ലഹരിയോട് പറയാം ‘നോ’
text_fieldsകൊല്ലം: ജില്ലയിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് പരിശോധന കര്‍ശനമാക്കാൻ തീരുമാനം. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ കലക്ടര്‍ അഫ്സാന പര്‍വീനാണ് നിര്‍ദേശം നൽകിയത്. സ്കൂളുകളുടെ പരിസരത്ത് പൊലീസ്, എക്സൈസ് നിരീക്ഷണം ശക്തമാക്കും.
ലഹരി ഉപയോഗത്തില്‍ കൂടുതല്‍ കേസുകള്‍ വരുന്ന സ്ഥലങ്ങളില്‍ സജീവ ശ്രദ്ധ നല്‍കും. ജൂണ്‍ ആദ്യവാരം തന്നെ പരിശോധനകളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ അവശ്യപ്പെട്ടു. ജില്ലയിലെ പുസ്തകവിതരണത്തിന്റെ 90 ശതമാനവും പൂര്‍ത്തിയായതായി യോഗം വിലയിരുത്തി.
ബാക്കിയുള്ളവ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കും. യൂനിഫോം വിതരണവും പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു. അപകടകരമായ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കില്ല. സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്ക്കരണം എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.
സ്കൂള്‍ പാചക തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായി എടുക്കണം. ഇതിനുള്ള സൗകര്യം സ്കൂള്‍ നില്ക്കുന്ന പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
സ്കൂളുകള്‍ക്ക് സമീപമുള്ള റോഡുകളില്‍ സുരക്ഷാ സിഗ്നലുകള്‍, അടയാളങ്ങള്‍ എന്നിവ സ്ഥാപിക്കും. എല്ലാ സ്കൂളുകളിലും ശുചീകരണം പൂര്‍ത്തിയാക്കണം. സ്കൂള്‍ പരിസരത്തുള്ള വൈദ്യുത ലൈനുകള്‍, ട്രാന്‍സ്ഫോമറുകള്‍ എന്നിവയുടെ പരിശോധന പൂര്‍ത്തിയായി. അസംബ്ലികളില്‍ കെ.എസ്.ഇ.ബിയുടെ സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സിനും സൗകര്യമൊരുക്കും.
വിദ്യാര്‍ഥികളുടെ ശാരീരിക മാനസിക സുരക്ഷയെ ബാധിക്കുന്ന ഒന്നിലും വിട്ടുവീഴ്ച ഉണ്ടാകരുതെന്നും യോഗം നിര്‍ദേശം നല്കി. ചവറ ഗവ. ബോയ്സ് ഹയര്‍ സെക്കൻറി സ്കൂളിലാണ് ഇക്കുറി ജില്ലയിലെ പ്രവേശനോത്സവ ഉദ്ഘാടനം സംഘടിപ്പിക്കുക.
കുട്ടികളുടെ ആരോഗ്യത്തിൽ കരുതൽ വേണം
കൊല്ലം: വേനലവധിക്കു ശേഷം സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്കൂളിലെത്തുന്ന കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു.
പ്രധാന നിർദേശങ്ങൾ:
കുട്ടികള്‍ക്ക് അപകടം ഉണ്ടാക്കുന്ന ഡെസ്ക്, ബെഞ്ച്, സ്ക്രീനുകള്‍ എന്നിവ നീക്കം ചെയ്യണം
- ശുചിമുറികളുടെ അറ്റകുറ്റപണി വൈകരുത്.
- അടഞ്ഞുകിടന്ന സ്കൂളും പരിസരവും വൃത്തിയാക്കണം
- കോമ്പൗണ്ടിനുള്ളില്‍ പാഴ്വസ്തുക്കള് കൂട്ടിയിടരുത്
- സ്കൂളില്‍ ഇഴജന്തുക്കളുടെ സാന്നിധ്യമില്ല എന്ന് ഉറപ്പ് വരുത്തണം
- പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണം
- കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേഷന് നടത്തണം
- ഉപയോഗശൂന്യമായ കിണറുകള്‍ കൊതുകു കടക്കാത്ത വിധം നെറ്റ് ഉപയോഗിച്ച് മൂടണം
- കുടിവെള്ളത്തിന്റെ ശുദ്ധി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം.
- സ്കൂളുകളില്‍ തയ്യാറാക്കുന്ന ഭക്ഷണം അടച്ചു സൂക്ഷിക്കണം
- കുട്ടികള്‍ക്ക് കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കുന്നുവെന്ന് ഉറപ്പാക്കണം
- കൊതുകു നിർമാർജനത്തിന് എല്ലാ വെള്ളിയാഴ്ചയും സ്കൂളിലും സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനം നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.