കുടിവെള്ളം പരിശോധിക്കാൻ ഏഴ് ലാബുകൾ
text_fieldsകൊല്ലം: ജില്ലയിൽ കുടിവെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാൻ ഏഴ് ലാബുകളുമായി ജല അതോറിറ്റി.
എൻ.എ.ബി.എൽ അംഗീകാരവും ഐ.എസ്.ഒ നിലവാരവുമുള്ള ലാബുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തനം ആരംഭിച്ചത്. ജില്ല ലബോറട്ടറി കൊല്ലം ജലഭവനിലാണ് പ്രവർത്തിക്കുന്നത്. മുഖത്തല സബ് ജില്ല ലബോറട്ടറിയും ഇവിടെയുണ്ട്. പുനലൂർ മീനാട് ജൈക്ക വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്‍റ്, ചടയമംഗലം (മടത്തറ), ശാസ്താംകോട്ട, കൊട്ടാരക്കര (വാളകം), ചവറ കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് മറ്റ് അഞ്ച് ലാബുകൾ.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കിണർ വെള്ളത്തിന് ഗുണനിലവാരം കുറവാണെന്ന് ജലജീവൻ മിഷന്‍റെ ഭാഗമായി നടത്തിയ സർവേയിൽ വ്യക്തമായിരുന്നു. പുളിപ്പ് രുചി, ഇരുമ്പ് ചുവ, സൾഫേറ്റ്, നൈട്രേറ്റ്, കോളിഫോം, ഇ-കോളി എന്നിവയുടെ സാന്നിധ്യം വിവിധയിടങ്ങളിൽ കണ്ടെത്തിയിട്ടുള്ളതിനാൽ കുടിവെള്ളത്തിന്‍റെ ഗുണനിലവാരം ഇടക്ക് പരിശോധിക്കുന്നത് അനിവാര്യമാണെന്ന് ജല അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നു. ഈ ലാബുകളിൽ വീടുകളിൽനിന്നുള്ള വെള്ളം പരിശോധിക്കാൻ 850 രൂപയാണ് ഫീസ്. തുക qpay.kwa.kerala.gov.in വഴി അടക്കാനാകും. രണ്ട് ലിറ്റർ വെള്ളവും ഫീസ് അടച്ച രസീതും ലാബിൽ എത്തിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ ഓൺലൈൻ ആയിതന്നെ ഫലം ലഭിക്കും. വെള്ളത്തിന് പ്രശ്നമുണ്ടെന്ന ഫലമാണെങ്കിൽ പരിഹാരമാർഗങ്ങൾ ജല വകുപ്പ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.