എസ്.എൻ കോളജിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷം; 15 വിദ്യാർഥികൾക്ക് പരിക്ക്
text_fieldsകൊല്ലം: എസ്.എൻ കോളജിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് 15 വിദ്യാർഥികൾക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്നുപേരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.ഐ.എസ്.എഫ് യൂനിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കാണ് മർദനമേറ്റത്. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.
എ.ഐ.എസ്.എഫ് ഇത്തവണ കോളജിൽ യൂനിറ്റ് രൂപവത്കരിക്കുകയും 15 സീറ്റിൽ വിജയിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെ കാമ്പസിലെ മരച്ചുവട്ടിലിരുന്ന എ.ഐ.എസ്.എഫ് പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇരുവിഭാഗവും അസഭ്യം പറഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരുടെ വടിയും കല്ലും കൊണ്ടുള്ള ആക്രമണത്തിലാണ് എ.ഐ.എസ്.എഫ് വിദ്യാർഥികൾക്ക് പരിക്കേറ്റത്.
ചുറ്റുമതിൽ ചാടി വനിത കോളജ് വളപ്പിലൂടെ പുറത്തെത്തിയ വിദ്യാർഥിക്കും പരീക്ഷ എഴുതാനെത്തിയവർക്കും മർദനമേറ്റത്രെ. ചുറ്റുമതിൽ ചാടിക്കടന്ന് ചില വിദ്യാർഥികൾ സി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിൽ അഭയം തേടി. സംഘർഷത്തിനിടെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട വിദ്യാർഥിനിയെ സി.പി.ഐ ജില്ല സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എയും മറ്റ് നേതാക്കളും എത്തിയാണ് മോചിപ്പിച്ചത്. പുറത്തുനിന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി ചേർന്നാണ് ആക്രമണം നടത്തിയതെന്ന് എ.ഐ.എസ്.എഫ് പ്രവർത്തകർ ആരോപിച്ചു.
യൂനിയൻ തെരഞ്ഞെടുപ്പിൽ വർഷങ്ങളായി എസ്.എഫ്.ഐ പ്രതിനിധികൾ മാത്രം നാമനിർദേശം നൽകിയിരുന്ന എസ്.എൻ കോളജിൽ ഇത്തവണ എ.ഐ.എസ്.എഫ് 15 സീറ്റിൽ വിജയിച്ചിരുന്നു. രാവിലെ കോളജിലെത്തിയപ്പോൾ തന്നെ കാമ്പസിൽനിന്ന് പുറത്ത് പോകില്ലെന്ന് എസ്.എഫ്.ഐ ഭിഷണിപ്പെടുത്തിയിരുന്നതായി മർദനമേറ്റ വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.