കുന്നത്തൂരിൽ വിതരണം ചെയ്യുന്നത് മലിനജലം
text_fieldsശാസ്താംകോട്ട: കുന്നത്തൂർ ശുദ്ധജല പദ്ധതി വഴി വിതരണം ചെയ്യുന്നത് മലിനജലം. കുന്നത്തൂർ പഞ്ചായത്തിൽ പൂർണമായും പടിഞ്ഞാറെ കല്ലട, ശാസ്താംകോട്ട പഞ്ചായത്തുകളിൽ ഭാഗികമായും വിതരണം ചെയ്യുന്നത് ചേലൂർ പുഞ്ചയിലെ മലിനജലമാണ്.
കേന്ദ്ര സർക്കാർ ജൽജീവൻ മിഷൻ വഴി നടപ്പാക്കിയ കുടിവെള്ള പദ്ധതിപ്രകാരം വീടുകളിലേക്ക് വെള്ളമെത്തുന്നത് ഇവിടെ നിന്നാണ്. കുടിവെള്ളമായി ഉപയോഗിക്കാൻ കഴിയാത്ത മലിനജലമാണ് വർഷങ്ങളായി ജനങ്ങൾ കുടിക്കുന്നത്. ഇതിന്റെ പേരിൽ മാസംതോറും ലക്ഷങ്ങളാണ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത്. ദുർഗന്ധം വമിക്കുന്ന ചളിവെള്ളമാണ് പൈപ്പുകളിലെത്തുന്നത്.
പരിശോധനയിൽ ‘കോളിഫോം ബാക്ടീരിയ’ വെള്ളത്തിൽ അടങ്ങിയതായി കണ്ടെത്തിയിരുന്നു. ചേലൂരിലെ കിണറിനോട് ചേർന്നുള്ള ഇൻഫിൽട്രേഷൻ ഗാലറിയിലും കിണറിലും വൻതോതിൽ ചളി അടിഞ്ഞുകിടക്കുകയാണ്. ഇത് നീക്കാൻ അരക്കോടിയിലധികം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും നടപടി ഇഴയുകയാണ്.
കൊല്ലാറയിലെ ഓവർ ഹെഡ് ടാങ്കിലേക്ക് എത്തിക്കുന്ന വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ വിതറുന്നത് മാത്രമാണ് ആകെയുള്ള ശുദ്ധീകരണം. നാട്ടുകാരുടെ പരാതിയെ തുടർന്ന് ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമീഷന്റെ നിർദേശം ജല അതോറിറ്റി ചെവിക്കൊണ്ടിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.