പോരുവഴി പഞ്ചായത്തിൽ സെക്രട്ടറിയും വില്ലേജ് ഓഫിസറുമില്ല; ജനം ദുരിതത്തിൽ
text_fieldsശാസ്താംകോട്ട: പോരുവഴി പഞ്ചായത്തിൽ സെക്രട്ടറിയും വില്ലേജ് ഓഫിസറും രണ്ടുമാസമായി ഇല്ലാതായിട്ടും പകരക്കാരെ നിയമിക്കാൻ നടപടിയില്ല. നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫിസറും സെക്രട്ടറിയും പെൻഷനായിപോയതോടെയാണ് പോരുവഴിയിലെ ജനങ്ങളുടെ ദുരിതം വർധിച്ചത്. ശാസ്താംകോട്ടയിലെ വില്ലേജ് ഓഫിസർക്ക് പോരുവഴിയുടെ അധികചുമതല കൈമാറിയിട്ടുണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നില്ലത്രെ. വിസ്തൃതമായ ശാസ്താംകോട്ടയിലെ വില്ലേജ് ഓഫിസർ വഴിപാടുപോലെയാണ് പോരുവഴിയിൽ എത്തുന്നതെന്നാണ് ആക്ഷേപം.
അടിയന്തരഘട്ടങ്ങളിൽ സർട്ടിഫിക്കറ്റുകളിലും മറ്റും ഒപ്പിടീക്കാൻ സാധാരണക്കാർ കിലോമീറ്റർ അകലെയുള്ള ശാസ്താംകോട്ടയിൽ എത്തണം. അഡ്മിഷൻ കാലമായതിനാൽ വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഏറെ വലയുന്നത്. മുൻകാലങ്ങളിൽ കുന്നത്തൂർ വില്ലേജ് ഓഫിസർക്കാണ് പോരുവഴിയുടെ ചുമതല നൽകിയിരുന്നത്. പഞ്ചായത്ത് സെക്രട്ടറിക്ക് പകരം ആളെത്താത്തതിനാൽ പോരുവഴിയിലെ വികസനപ്രവർത്തനങ്ങളെപോലും സാരമായി ബാധിച്ചു.
വിവിധ ആവശ്യങ്ങൾക്ക് ഫ്രണ്ട് ഓഫിസ് വഴി അപേക്ഷകൾ നൽകി കാത്തിരിക്കുന്നവരും നിരവധിയാണ്. കാലവർഷക്കെടുതികൾ രൂക്ഷമായ പോരുവഴി പഞ്ചായത്തിൽ സെക്രട്ടറിയും വില്ലേജ് ഓഫിസറും ഒരുപോലെ ഇല്ലാത്തത് പ്രശ്നമായിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെയും എം.എൽ.എയുടെയും ഉദാസീനതയാലാണ് പഞ്ചായത്തിലെ പ്രബലസ്ഥാനങ്ങൾ വഹിക്കുന്ന ഉദ്യോഗസ്ഥർ ഇല്ലാതിരുന്നിട്ടും പകരം നിയമനത്തിന് സർക്കാർ അലംഭാവം കാട്ടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അതിനിടെ സെക്രട്ടറിയെയും വില്ലേജ് ഓഫിസറെയും നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനുള്ള തയാറെടുപ്പിലാണ് വിവിധ രാഷ്ട്രീയകക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.