അഷ്ടമുടി കറങ്ങി ഒരു വർഷം; സീ അഷ്ടമുടി സൂപ്പർ ഹിറ്റ്
text_fieldsകൊല്ലം: അഷ്ടമുടിയുടെ സൗന്ദര്യം കൺകളിൽ നിറച്ച് ഒരുവർഷം പൂർത്തിയാക്കി ‘സീ അഷ്ടമുടി’. ജലഗതാഗത വകുപ്പിന്റെ അഷ്ടമുടിക്കായൽ വിനോദസഞ്ചാര ബോട്ടായ ‘സീ അഷ്ടമുടി’ സൂപ്പർ ഹിറ്റ് പദവിയാണ് ഇതിനകം സ്വന്തമാക്കിയത്. കൊല്ലത്തിന്റെ കായൽസൗന്ദര്യം നുകരാൻ പതിനായിരങ്ങൾ ഉപയോഗപ്പെടുത്തിയ സർവിസിലൂടെ ഒരു വർഷം കൊണ്ട് നേടിയ വരുമാനം 82 ലക്ഷം രൂപയാണ്. കഴിഞ്ഞവർഷം മാർച്ച് 10ന് ഉദ്ഘാടനം ചെയ്ത സർവിസ് മാർച്ച് 13 മുതലാണ് ആദ്യ ബുക്കിങ് യാത്ര നടത്തിയത്. പിന്നീട് ഇതുവരെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. യാത്രക്കാർ ഇരുൈകയും നീട്ടി ഏറ്റെടുത്തതോടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതും അപൂർവമായി. വിനോദസഞ്ചാരത്തിനെത്തുന്ന കുടുംബങ്ങളും സ്കൂൾ വിദ്യാർഥികളും മുതൽ പൂർവ വിദ്യാർഥി സംഗമങ്ങൾക്ക് വരെ വേദിയായാണ് സീ അഷ്ടമുടി ഇഷ്ടതാരമായത്.
ഇതുവരെ 19560 പേരാണ് സർവിസിൽ യാത്ര നടത്തി അഷ്ടമുടിക്കായൽ സൗന്ദര്യം ആസ്വദിച്ചതെന്ന് സ്റ്റേഷൻ മാസ്റ്റർ വി.എ. സലിം വ്യക്തമാക്കി. രാവിലെ 11.30ന് കൊല്ലം ബോട്ട് ജെട്ടിയിൽ നിന്നാണ് സർവിസ് ആരംഭിക്കുന്നത്. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രം ബോട്ട് ജെട്ടി വഴി കോയിവിളയിലെത്തും. തുടർന്ന് കല്ലടയാറ്റിലൂടെയാണ് യാത്ര. മൺറോതുരുത്ത്, പെരുങ്ങാലം, ഡച്ചുപള്ളി, പെരുമൺ പാലം, കാക്കത്തുരുത്ത്, പ്രാക്കുളം വഴി സാമ്പ്രാണിക്കോടിയിലെത്തും. അവിടെ കായലിലിറങ്ങി സമയം ചെലവഴിക്കാം. വൈകീട്ട് 4.30 ഓടെയാണ് കൊല്ലത്ത് തിരിച്ചെത്തുക. താഴത്തെ നിലയിൽ ഒരാൾക്ക് 400 രൂപയും മുകളിൽ 500 രൂപയുമാണ് നിരക്ക്. കുടുംബശ്രീ സംഘം ഒരുക്കുന്ന ഭക്ഷണം ബോട്ടിൽ ലഭ്യമാണ്. 9400050390 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്ത് സീറ്റ് ഉറപ്പാക്കാം.
സീ കുട്ടനാടിന്റെ മാതൃകയിൽ കൊല്ലത്ത് ബോട്ട് സർവിസ് ആരംഭിക്കാൻ നടപടി സ്വീകരിക്കുമ്പോൾ ഗതാഗതവകുപ്പിനുതന്നെ ആദ്യം ആശങ്കയുണ്ടായിരുന്നു. കുട്ടനാടിനെ അപേക്ഷിച്ച് അഷ്ടമുടിയോരങ്ങളിൽ ആകർഷകമായ ജീവിതക്കാഴ്ചകൾ കുറവാണെന്നതായിരുന്നു പ്രധാന വെല്ലുവിളി. ട്രയൽ റൺ ഉൾപ്പെടെ നടത്തി റൂട്ട് സ്ഥിരപ്പെടുത്തിയാണ് 1.9 കോടിയോളം ചെലവുവന്ന ബോട്ട് അഷ്ടമുടിയിൽ ഓടിച്ചുതുടങ്ങിയത്. എന്നാൽ ആദ്യ ദിനം മുതൽ വൻ കുതിപ്പ് നടത്തിയ സർവിസ് ഈ വരുന്ന അവധിക്കാലത്തും നിറഞ്ഞൊഴുകുന്ന കാഴ്ചയാണ് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.