കുറഞ്ഞ ചെലവിൽ ഇൻകുബേറ്റർ വികസിപ്പിച്ച് സ്കൂൾ വിദ്യാർഥിനികൾ
text_fieldsവടക്കേവിള യൂനുസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രസാങ്കേതിക പ്രോജക്ടുകളുടെ പ്രദർശനത്തിൽ കൊട്ടിയം എൻ.എസ്.എം.ജി.എച്ച്.എസിലെ കുട്ടികൾ ഇൻകുബേറ്ററിന്റെ പ്രവർത്തനം വിവരിക്കുന്നു
കൊട്ടിയം: കുറഞ്ഞ ചെലവിൽ മുട്ട വിരിയിച്ചെടുക്കുന്ന ഇൻകുബേറ്റർ നിർമിച്ച് വിദ്യാർഥിനികൾ. കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസിലെ അഞ്ച് കുട്ടികളും എട്ടാം ക്ലാസിലെ ഒരു കുട്ടിയും ചേർന്നാണ് ഇൻകുബേറ്റർ വികസിപ്പിച്ചത്. കുറഞ്ഞസമയം കൊണ്ട് ഈ കണ്ടുപിടിത്തത്തിന് ഏറെ അംഗീകാരം ലഭിച്ചു.
വിദേശരാജ്യങ്ങളിലേതുപോലെ പഠനത്തോടൊപ്പം കുട്ടികൾക്ക് എങ്ങനെ വരുമാനവും കണ്ടെത്താം എന്ന ചിന്തക്കൊടുവിലാണ് കണ്ടുപിടിത്തം. ഡിജിറ്റൽ ഇൻകുബേറ്ററും സെമി ഓട്ടോ ഇൻകുബേറ്ററുമാണ് ഇവർ നിർമിച്ചത്.
വെള്ളിയാഴ്ച വടക്കേവിള കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ സ്കൂൾകുട്ടികൾക്കായി സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക പ്രോജക്ടുകളുടെ പ്രദർശനത്തിൽ ഇവരുടെ ഇൻകുബേറ്ററിന് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു.
പഠനത്തിനും ജീവിത ചെലവിനും പണം കണ്ടെത്താനാവാത്ത സ്കൂളിലെ കുട്ടികളെ കണ്ടെത്തി പൗൾട്രി ക്ലബ് ഉണ്ടാക്കിയശേഷം രക്ഷാകർത്താക്കൾക്ക് ഇൻകുബേറ്റർ നൽകുകയാണ് പദ്ധതി. അതിലൂടെയുള്ള വരുമാനം കുട്ടികളുടെ പഠനചെലവിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പഞ്ചായത്തുകൾ, കുടുംബശ്രീ എന്നിവർ മുന്നോട്ടുവന്നാൽ കുറഞ്ഞ ചെലവിൽ ഇൻകുബേറ്റർ നിർമിച്ചുനൽകാമെന്ന് ഇൗ വിദ്യാർഥിനികൾ പറയുന്നു.
പത്താം ക്ലാസ് വിദ്യാർഥിനി റാണി ഗോഡ്വിൻ, സഹോദരി എട്ടാം ക്ലാസ് വിദ്യാർഥിനി റിമി ഗോഡ്വിൻ, പത്താം ക്ലാസ് വിദ്യാർഥികളായ ആലിയ, അൽഫോൻസാ ജിജി, സുൽത്താന, സഹദിയ എന്നിവർ ചേർന്നാണ് ഇൻകുബേറ്റർ നിർമിച്ചത്. എൻ.എസ്.എം.ജി.എച്ച്.എസിലെ ശാസ്ത്ര അധ്യാപകൻ ജിഫ്രിന്റെ മേൽനോട്ടത്തിൽ മാസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഇൻകുബേറ്റർ നിർമിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.