ട്രാഫിക് ഐലൻഡുകളിൽ ഫ്ലക്സുകൾ നിറയുന്നു
text_fieldsശാസ്താംകോട്ട: കുന്നത്തൂരിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളായ ശാസ്താംകോട്ട, ഭരണിക്കാവ്, ചക്കുവള്ളി എന്നിവിടങ്ങളിലെ ട്രാഫിക് ഐലൻഡുകളിൽ ഫ്ലക്സ് ബോർഡുകളും ബാനറുകളും നിറയുന്നു. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും കാഴ്ചയെ മറയ്ക്കുന്ന രീതിയിലാണ് ഈ മൂന്നു സ്ഥലത്തേയും ട്രാഫിക് ഐലൻഡുകളിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഫ്ലക്സ് ബോർഡുകളും ബാനറുകളും കെട്ടുന്നത്.
ഇത് വ്യാപകമായതോടെ കഴിഞ്ഞ താലൂക്ക് വികസന സമിതിയിൽ വിഷയം ചർച്ചയാവുകയും ട്രാഫിക് ഐലൻഡുകളിൽ സ്ഥാപിച്ച ബോർഡുകളും ഫ്ലക്സുകളും എടുത്തുമാറ്റാൻ പൊലീസിന് വികസന സമിതി നിർദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് വൈകീട്ട് തന്നെ ശാസ്താംകോട്ട സി.ഐയുടെ നേതൃത്വത്തിൽ ട്രാഫിക് ഐലന്റുകളിലെ ഫ്ലക്സുകൾ എടുത്തുമാറ്റി.
എന്നാൽ, ഭരണിക്കാവിലെ ട്രാഫിക് ഐലൻഡിനോട് ചേർന്നുള്ള ഹൈമാസ്റ്റ് ലൈറ്റിൽ മനുഷ്യച്ചങ്ങലയുടെ ഭാഗമായി സ്ഥാപിച്ച 20 അടിയിൽ അധികം ഉയരമുള്ള ബോർഡ് മാറ്റാൻ കഴിഞ്ഞില്ല. ബോർഡ് മാറ്റാനുള്ള ശാസ്താംകോട്ട സി.ഐയുടെ ശ്രമം ഡി.വൈ.എഫ്.ഐ നേതാക്കൾ തടയുകയായിരുന്നു. ഇതോടെ ഈ ബോർഡ് ഇവിടെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.