സ്കൂൾ കെട്ടിടം പഞ്ചായത്ത് കൈയേറി മാലിന്യ നിക്ഷപകേന്ദ്രമാക്കി
text_fieldsപുനലൂർ: കോവിഡിന്റെ മറവിൽ ഗവ. സ്കൂൾ കെട്ടിടം പഞ്ചായത്ത് കൈയേറി മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രമാക്കി.
കെട്ടിടത്തിലുണ്ടായിരുന്ന ഹയർസെക്കൻഡറി വിഭാഗം ലാബ് ഒറ്റമുറി കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട സ്ഥിതിയിൽ. ആര്യങ്കാവിൽ നെടുമ്പാറ ടി.സി.എൻ.എം ഗവ. പ്രൈമറി സ്കൂൾ കെട്ടിടമാണ് ആര്യങ്കാവ് പഞ്ചായത്ത് കൈക്കലാക്കി ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്.
മുമ്പ് പഞ്ചായത്ത് മാനേജ്മെൻറായിരുന്നു എൽ.പി.എസ് മുതൽ ഹൈസ്കൂൾ വരെയുള്ള ഇവിടത്തെ ടി.സി.എൻ.എം സ്കൂളുകൾ. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് സ്കൂളുകൾ പൂർണമായി സർക്കാർ ഏറ്റെടുത്തതോടെ പഞ്ചായത്തിന് മാനേജ്മെൻറ് അധികാരം നഷ്ടപ്പെട്ടിരുന്നു. എൽ.പി.എസ് പ്രവർത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കമുള്ളതിനാൽ ഈ സ്കൂൾ തൊട്ടടുത്തുള്ള ഹൈസ്കൂൾ വളപ്പിലേക്ക് മാറ്റി.
പകരം ഹയർസെക്കൻഡറിയുടെ ഉൾപ്പെടെ ലാബ് അവിടെ നിന്ന് മാറ്റി എൽ.പി.എസ് കെട്ടിടത്തിലാക്കി.
ഇതിനിടെ കോവിഡ് വന്നതോടെ തോട്ടം മേഖലയിലുള്ള കോവിഡ് രോഗികളെ പാർപ്പിക്കുന്നതിനായി ലാബ് ഹൈസ്കൂൾ വളപ്പിലെ ഒറ്റമുറി കെട്ടിടത്തിലേക്ക് താൽക്കാലികലമായി മാറ്റി.
കലക്ടറുടെ ഉത്തരവ് അനുസരിച്ച് പഴയ എൽ.പി.എസ് കെട്ടിടം കോവിഡ് രോഗികളെ പാർപ്പിക്കാനായി പഞ്ചായത്തിന് വിട്ടുനൽകി.
എന്നാൽ, കോവിഡ്കാലം കഴിഞ്ഞിട്ടും ഈ കെട്ടിടം സ്കൂൾ ആവശ്യത്തിന് വിട്ടുകൊടുക്കാൻ പഞ്ചായത്ത് തയാറായിട്ടില്ല.
ഇതിനിടെ കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി നവീകരിച്ച് ഓഡിറ്റോറിയം ബോർഡും പഞ്ചായത്ത് സ്ഥാപിച്ചു.
കൂടാതെ കെട്ടിടത്തിന്റ ഒരുഭാഗം ഹരിത കർമസേനയുടെ മാലിന്യം സൂക്ഷിപ്പു കേന്ദ്രവുമാക്കി. ലാബ്, പുതിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവ സ്ഥാപിക്കാനായി ഈ കെട്ടിടം വിട്ടുനൽകണമെന്ന് സ്കൂൾ അധികൃതരും പി.ടി.എയും ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് തയാറായില്ല. ഈ ആവശ്യാർഥം പഞ്ചായത്തിന് മുന്നിൽ സമരം നടത്താനുള്ള നീക്കത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.