദിവസവും ഓരോ സെന്റിമീറ്റർവീതം കുറഞ്ഞുവരുകയാണ്. മുൻവർഷങ്ങളിൽ തടാകത്തിന്റെ അമ്പലകടവിലെ കൽപ്പടവുകൾ വരെ ജലനിരപ്പ് ഉയർന്നുനിന്നിരുന്നു.
അമ്പലകടവിൽ നിന്ന് തടാകത്തിന്റെ തീരത്ത് കൂടി സഞ്ചരിക്കാൻ കഴിയാത്തവിധം ഈ ഭാഗങ്ങളിൽ ജലമുണ്ടായിരുന്നു. കാൽ നൂറ്റാണ്ടിന് ശേഷമായിരുന്നു ഈ അവസ്ഥ. എന്നാൽ ഇപ്പോൾ അമ്പലകടവിലെ കൽപ്പടവുകളിൽനിന്ന് ഏറെ താഴെയാണ് ജലനിരപ്പ്. തടാകത്തിന്റെ തീരത്ത് കൂടി കിലോമീറ്ററുകളോളം സഞ്ചരിക്കാവുന്ന അവസ്ഥയുമാണ്.
എന്നാൽ, പമ്പിങ്ങിനെ ബാധിക്കുന്ന തരത്തിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ലന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയും ഏക്കർ കണക്കിന് സ്ഥലം കരഭൂമിപോലെ ആവുകയും വിവിധ കുടിവെള്ള പദ്ധതികളുടെ പമ്പിങ് പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു.
പ്രാന്തപ്രദേശമായ പടിഞ്ഞാറേ കല്ലടയിലെ മണൽഖനനം മൂലം താഴ്ച ഉണ്ടായി തടാകത്തിലെ ജലം ഇവിടേക്ക് ഉൾവലിയുകയാണെന്നാണ് അനുമാനിച്ചിരുന്നത്. വർഷങ്ങളായി പടിഞ്ഞാറേ കല്ലടയിൽ മണൽ ഖനനം നടക്കുന്നില്ല. ഇതും പ്രളയവും മൂലമാണ് കഴിഞ്ഞ ഏതാനും വർഷം തടാകത്തിലെ ജലനിരപ്പ് ഉയർന്നത്. തടാകസംരക്ഷണത്തിന് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാറുകളും വിവിധ ഏജൻസികളും പ്രഖ്യാപിക്കാറുള്ള കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നടപ്പാക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.