ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; ഭരണിക്കാവിൽ മഴയും വെയിലുമേറ്റ് യാത്രക്കാർ
text_fieldsശാസ്താംകോട്ട: മഴയും വെയിലുമേൽക്കാതെ കയറി നിൽക്കാനോ, ഒന്നിരിക്കാനോ സ്ഥലമില്ലാതെ നട്ടം തിരിയുകയാണ് ഭരണിക്കാവ് ടൗണിലെത്തുന്ന ബസ് യാത്രക്കാർ.
കുന്നത്തൂർ താലൂക്കിന്റെ സിരാകേന്ദ്രമായ ഭരണിക്കാവിൽ ദിനവും നൂറുകണക്കിന് യാത്രക്കാരാണ് ബസിൽ യാത്ര ചെയ്യാൻ എത്തുന്നത്. കൊല്ലം-തേനി, ഭരണിക്കാവ് -വണ്ടിപ്പെരിയാർ ദേശീയപാതകളുടെയും കൊട്ടാരക്കര, ചവറ, കരുനാഗപ്പള്ളി റോഡുകയുടെയും സംഗമ കേന്ദ്രം കൂടിയാണ് ടൗൺ.
ഇത്രയേറെ തിരക്കുള്ള ടൗണായിട്ടും ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തിരക്കേറിയ ജങ്ഷനിൽ നാല് ദിശയിലെയും റോഡ് വശങ്ങളിലാണ് ബസ് കാത്ത് യാത്രക്കാർ നിൽക്കുന്നത്. കടകളുടെയും മറ്റും വരാന്തകളാണ് മഴ നനയാതെ യാത്രക്കാർക്ക് നിൽക്കാനുള്ള ഏക ആശ്രയം. യാത്രക്കാർ കൂട്ടമായി കടകൾക്ക് മുന്നിൽ നിൽക്കുന്നത് വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ടൗണിൽ ലക്ഷങ്ങൾ ചെലവഴിച്ച് ബസ് സ്റ്റാൻഡ് നിർമിച്ചിട്ടുണ്ടെങ്കിലും ബസുകൾ അവിടെ കയറാത്തത് മൂലം അത് നോക്കുകുത്തിയായി. എം.എൽ.എ ഫണ്ടിൽനിന്ന് താലൂക്കിലെ വിവിധ ജങ്ഷനുകളിൽ ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ നിർമിച്ചെങ്കിലും ഭരണിക്കാവിനെ അവഗണിച്ചു.
കൈയേറ്റങ്ങൾ വ്യാപകമായ ടൗണിൽ സൗകര്യപ്രദമായ സ്ഥലം ലഭ്യമല്ലാത്തതാണ് സന്നദ്ധ സംഘടനകൾക്കും കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുന്നതിന് തടസ്സം സൃഷ്ടിയ്ക്കുന്നത്. ഇതിനൊരു പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.