സ്കൂളുകളിൽ ഒരാഴ്ചക്കകം മണിമുഴക്കം, ഒരുക്കം അവസാന ലാപ്പിൽ
text_fieldsകൊല്ലം: വിദ്യാലയമുറ്റങ്ങളിൽ കളിചിരിയുമായി കുരുന്നുകൾ തിരിച്ചെത്താൻ ആറ് ദിവസങ്ങൾ മാത്രം ശേഷിക്കെ തയാറെടുപ്പുകൾ അവസാന ലാപ്പിൽ. അധ്യാപകരും അനധ്യാപകരും പി.ടി.എയും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ സംഘടനകളും നാട്ടുകാരും ചേർന്ന് കഴിഞ്ഞയാഴ്ചേയാടെ തന്നെ ഭൂരിഭാഗം സ്കൂളുകളിലും പരിസരങ്ങൾ ശുചീകരിച്ചു. ഒക്ടോബർ 25ഒാടെ ശുചീകരണം പൂർത്തിയാക്കാനായിരുന്നു ജില്ലതലത്തിൽനിന്ന് സ്കൂളുകൾക്ക് നൽകിയിരുന്ന നിർദേശം.
ഇതിെൻറ അടിസ്ഥാനത്തിൽ ഡി.ഡി.ഇ ഉൾപ്പെടെ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ പരിശോധന നടത്തി. മിക്ക സ്കൂളുകളും മികച്ചരീതിയിൽ ശുചീകരണം പൂർത്തിയാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരവെ 59 സ്കൂളുകൾ അക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വ്യക്തമായി. ആ സ്കൂളുകൾ ചൊവ്വാഴ്ചയോടെ ശുചീകരണം നടത്തിയതിെൻറ ചിത്രങ്ങൾ അതാത് എ.ഇ.ഒമാർക്ക് അയച്ചുനൽകാനും ജില്ലതലത്തിൽ വിവരമറിയിക്കാനും കർശന നിർദേശം നൽകിയിരിക്കുകയാണ്.
സമാനമായി സ്കൂളുകളുടെ ഫിറ്റ്നസിെൻറ കാര്യത്തിൽ കർശന നടപടികളാണ് കൈക്കൊള്ളുന്നത്. നിലവിൽ ആറ് സ്കൂളുകൾ ജില്ലയിൽ ഫിറ്റ്നസ് പ്രശ്നം നേരിടുന്നുണ്ട്. ആസ്ബറ്റോസ് മേൽക്കൂരയുള്ള സ്കൂളുകൾക്ക് അനുമതി നൽകാത്തതാണ് രണ്ട് സ്കൂളുകളിലെ പ്രശ്നം. ബാക്കി നാലിടത്ത് കെട്ടിട നിർമാണം നടക്കുകയാണ്. ഇവിടങ്ങളിൽ ബദൽ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഫിറ്റ്നസ് ലഭിക്കാതെ ഇൗ സ്കൂളുകളിലെ കെട്ടിടങ്ങളിൽ ക്ലാസുകൾ നടക്കില്ല.
ഒാരോ കുട്ടിക്കും കരുതൽ
വിദ്യാലയങ്ങളിൽ മടങ്ങിയെത്തുന്ന ഒാരോ കുട്ടിക്കും വേണ്ട കരുതൽ നൽകാനുള്ള മുന്നൊരുക്കമാണ് നടക്കുന്നത്. താൽപര്യമുള്ള രക്ഷാകർത്താക്കൾക്ക് ഹോമിയോ ബൂസ്റ്റർ പ്രതിേരാധമരുന്ന് കുട്ടികൾക്ക് വാങ്ങിനൽകാവുന്ന പദ്ധതിയും ആരംഭിച്ചു. തിങ്കളാഴ്ചമുതൽ അധ്യാപകർക്കുള്ള പരിശീലനം തുടങ്ങി. കോവിഡ് പ്രോേട്ടാകോൾ പാലിക്കുന്നതിന് കുട്ടികളുടെ ബയോബബ്ൾ ഒരുക്കുന്നത് ഉൾപ്പെടെ എല്ലാ മേഖലയും ഒാറിയേൻറഷൻ ക്ലാസുകളിൽ പ്രതിപാദിക്കുന്നുണ്ട്. ജില്ലതലത്തിലും സബ്ജില്ല തലത്തിലും ഉള്ളതുപോലെ ഒാരോ സ്കൂളിനും കോവിഡ് മാർഗരേഖ തയാറാക്കിയാണ് പ്രവർത്തനം.
ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന നിബന്ധന പാലിക്കാൻ ബാച്ചായി തിരിച്ച് മൂന്ന് വീതം ദിവസങ്ങളിലായിരിക്കും ക്ലാസുകൾ നടത്തുക. രാവിലെ കുട്ടി സ്കൂളിൽ എത്തിച്ചേരുന്നതിന് ക്ലാസ് അടിസ്ഥാനത്തിൽ നിശ്ചിത സമയക്രമവും പാലിക്കണം. ഒാരോ ക്ലാസിനും നൽകിയ സമയത്തിനുള്ളിൽതന്നെ കുട്ടികൾ എത്തണം. ശരീരോഷ്മാവ് അളക്കുന്നതിന് സ്കൂളുകൾക്ക് ജില്ല ഭരണകൂടം തെർമൽ സ്കാനർ നൽകുന്നുണ്ട്. ആറ് കുട്ടികൾ വീതമുള്ള ബയോബബ്ൾ ആണ് ക്ലാസുകളിൽ ഒരുക്കുന്നത്.
98 ശതമാനം അധ്യാപക-അനധ്യാപക ജീവനക്കാരും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു വിഭാഗം വിമുഖത കാട്ടുന്നുണ്ട്. ഇവരെക്കൂടി എത്രയും പെെട്ടന്ന് വാക്സിൻ എടുപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ജില്ല അധികൃതർ. കുട്ടികളെ സ്കൂളുകളിൽ വിടുന്നതിന് വീട്ടുകാർക്കുള്ള താൽപര്യക്കുറവും മുന്നിലുണ്ട്. പൂർണ സുരക്ഷ ഉറപ്പുനൽകി, രക്ഷാകർത്താക്കളെ ബോധവത്കരിക്കാനുള്ള നടപടികളും സ്കൂൾതലത്തിൽ നടത്തുന്നു. പഠനത്തിനപ്പുറം കുട്ടികളുടെ സാമൂഹിക വ്യക്തിത്വ വികാസം രണ്ട് വർഷം പിന്നിൽ തന്നെ ഇപ്പോഴും നിൽക്കുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാർഥികളെയും സ്കൂളുകളിലേക്ക് അയക്കണെമന്ന അഭ്യർഥനയാണ് വിദ്യാഭ്യാസവകുപ്പ് അധികൃതർക്കും അധ്യാപകർക്കുമുള്ളത്.
നിയമനം ഉടൻ
സ്ഥാനക്കയറ്റം സംബന്ധിച്ച തർക്കം കാരണം ഒഴിഞ്ഞുകിടന്ന പ്രധാനാധ്യാപക തസ്തികകളിൽ നിയമനം നടത്താൻ സർക്കാർ ഉത്തരവായിട്ടുണ്ട്. എന്നാൽ, ജില്ലതലത്തിൽ ഇത് സംബന്ധിച്ച് നിർദേശം ഇതുവരെ എത്തിയിട്ടില്ല. വൈകാതെ, നിർദേശം എത്തുമെന്നും സീനിയോറിറ്റി അടിസ്ഥാനത്തിൽ ഉൾപ്പെടെ 186 ഒഴിവുകളിൽ ജില്ലയിൽ നിയമനം നടക്കുമെന്നുമാണ് വിലയിരുത്തൽ.
സമാനമായി എൽ.പി വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ദിവസവേതനക്കാരെ നിയമിക്കും. പി.എസ്.സി റാങ്ക് പട്ടിക നിലവിലില്ലാത്തതിനാലാണ് ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ് ഉൾപ്പെടെ വിഷയങ്ങളിൽ ദിവസവേതനക്കാരെ നിയമിക്കുന്നത്. അതേസമയം, സീനിയോറിറ്റി അടിസ്ഥാനത്തിൽ പ്രധാനാധ്യാപക നിയമനം നൽകിയാൽ വീണ്ടും കോടതി നടപടികളിലേക്ക് നീങ്ങുകയോ ജനറൽ ട്രാൻസ്ഫർ നടക്കുേമ്പാൾ പ്രതിസന്ധി വരുകയോ ചെയ്യുമെന്ന ആശങ്ക അധ്യാപക സംഘടനകൾ ഉന്നയിക്കുന്നുണ്ട്.
നിലവിലെ നിയന്ത്രണങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ അധ്യാപകർ എത്രയുണ്ടെങ്കിലും മതിയാകിെല്ലന്ന സ്ഥിതിയാണ്. ദിവസവേതനക്കാരെ കൂടി ഉപയോഗിച്ച് വെല്ലുവിളി മറികടക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു.
ആശങ്കയായി യാത്രാസൗകര്യം
സ്കൂളുകളിൽ എല്ലാ സുരക്ഷയും സർക്കാർ ഉറപ്പുനൽകുേമ്പാൾ, യാത്രാസൗകര്യമാണ് രക്ഷാകർത്താക്കളെയും വിദ്യാർഥികളെയും അധ്യാപകരെയും ആശങ്കയിലാക്കുന്നത്. ദൂരെ സ്ഥലങ്ങളിൽനിന്ന് സ്കൂൾ ബസുകളിലും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും എത്തുന്നവരാണ് ആശങ്കയിലായത്. ഗതാഗത പ്രശ്നം കാരണം മാത്രം പല കുട്ടികളും സ്കൂളിൽ വരാതിരിക്കുമെന്ന വെല്ലുവിളിയുമുണ്ട്. സ്കൂൾ ബസുകളിൽ ഒരു സീറ്റിൽ ഒരു കുട്ടി എന്ന നിബന്ധനയിൽ വിദ്യാർഥികളെ എത്തിക്കുന്നതിന് കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുകയെന്ന് അധ്യാപകർ പറയുന്നു.
ഇത് രക്ഷാകർത്താക്കളെയും സ്കൂളുകളെയും ഒരുപോലെ ബാധിക്കും. ജില്ലയിൽ നിരവധി സ്കൂളുകളിൽ സ്വന്തമായി ബസില്ല എന്നിരിക്കെ, പൊതുഗതാഗതമാണ് കുട്ടികൾ ആശ്രയിക്കേണ്ടത്. കെ.എസ്.ആർ.ടി.സി മുന്നോട്ടുെവച്ച ബോണ്ട് സർവിസിന് ചിലയിടങ്ങളിൽ മാത്രമാണ് ആവശ്യക്കാരുള്ളത്. കൺസെഷൻ ടിക്കറ്റ് ലഭിക്കുന്നതിനുൾപ്പെടെ നടപടികൾ വേഗത്തിലാക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നു. പൊതുഗതാഗത സംവിധാനത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികൾ ഉണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.