റോഡിൽ വെള്ളക്കെട്ട്; ദുരിതം പേറി നാട്ടുകാർ
text_fieldsശാസ്താംകോട്ട: ഭരണിക്കാവ് ജങ്ഷനിൽ അടൂർ റോഡിലെ വെള്ളക്കെട്ടിൽ വലഞ്ഞ് യാത്രക്കാരും വ്യാപാരികളും. ചെറിയ മഴയിൽപ്പോലും റോഡ് വെള്ളക്കെട്ടായി മാറുകയാണ്. കഴിഞ്ഞദിവസങ്ങളിൽ വൈകീട്ട് മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ റോഡ് തോടായി മാറി. അടൂർ റോഡിൽ സെപ്ലെകോക്ക് സമീപമാണ് ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂപപ്പെടുന്നത്. റോഡ് കവിഞ്ഞ് വെള്ളം സമീപത്തെ കടകളിലേക്ക് ഒഴുകിയതോടെ വ്യാപാരികളും ബുദ്ധിമുട്ടിലായി. വാഹനഗതാഗതം തടസ്സപ്പെടുന്ന തരത്തിലാണ് വെള്ളക്കെട്ട്. കാൽനടയാത്രികരാണ് ഇതുമൂലം ഏറെ വലയുന്നത്.
വെള്ളക്കെട്ടിന് പരിഹാരമായി 12 വർഷം മുമ്പ് ഈ ഭാഗത്ത് പുതിയ ഓട നിർമിച്ചിരുന്നു. ജങ്ഷൻ ചുറ്റി ചക്കുവള്ളി റോഡ് വഴി മുസ്ല്യാർഫാമിലേക്ക് വെള്ളം ഒഴുക്കിവിടുന്ന തരത്തിലായിരുന്നു ഓടനിർമാണം. എന്നാൽ അടൂർ റോഡിൽ ഉണ്ടായിരുന്ന കലുങ്ക് പുതുക്കിപ്പണിയാതിരുന്നതിനാൽ മണ്ണും ചളിയും മാലിന്യവും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. കലുങ്ക് വഴി വെള്ളം ഓടയിലേക്ക് ഒഴുകാതിരുന്നതോടെ ചെറിയ മഴയിൽപോലും റോഡ് വെള്ളക്കെട്ടാവുകയാണ്.
മുമ്പ് വ്യാപാരികൾ പ്രതിഷേധം ഉയർത്തിയതോടെ അധികൃതർ കലുങ്കിലെ ചളിയും മാലിന്യവും നീക്കം ചെയ്തിരുന്നു. അതിനാൽ കഴിഞ്ഞ കുറച്ചുദിവസം വെള്ളക്കെട്ട് ഒഴിവായിരുന്നു.കലുങ്കിലും ഓടയിലും വീണ്ടും ചളിയും മാലിന്യവും നിറഞ്ഞതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടതെന്നും അടിയന്തരമായി ഇവ നീക്കി ബുദ്ധിമുട്ട് പരിഹരിക്കണമെന്നുമാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.