ഇന്ന് കയറാം; അറിവിൻ പടികൾ
text_fieldsപ്രവേശനോത്സവത്തിനെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ വർണകടലാസ് കൊണ്ട് തൊപ്പികൾ ഒരുക്കുന്ന അധ്യാപകർ. കൊല്ലം ഠൗൺ യു.പി.എസിൽനിന്നുള്ള കാഴ്ച്ച
കൊല്ലം: വേനലവധിക്കാലം കഴിഞ്ഞ് വലിയ പാഠങ്ങളുടെ പുതുലോകത്തേക്ക് കടന്നെത്തുന്നവർക്കും ഒന്നാം ക്ലാസിന്റെ പുത്തൻ പടവുകൾ കയറിയെത്തുന്നവർക്കും തിങ്കളാഴ്ച അറിവിന്റെ ലോകത്തേക്ക് പ്രവേശനാഘോഷം.
ആഴ്ചകളായി സ്വന്തമാക്കിയ പുത്തൻ ബാഗും പുസ്തകങ്ങളും ബുക്കുകളും പെൻസിലും പേനയും കുടയും ചോറ്റുപാത്രങ്ങളും വാട്ടർബോട്ടിലുകളും എല്ലാം തൂക്കിയെത്തുന്ന ആയിരക്കണക്കിന് കുരുന്നുകൾക്ക് ഇന്നു മുതൽ വിദ്യാലയം രണ്ടാം വീടാകും. പ്രവേശനോത്സവം കളറാക്കാനുള്ള ഒരുക്കമെല്ലാം സ്കൂളുകളിൽ കഴിഞ്ഞദിവസങ്ങൾ കൊണ്ട് പൂർത്തിയായി.
വിദ്യാലയ മുറ്റത്തെത്തുന്നവർക്ക് മധുരം നൽകിയുള്ള സ്വീകരണമൊരുക്കിയാണ് അധ്യാപകരും അനധ്യാപകരും ‘സീനിയേഴ്സും’ കാത്തിരിക്കുന്നത്. സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലതല ഉദ്ഘാടനം കുമ്മിൾ സർക്കാർ എച്ച്.എസ്.എസിലാണ് നടക്കുന്നത്. മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ ലഹരിക്ക് എതിരെയുള്ള വരയരങ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബി. ഗണേഷ് കുമാർ ‘സഹപാഠിക്ക് ഒരു സ്നേഹവീട്’ പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ അധ്യക്ഷത വഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ്, കലക്ടർ എൻ. ദേവിദാസ്, എം.പിമാരായ എ.എം.ആരിഫ്, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, കോവൂർ കുഞ്ഞുമോൻ, സുജിത് വിജയൻപിള്ള, ജി.എസ്. ജയലാൽ, പി.എസ്. സുപാൽ, പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.