പ്രതിഷേധത്തിരയുടെ മുന്നിൽ തീരദേശ പാത നിശ്ചലം
text_fieldsമുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് രൂക്ഷമായ കാലാക്രമണത്തിൽ വീടുകൾ നഷ്ട്ടമായവർ
കൊല്ലം - ഇരവിപുരം റോഡ് ഉപരോധിക്കുന്നുകൊല്ലം: കള്ളത്തിരമാലകൾ കാർന്നെടുത്ത കിടപ്പാടങ്ങളെ നോക്കി നെടുവീർപ്പിടുകയാണ് കൊല്ലത്തിന്റെ തീരജനത. കണ്ണുനീർ പ്രതിഷേധത്തിലേക്ക് വഴിമാറിയതോടെ തീരദേശ പാതയിൽ ഗതാഗതം വഴിമുട്ടി.
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഞായറാഴ്ചയാണ് കൊല്ലം ബീച്ചിന് മീറ്ററുകൾ മാത്രം അകലെ മുണ്ടയ്ക്കൽ വെടിക്കുന്ന് മേഖലകളിൽ കടൽക്ഷോഭം ശക്തമായത്. തിങ്കളാഴ്ചയും വീടുകൾ തകർത്തെറിഞ്ഞുള്ള കടൽകയറ്റത്തിൽ സ്തംഭിക്കുകയായിരുന്നു ഈ മേഖലയിലെ നിവാസികൾ. 100 മീറ്റർ കടന്ന് വീടുകൾ തകർത്ത് കടൽ കയറിയെത്തിയതോടെ പുനരധിവാസത്തിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. തിങ്കളാഴ്ച രാവിലെ മുണ്ടയ്ക്കലിൽ വീടുകൾ തകർന്നതിന് സമീപം തീരദേശ റോഡ് ഉപരോധിച്ചാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്.
വെടിക്കുന്നിൽ മുണ്ടയ്ക്കൽ പാലത്തിലും വനിതകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ വാഹനങ്ങൾ തടഞ്ഞുള്ള പ്രതിഷേധത്തിൽ പങ്കാളികളായി. വീടുകൾ നഷ്ടപ്പെട്ടതിന് പകരമായി വാസസ്ഥലം ആവശ്യപ്പെട്ടും നഷ്ടപരിഹാരവും തൊഴിലും ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. പുനരധിവാസ പാക്കേജ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും കടൽക്ഷോഭത്തിന് പരിഹാരമായി അടിയന്തരമായി പുലിമുട്ടുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു. പ്രതിഷേധിച്ചവരിൽ പലരും ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി പുതിയ വീടിന് അർഹത നേടിയവരാണ്. ഇവർക്ക് ചിലർക്ക് മാത്രമാണ് പദ്ധതിയിൽ കുറച്ച് പണമെങ്കിലും ലഭിച്ചത്.
എന്നാൽ, ഇതുവരെ ഒരു ഗഡുവും കിട്ടാത്തവർ ആണ് ഏറെയും. കൂടാതെ, പദ്ധതിയിൽ അപേക്ഷിക്കാത്ത കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടവരും പ്രതിഷേധമുഖത്തുണ്ടായിരുന്നു. ബസ് ഉൾപ്പെടെ തടഞ്ഞിട്ട പ്രതിഷേധക്കാർ റോഡിൽ കഞ്ഞിവച്ചു. സ്ഥലം സന്ദർശിച്ച സബ് കലക്ടർ മുകുന്ദ് ഠാക്കൂർ കലക്ടറുമായി ചർച്ച നടത്തുന്നതിന് പ്രതിഷേധക്കാരെ ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടറുമായി ചർച്ച നടന്നെങ്കിലും ഫലം കണ്ടില്ല. മുകളിലേക്ക് വിഷയം അവതരിപ്പിക്കാൻ മൂന്ന് ദിവസത്തെ സമയം നൽകണമെന്ന് കലക്ടർ എൻ. ദേവിദാസ് ആവശ്യപ്പെട്ടത് പ്രതിഷേധക്കാർ തള്ളി.
തുടർന്ന്, വൈകിട്ടോടെ അടിയന്തര നടപടി ആവശ്യപ്പെട്ട് ചിന്നക്കടയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ബീച്ചിലേക്കുള്ള പാതയിലെ പ്രധാന ജങ്ഷനായ കൊച്ചുപിലാംമൂട്ടിൽ മൂന്ന് റോഡുകളിൽ ഗതാഗതം തടഞ്ഞ് ഉപരോധസമരം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.