ബലാത്സംഗം: പ്രതിക്ക് 10 വർഷം തടവും രണ്ടുലക്ഷം പിഴയും
text_fieldsകൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ നെടുമ്പന ജയന്തി കോളനിയിൽ അശ്വതി ഭവനിൽ ഷാരോണിനെ 10 വർഷം കഠിന തടവിനും രണ്ടുലക്ഷം രൂപ പിഴ നൽകാനും ശിക്ഷിച്ചു. പിഴനൽകിയില്ലെങ്കിൽ ഒരു വർഷം കഠിനതടവ് കൂടി അനുഭവിക്കണം.
കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ല ജഡ്ജി (പോക്സോ) പി. മായാദേവിയാണ് ശിക്ഷ വിധിച്ചത്. പിഴയായി ഒടുക്കുന്ന തുക അതിജീവിതയായ പെൺകുട്ടിക്ക് നൽകാനും ഉത്തരവുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ സോജാ തുളസീധരനും പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജിംമുണ്ടക്കലും ഹാജരായി.
കുണ്ടറ പൊലീസ് കുറ്റപത്രം ഹാജരാക്കിയ കേസ് അന്വേഷിച്ചത് ഇൻസ്പെക്ടർമാരായ എ. ജയകുമാറും, എസ്. മഞ്ജുലാലും പ്രോസിക്യൂഷൻ സഹായിയായ പി.എസ്. ദീപ്തിയുമായിരുന്നു. ഗർഭിണിയായ അതിജീവിതക്ക് ജനിച്ച കുട്ടിയുടെ പിതാവ് പ്രതിതന്നെ എന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവായ ഡി.എൻ.എ പരിശോധനാഫലം പ്രോസിക്യൂഷൻ ഹാജരാക്കി.
കുട്ടിയുടെ ജനന രേഖകളിൽ പിതാവിന്റെ സ്ഥാനത്ത് പ്രതിയുടെ പേര് ഉൾക്കൊള്ളിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം കൊടുക്കാനും ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.