കടൽ പ്രക്ഷുബ്ധം; തീരം ഇടിയുന്നു
text_fieldsകൊല്ലം: തുടർച്ചയായ മഴയ്ക്കൊപ്പം വേലിയേറ്റവുംകൂടി വന്നതോടെ കൊല്ലം തീരമേഖല പ്രക്ഷുബ്ധമായി. ആളും ആരവവും ഒഴിഞ്ഞ തീരത്തിന്റെ മിക്ക ഭാഗവും കടലെടുത്ത നിലയിലാണ്. ശക്തമായ തിരമാലയിൽ തീരമിടിയുകയാണ്. ശേഷിക്കുന്ന ഭാഗത്ത്പ്ലാസ്റ്റിക് മാലിന്യ കൂമ്പാരംമൂലം വൃത്തിഹീനമായ നിലയിലുമാണ്. ആഞ്ഞടിക്കുന്ന തിരകൾ കൊല്ലം ബീച്ചിനെ രണ്ടായി പിളർത്തിയിട്ടുണ്ട്.
വെടിക്കുന്ന് ഭാഗത്താണ് തീരം പിളർന്ന് കടൽ ഇരച്ചു കയറുന്നത്. കടൽക്ഷോഭം തടയാൻ ഈ ഭാഗങ്ങളിൽ ഒരു മാസം മുമ്പ് ജിയോ ബാഗുകൾ നിരത്തിയിരുന്നെങ്കിലും ഇവ മറികടന്നും തിരമാലകൾ കുതിച്ചെത്തുന്നുണ്ട്. ബീച്ചിൽ നിന്നു കൊല്ലം തോട്ടിലേക്ക് റോഡ് മുറിച്ചു കടന്ന് തിരമാലകൾ എത്തുന്നുണ്ട്. ഇവിടെ പൊഴി മുറിഞ്ഞ നിലയിലാണ്. അഞ്ചടി താഴ്ചയിൽ തീരം തോട് പോലെയായിട്ടുണ്ട്.
വർഷങ്ങൾക്കു മുമ്പ് കൂറ്റൻ തിരമാലകളെ തടഞ്ഞുനിറുത്തി തീരം സംരക്ഷിക്കാൻ പാകിയ പാറകൾക്കിടയിലൂടെയാണ് തിരമാലകൾ കൊല്ലം തോട്ടിലേക്കെത്തുന്നത്. മഴയും കടൽക്ഷോഭവും മൂലമുള്ള വെള്ളകെട്ടിൽ ബീച്ചിന് സമീപത്തെ തീരദേശ റോഡും നശിച്ചുതുടങ്ങി.
ഇതിനിടെ അപൂർവമായി ബീച്ചിലെത്തുന്ന സന്ദർശകർ കടലിൽ ഇറങ്ങുന്നത് വലിയ ഭീഷണിയാകുന്നുണ്ട്. അന്യ നാടുകളിൽ നിന്നെത്തുന്നവരാണ് അപകടത്തിൽ പെടുന്നതിലേറെയും. കഴിഞ്ഞ ദിവസം കനത്ത മഴയിൽ കടലിൽ ഇറങ്ങിയ യുവാവിനെ തിരമാലകൾ കവർന്നെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അപകട മുന്നറിയിപ്പ് നൽകിയാലും പലരും ചെവിക്കൊള്ളാറില്ലെന്ന് നാട്ടുകാർ പറയുന്നു.
മുന്നറിയിപ്പുകളും ബീച്ചിൽ മരിച്ചവരുടെ എണ്ണം രേഖപ്പെടുത്തിയ ബോർഡുകളും ഉണ്ടെങ്കിലും ഇതൊക്കെ അവഗണിച്ചാണ് സന്ദർശകർ, ബീച്ചിലെ തിരമാലയിൽ ആർത്തുല്ലസിക്കുന്നത്.
തീരദേശവാസികളുടെ ജീവിതവും ദുരിതത്തിലാണ്. മിക്ക വീടുകളുടെയും സമീപംവരെ തിരമാലകൾ അടിച്ചുകയറുന്ന സ്ഥിതിയാണ്. അതോടൊപ്പം മഴമൂലം റോഡുകളിൽ വെള്ളക്കെട്ടാണ്. ശക്തമായ കടൽക്ഷോഭംമൂലം ബീച്ചിൽ വമ്പൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
യെല്ലോ അലര്‍ട്ട്; ജാഗ്രത കൈവിടരുത്; സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ല കലക്ടര്‍
കൊല്ലം: കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലര്‍ട്ട് നിര്‍ദേശം ലഭിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ല കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. മെയ് 25 വരെ ജില്ലയില്‍ യെല്ലോ അലര്‍ട്ട് ഉള്ളതിനാല്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യുന്നത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും സാധ്യതയൊരുക്കും. മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.
മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ദേശാനുസരണം ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ആവശ്യമെങ്കില്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.
സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. അപകടാവസ്ഥയിലുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റണം. തീരപ്രദേശത്ത് കടലാക്രമണ സാധ്യത കണക്കിലെടുത്ത് അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. മഴ സമയങ്ങളില്‍ ജലാശയങ്ങള്‍ക്ക് സമീപം പോകാനോ ഇറങ്ങാനോ പാടില്ല. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം.
അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. മലയോര മേഖലയിലേക്ക് രാത്രി സഞ്ചാരം ഒഴിവാക്കുക. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.
വൈദ്യതി ലൈനുകള്‍ പൊട്ടി വീണുള്ള അപകട സാധ്യത മുന്നില്‍കണ്ട് ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുംമുമ്പ് വൈദ്യുതി അപകട സാധ്യത ഇല്ലെന്ന് ഉറപ്പാക്കണം. വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയോ മറ്റോ ചെയ്താൽ 1056 നമ്പറില്‍ അറിയിക്കണം.
അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.