ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്‍റെ നിർവൃതിയിൽ ഷാജിയും ശ്രുതിയും
text_fieldsചാത്തന്നൂർ: അജ്ഞാതനായ ഒരു മനുഷ്യന്‍റെ ജീവൻ രക്ഷിക്കുന്നതിന് നിമിത്തമായതിന്‍റെ നിർവൃതിയിലാണ് ചാത്തന്നൂർ കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർ സി.ജി. ഷാജിയും വനിത കണ്ടക്ടർ ശ്രുതിയും. ഇവരുടെ ശ്രമത്തിന് ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും അവരുടെ ബുദ്ധിമുട്ടുകൾ അവഗണിച്ച് സഹകരിച്ചപ്പോൾ, ആരോഗ്യ പ്രവർത്തകർ വീണ്ടെടുത്ത് നൽകിയത് ഒരു ജീവനും ജീവിതവും.
സ്വാതന്ത്ര്യദിനത്തിൽ ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. പാരിപ്പള്ളിയിൽനിന്ന് ബൈപാസ് വഴി കരുനാഗപ്പള്ളിയിലേക്ക് സർവിസ് നടത്തുന്ന ചാത്തന്നൂർ ഡിപ്പോയിലെ ഓർഡിനറി സർവിസിലാണ് സംഭവം.
ഈ ബസിലെ സ്ഥിരം കണ്ടക്ടർ അവധിയായതിനാൽ പകരമെത്തിയതാണ് വനിത കണ്ടക്ടർ ശ്രുതി. ബസ് പാരിപ്പള്ളിയിൽനിന്ന് പുറപ്പെട്ടപ്പോൾ കല്ലുവാതുക്കൽ ഇറങ്ങാൻ ടിക്കറ്റെടുത്ത ഒരു യാത്രക്കാരനുമുണ്ടായിരുന്നു.
കല്ലുവാതുക്കൽ കഴിഞ്ഞ് ശീമാട്ടി ജങ്ഷൻ എത്താറായപ്പോഴാണ് കല്ലുവാതുക്കൽ ടിക്കറ്റെടുത്ത യാത്രക്കാരൻ ഇറങ്ങിയില്ലെന്നത് കണ്ടക്ടറുടെ ശ്രദ്ധയിൽപെട്ടത്. അയാൾ ഉറങ്ങുന്ന മട്ടിലായിരുന്നു. സഹയാത്രികരോട് അയാളെ വിളിച്ചുണർത്താൻ നിർദേശിച്ചു. ഉണർത്താൻ ശ്രമിച്ചപ്പോൾ, യാത്രക്കാരൻ ബോധരഹിതനായി നിലത്തേക്ക് വീണു. ഉടൻ ഡ്രൈവറെയും മറ്റ് യാത്രക്കാരെയും വിവരമറിയിച്ചു. ഡ്രൈവർ ഷാജി പിന്നൊന്നും ചിന്തിച്ചില്ല. ബസ് നേരെ തൊട്ടടുത്ത ആശുപത്രിയായ ചാത്തന്നൂർ സി.എച്ച്.സിയിലേക്ക് കുതിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിഷ്ണു ഉദയരാജും ആരോഗ്യപ്രവർത്തകരും സ്ട്രചറുമായി ഉടനെത്തി. ഡോക്ടർ ബസിനുള്ളിൽ കയറി പ്രാഥമിക ചികിത്സ നല്കിയശേഷം ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകളുടെ പരിചരണത്തിനും ചികിത്സക്കും ശേഷമാണ് യാത്രക്കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
കല്ലുവാതുക്കൽ ഇടിയംവിള സ്വദേശിയും കൂലിപ്പണിക്കാരനുമായ അനീഷാണ് (38) ബോധരഹിതനായി വീണത്. ചികിത്സക്കുശേഷം അനീഷിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം ആശുപത്രിയിൽനിന്ന് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.