കെ.ഐ.പി കനാലിൽ ശുചിമുറി മാലിന്യം ഒഴുക്കി
text_fieldsശാസ്താംകോട്ട: കെ.ഐ.പി കനാലിൽ ശുചിമുറി മാലിന്യം ഒഴുക്കി. ശാസ്താംകോട്ട പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ മുതുപിലാക്കാട് പടിഞ്ഞാറ് ഊക്കൻമുക്കിനുസമീപം പർഥസാരഥി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിലാണ് സംഭവം.
ബുധനാഴ്ച പുലർച്ചയാണ് സംഭവമെന്ന് നാട്ടുകാർ പറയുന്നു. വലിയ വണ്ടിയിൽ ടാങ്കിൽ കൊണ്ടുവന്ന മാലിന്യം പൈപ്പുപയോഗിച്ച് കനാലിലേക്ക് ഒഴുക്കുകയായിരുന്നു. കനാലിൽ 50 മീറ്ററോളം സ്ഥലത്ത് മാലിന്യം കെട്ടിനിൽക്കുകയാണ്. പരിസരപ്രദേശങ്ങളിലേക്ക് ദുർഗന്ധം പടർന്നതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വേനൽ കനത്തതോടെ സമീപപ്രദേശങ്ങളിലെ കനാലുകളിൽ വെള്ളം ഒഴുക്കിത്തുടങ്ങിയിരുന്നു. ഇവിടെയും ഈയാഴ്ചതന്നെ വെള്ളം തുറന്നുവിടാനിരിക്കെയാണ് സംഭവം. കനാലിന്റെ ഇരുവശങ്ങളിലുമുള്ള കുടുംബങ്ങൾ വിവിധ ആവശ്യങ്ങൾക്ക് കനാൽജലമാണ് ഉപയോഗിക്കാറുള്ളത്. കൂടാതെ കനാലിൽ വെള്ളം എത്തുന്നതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം ഉയരുന്നതും പതിവാണ്. വെള്ളമെത്തുന്നതോടെ വലിയ അളവിലുള്ള കക്കൂസ് മാലിന്യം പരിസരപ്രദേശങ്ങളിലെ കിണറുകളിലേക്കിറങ്ങുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവെക്കുന്നു. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പൊലീസ് സി.സി.ടി.വി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും വാർഡ് മെംബർ ഉഷാകുമാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.