ഒരു രൂപക്ക് ശുദ്ധജലവുമായി വാട്ടർ എ.ടി.എം
text_fieldsശാസ്താംകോട്ട: ഒരു ലിറ്റർ വെള്ളത്തിന് ഇനി പതിനഞ്ചും ഇരുപതും രൂപ കൊടുക്കേണ്ട. കേവലം ഒരു രൂപ നാണയമുണ്ടെങ്കിൽ ഒരു ലിറ്റർ തണുത്തതോ തണുക്കാത്തതോ ആയ വെള്ളം ആവശ്യക്കാർക്ക് ലഭിക്കും. പാത്രമോ കുപ്പിയോ കരുതണമെന്ന് മാത്രം.
ചുരുങ്ങിയ ചെലവിൽ ഗുണമേന്മയുള്ള കുടിവെള്ളം യാത്രക്കാർക്കും മറ്റും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട ജങ്ഷനിൽ ടേക്ക് എ ബ്രേക്കിന് മുൻവശം സ്ഥാപിച്ച വാട്ടർ എ.ടി.എം വഴിയാണ് ഇത് ലഭിക്കുന്നത്.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുന്ദരേശൻ വെള്ളിയാഴ്ച പദ്ധതി നാടിനു സമർപ്പിച്ചു. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് വാട്ടർ എ.ടി.എമ്മിന്റെ നിർമാണം പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പുഷ്പകുമാരി അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ഗീത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി. രതീഷ്, എസ്. ഷീജ, കെ. സനിൽകുമാർ, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗുരുകുലം രാകേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, അൻസാർ ഷാഫി, വൈ. ഷാജഹാൻ, ആർ.രാജി, രാജി രാമചന്ദ്രൻ, ശാസ്താംകോട്ട ഗ്രാമപഞ്ചായത്തംഗം എം. രജനി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.