ഒന്നരവർഷത്തെ ഇടവേളക്കുശേഷം സ്കൂളുകൾ ഒരുങ്ങുന്നു; വിദ്യാർഥികളെ വരവേൽക്കാൻ
text_fieldsകൊല്ലം: ഒന്നരവർഷത്തെ ഇടവേളക്കുശേഷം പ്രവർത്തനം പുനരാരംഭിക്കാനുള്ള നിർദേശം വന്നതിന് പിന്നാലെ ജില്ലയിൽ സ്കൂളുകളിലെ ഒരുക്കം തകൃതി. അധ്യാപകരും അനധ്യാപകരും കോവിഡ് വാക്സിൻ സ്വീകരിച്ച് വിദ്യാർഥികളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. സെപ്റ്റംബർ 16നകം ജില്ലയിലെ സ്കൂളുകളിലെ മുഴുവൻ ജീവനക്കാരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിക്കണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്.
കോവിഡ് ഡ്യൂട്ടിയിൽ നിയോഗിച്ചിരുന്നതിനാൽ ഭൂരിഭാഗം അധ്യാപകരും ഇതിനകം വാക്സിനെടുത്തുകഴിഞ്ഞു. അവശേഷിക്കുന്നവർ ജില്ലയിൽ ഒരുക്കുന്ന വാക്സിൻ സൗകര്യം എത്രയും വേഗം പ്രയോജനപ്പെടുത്താനാണ് നിർദേശം. അൺ എയ്ഡഡ് ഉൾപ്പെടെ എൽ.പി മുതൽ ഹൈസ്കൂൾ വരെയുള്ള 951 സ്കൂളുകളാണ് ജില്ലയിലുള്ളത്. 250ഒാളം ഹയർ സെക്കൻഡറി സ്കൂളുകളും.
ഒന്നരവർഷമായി അടച്ചിട്ടിരുന്ന സ്കൂളുകളിൽ ആവശ്യമായ ശുചീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമാണ് ഇപ്പോൾ കൂടുതൽ പ്രധാന്യം നൽകുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എല്ലാ സ്കൂളുകളും കഴിഞ്ഞ ജൂണോടെ തന്നെ നേടിയിരുന്നു. കലക്ടറുടെ നേതൃത്വത്തിൽ ഫിറ്റ്നസ് സംബന്ധിച്ച റിവ്യൂവും നേരത്തെ പൂർത്തിയാക്കിയിരുന്നു.
പുതിയ കെട്ടിടങ്ങളും മറ്റും നിർമിക്കുന്ന സ്ഥലങ്ങളിൽ പകരം സംവിധാനങ്ങൾ ഒരുക്കും. അടച്ചിടൽ കാലയളവിൽ നശിച്ചുപോയ പൂന്തോട്ടങ്ങൾ, പച്ചക്കറിത്തോട്ടങ്ങൾ എന്നിവ വൃത്തിയാക്കി എടുക്കാനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. നികുതിയും ഇൻഷുറൻസുമെല്ലാം മുടങ്ങിക്കിടക്കുന്ന സ്കൂൾ ബസുകൾക്ക് വേണ്ട കാര്യങ്ങൾ ശരിയാക്കാനും വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്താനും സ്കൂൾ തലത്തിൽ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് ബുധനാഴ്ചയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി.എസ്.സി നിയമനത്തിൽ തർക്കം നിലനിൽക്കുന്ന തസ്തികകളിൽ നിയമനം നടക്കാത്തതിനാൽ ചിലയിടങ്ങളിൽ അധ്യാപകർ ഇല്ലാത്ത പ്രശ്നമുണ്ട്. ബാക്കി നിയമന ഉത്തരവ് ലഭിച്ച അധ്യാപകർ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. സ്ഥാനക്കയറ്റത്തിെൻറ കാര്യത്തിൽ തർക്കവും കേസും നിലനിൽക്കുന്നതിനാൽ ഹൈസ്കൂളുകളിൽ ചിലയിടങ്ങളിൽ പ്രഥമാധ്യാപകരുടെ നിയമനം ഇനിയും നടന്നിട്ടില്ല. ഇവിടങ്ങളിൽ പകരം ചുമതലയുള്ള അധ്യാപകരാണ് സ്കൂളുകളെ നയിക്കുന്നത്.
സർക്കാർ തീരുമാനം വരുന്നതനുസരിച്ച് സ്കൂളുകൾ തുറക്കാൻ ജില്ല സജ്ജമാണെന്ന് കൊല്ലം ഡി.ഡി.ഇ സുബിൻ പോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.