പീഡനകേസ്: പരാതിക്കാരിയുടെ ഭർത്താവിനെതിരെ കേസ്
text_fieldsകൊല്ലം: കൊല്ലം കോടതിയിലെ ജൂനിയർ അഭിഭാഷകയെ അഡ്വ. ഇ. ഷാനവാസ് ഖാൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ അറസ്റ്റ് വൈകവെ പൊലീസ് പരാതിക്കാരിയുടെ വ്യാജകുറ്റങ്ങളിൽ കേസ് എടുത്തതായി പരാതി.
കഴിഞ്ഞ 24ന് സീൻ മഹസർ തയാറാക്കാൻ പ്രതി ഇ. ഷാനവാസ് ഖാന്റെ വീട്ടിൽ പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ പരാതിക്കാരിക്കൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെയും സാമൂഹിക പ്രവർത്തകരെയും പ്രതികളാക്കി കൊല്ലം വെസ്റ്റ് പൊലീസ് ആണ് കേസ് എടുത്തത്. വീട്ടുകോമ്പൗണ്ടിൽ അതിക്രമിച്ചുകയറി വധഭീഷണി മുഴക്കി എന്ന് കാട്ടി ഇ. ഷാനവാസ് ഖാന്റെ ഭാര്യ നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അതേസമയം, സീൻ മഹസർ എടുത്ത് കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ ഷാനവാസ് ഖാന്റെ മകൻ തനിക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുകയും അസഭ്യവാക്കുകൾ പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി കാട്ടി അതിജീവിത വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ ഇതുവരെ കേസ് എടുത്തിട്ടില്ല.
രണ്ടു മാസം ഗർഭിണിയായ പരാതിക്കാരിയെ ശാരീരിക അവശത കാരണം ഡോക്ടറെ കാണിക്കുന്നതിനായി കൊണ്ടുപോവാൻ തുടങ്ങുമ്പോഴാണ് തെളിവെടുപ്പിന് എത്താൻ പൊലീസ് ആവശ്യപ്പെട്ടതെന്ന് അവർ പറയുന്നു. ഇതനുസരിച്ച് ഭർത്താവുമൊത്ത് ഷാനവാസ് ഖാന്റെ വീട്ടിലെത്തി.
തെളിവെടുപ്പ് പൂർത്തിയാക്കി പുറത്തിറങ്ങിയ തന്നോട് ഷാനവാസ് ഖാന്റെ മകൻ തട്ടിക്കയറുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തന്റെ പരാതിയിൽ കേസ് എടുക്കാതെ ഭർത്താവും റോഡിലുണ്ടായിരുന്ന പൊതുപ്രവർത്തകരും ഷാനവാസ് ഖാന്റെ വീട് അക്രമിച്ചു എന്ന നിലയിൽ കേസ് എടുക്കുകയാണ് പൊലീസ് ചെയ്തതെന്ന് യുവതി പറയുന്നു.
വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് ഷഫീഖ് ചോഴിയക്കോടിനും കണ്ടാലറിയാവുന്ന ആറ് പേർക്കും എതിരെയാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കു വേണ്ടി പരാതിക്കാരെ സമ്മർദ്ധത്തിലാക്കുന്ന തരത്തിൽ കേസ് എടുത്തതാണെന്ന് ചൂണ്ടിക്കാട്ടി വനിത അവകാശ കൂട്ടായ്മ പ്രതിഷേധിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.