എങ്ങും സ്കൂൾ ഒരുക്കം; സ്കൂൾ വിപണിയിൽ തിരക്കോട് തിരക്ക്
text_fieldsകൊല്ലം: സ്കൂൾ ബാഗും പുസ്തകവും നോട്ട്ബുക്കും പേനയും പെൻസിലും, പറ്റുമെങ്കിൽ കുടയും പുതിയതാകണം. വിവിധ ഡിസൈനിലെ ബോക്സും വാട്ടർ ബോട്ടിലും ടിഫിൻ ബോക്സും ഷൂസും കൂടിയായാൽ സന്തോഷം ഡബ്ൾ. കടകളിൽ സ്കൂൾ ഷോപ്പിങ് തിരക്കുമായി ഓടിയെത്തുന്ന കുട്ടിമനസ്സുകളിൽ ആഗ്രഹങ്ങൾ പലതാണ്.
അതിനനുസരിച്ച് പുത്തൻ സ്റ്റോക്കുകൾ നിറച്ച് ആഴ്ചകൾക്ക് മുമ്പേ സജീവമായ വിപണിയിൽ, സ്കൂൾ തുറക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ തിരക്കോട് തിരക്കാണ്. അവസാനവട്ട വാങ്ങലുകൾക്കായി എത്തുന്നവരെ കൊണ്ട് രാവിലെ മുതൽ കടകൾ നിറയുന്നതാണ് സ്ഥിതി.
ട്രോളി ബാഗും എൽ.ഇ.ഡി ചന്തം നിറയുന്ന കുടകളുമൊക്കെ ഡിമാൻഡിൽ നിറയുകയാണ്. കാർട്ടൂൺ കഥാപാത്രങ്ങളുള്ള ബാഗുകൾതന്നെയാണ് കുഞ്ഞു ക്ലാസുകളിലെ കുട്ടികൾക്ക് പ്രിയം. പ്ലാസ്റ്റിക് വാട്ടർബോട്ടിലുകൾക്ക് പ്രിയം കുറഞ്ഞതിനാൽ സ്റ്റീൽ വാട്ടർബോട്ടിലുകൾക്കും ആവശ്യക്കാർ ഏറെയെത്തുന്നു.
കളർ കുടകൾക്കൊപ്പം റെയിൻകോട്ടിനുമുണ്ട് വിൽപനയിൽ ഡിമാൻഡ്. വലിയ ക്ലാസുകളിലെ കുട്ടികൾക്ക് ബ്രാൻഡഡ് ബാഗുകളോടാണ് ഇഷ്ടം. ബുക്കുകൾ 25 രൂപ മുതൽ ലഭ്യമാണ്. സ്കൂൾ സാമഗ്രികൾക്കെല്ലാം ചെറിയതോതിൽ വിലക്കയറ്റമുണ്ടെങ്കിലും മോശമല്ലാതെ തിരക്കോടെയാണ് വിപണിയിൽ കച്ചവടം മുന്നേറുന്നതെന്ന് വ്യാപാരികൾ പറയുന്നു. വിവിധ സർക്കാർ സ്കൂൾ വിപണികളിൽ ഡിസ്കൗണ്ടിൽ വിൽപന കൂടുന്നത് പൊതുവിപണിയിലെ കച്ചവടത്തിനെ ബാധിച്ചിട്ടുമുണ്ട്.
ജില്ലതല പ്രവേശനോത്സവം ചവറയിൽ
ജില്ലതല സ്കൂൾ പ്രവേശനോത്സവം ചവറ ഗവ. എച്ച്.എസ്.എസിൽ നടക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് ജില്ല പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് പ്രസിഡന്റ് പി.കെ. ഗോപൻ അറിയിച്ചു.
എല്ലാ സ്കൂളുകളും ആകർഷകമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കണം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ സർക്കാർ ഹയർ സെക്കൻഡറി, ഹൈസ്കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം ചേർന്നിരുന്നതായും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.