കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം ദുരിതമായി അഴുക്കുചാലുകൾ
text_fieldsകൊല്ലം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോടിനു സമാനമായി കൊല്ലം റെയിൽവേ സ്റ്റേഷന് അടിയിലൂടെയും സമീപത്തൂടെയും ഒഴുകുന്ന അഴുക്കുചാലുകളിലും മാലിന്യം നിറയുന്നു. അഷ്ടമുടി കായലിലേക്ക് പതിക്കുന്ന അഴുക്കുചാൽ പലപ്പോഴും അടയുന്ന സ്ഥിതിയാണ്. ഉപാസന ആശുപത്രിയുടെ മുൻവശത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുകൂടി ഒഴുകുന്ന ഓടയിൽ ചാക്കിൽ കെട്ടിയാണ് മാലിന്യം കൊണ്ടിടുന്നത്.
സലഫി ജുമാ മസ്ജിദിനു പിന്നിലൂടെ പോകുന്ന ഈ ഓടയിൽനിന്ന് അസഹനീയ ദുർഗന്ധമാണ് വമിക്കുന്നത്. പുള്ളിക്കട കോളനി ഭാഗത്തേക്ക് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് പോകുന്ന ഓടയും മാലിന്യം നിറഞ്ഞാണ് ഒഴുകുന്നത്. ചില ഘട്ടങ്ങളിൽ ഓടയിൽ മാലിന്യം കുമിയുന്നതുമൂലം കോളനിയിൽ വെള്ളം കയറി ദുരിതത്തിലാകാറുണ്ട്.
കൊല്ലം എഫ്.സി.ഐ ഗോഡൗണിനു സമീപത്തുനിന്ന് തുടങ്ങി ആറ്റിൻകുഴി വഴിയുള്ള തോടാണ് റെയിൽവേ സ്റ്റേഷന് മധ്യഭാഗത്തുകൂടെയുള്ള വലിയ ഓടയിൽ എത്തി അഷ്ടമുടി കായലിൽ പതിക്കുന്നത്. ഈ ഓടയുടെ മുകളിലാണ് റെയിൽവേ സ്റ്റേഷൻ കെട്ടിടമിരിക്കുന്നതും റെയിൽവേലൈൻ കടന്നു പോകുന്നതും. സ്റ്റേഷനും കടന്ന് കുറവൻ പാലം, പുള്ളിക്കട വഴിയാണ് ഓട കായലിലേക്ക് എത്തുന്നത്. സ്റ്റേഷൻ കെട്ടിടവും റെയിൽ പാളവും ഉള്ളതുകൊണ്ടു തന്നെ ഓട ശുചീകരണത്തിന് പരിമിതികളുണ്ട്. ഓട ശുചീകരിക്കാൻ റെയിൽവേ അനുവദിക്കുന്നില്ലന്നാണ് കോർപറേഷന്റെ ന്യായീകരണം.
എന്നാൽ റെയിൽവേ സ്റ്റേഷൻ പരിധിക്ക് പുറത്ത് ഓട ശുചീകരിച്ചാൽ തന്നെ കുറെയൊക്കെ മാലിന്യം നീക്കാനാവുമെന്നും അതുപോലും ചെയ്യാൻ കോർപറേഷൻ അധികൃതർ തയാറാകുന്നില്ലന്നും നാട്ടുകാർ ചൂണ്ടികാട്ടുന്നു. റെയിൽവേ സ്റ്റേഷൻ ആരംഭകാലത്ത് ബ്രിട്ടീഷുകാർ നിർമിച്ചതാണ് ഓട. അന്ന് ഓടക്ക് സമീപം നടപ്പാതയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പല ഭാഗത്തും ശുചീകരണം നടന്നിരുന്നു.
കാൽനൂറ്റാണ്ട് മുമ്പ് ഓടയുടെ വീതികൂട്ടിയപ്പോൾ നടപ്പാത ഇല്ലാതായി. ഇപ്പോൾ പേരിനുപോലും ശുചീകരണം നടക്കാറില്ല. കോർപറേഷൻ- റെയിൽവേ തർക്കവും ഇരുകൂട്ടരുടെയും താല്പര്യമില്ലായയ്മയും മൂലം മഴക്കാലത്ത് പരിസരവാസികളാണ് ബുദ്ധിമുട്ടുന്നത്. ആമയിഴഞ്ചാൻ തോടിനു സമാനമായ ദുരന്തം ഭയപെട്ട് കഴിയുകയാണ് ഇവിടത്തുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.