അപകടമൊളിപ്പിച്ച കിണറുകളെ സൂക്ഷിക്കണം
text_fieldsകൊല്ലം: വേനൽ കത്തുമ്പോൾ കിണറുകൾ വറ്റിവരളുന്ന സ്ഥിതി രൂക്ഷമാകവെ ആഴങ്ങളിൽ മരണം അപ്രതീക്ഷിത പിടിമുറുക്കുന്ന സംഭവങ്ങളും പതിവാകുന്നു. ഒരാഴ്ചക്കുള്ളിൽ ജില്ലയിൽ മൂന്ന് പേർക്കാണ് കിണറാഴങ്ങളിൽ ശ്വാസം കിട്ടാതെ ജീവൻ നഷ്ടമായത്.
കടയ്ക്കലിൽ കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ 25കാരൻ മരിച്ചതാണ് ജില്ലയിൽ ഈ മാസം തുടക്കത്തിൽ തന്നെ നടന്ന ആദ്യ കിണർ ദുരന്തം. കുന്നിക്കോട് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ 61കാരനും ശ്വാസംമുട്ടി മരിച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ശാസ്താംകോട്ടയിൽ കിണറ്റിൽ വീണ വള്ളിപയർ എടുക്കാൻ ഇറങ്ങിയ വയോധികനായ കർഷകനും ജീവശ്വാസം ലഭിക്കാതെ മരിച്ചത്.
കിണറിനുള്ളിൽ വിഷവാതകം ശ്വസിച്ച് തൊഴിലാളികൾ മരിച്ച സംഭവം ഉൾപ്പെടെ കഴിഞ്ഞ വർഷങ്ങളിൽ നിരവധി കിണർ അപകടമരണങ്ങൾക്ക് ജില്ല സാക്ഷ്യംവഹിച്ചിരുന്നു. അപ്പോഴൊക്കെയും നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും ഇപ്പോഴും കിണറുകളിൽ ജീവൻ പൊലിയുന്ന സംഭവങ്ങൾ പതിവാകുകയാണ്.
അപകട സാധ്യത ആലോചിക്കാതെ, മുൻകരുതലില്ലാതെ കിണറുകളിൽ ഇറങ്ങുന്നതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് അഗ്നിരക്ഷാസേന അധികൃതർ ഉൾപ്പെടെ പറയുന്നു. കിണറിനുള്ളിൽ ഓക്സിജൻ സാന്നിധ്യം കുറയുന്നതാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്.
ഇതുകൂടാതെയാണ് വിഷവാതകങ്ങളായ കാർബൺ മോണോക്സൈഡ്, കാർബൺഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈറ്റ്, മീഥൈൻ എന്നിവയുടെ സാന്നിധ്യവും അപകടത്തിലേക്ക് നയിക്കുന്നു. കിണറ്റിൽ ഇറങ്ങുന്നതിന് മുമ്പ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കണം എന്നതുൾപ്പെടെ നിർദേശങ്ങൾ പാലിക്കപ്പെടുന്നതേയില്ല.
മോട്ടോർ ഘടിപ്പിച്ച, വായുസഞ്ചാരം ഇല്ലാത്ത കിണറുകളിൽ ഇറങ്ങുന്നതിന് മുമ്പ് ഓക്സിജൻ സാന്നിധ്യം ഉറപ്പാക്കണമെന്ന പ്രാഥമിക പാഠം ഓർത്താൽ തന്നെ മതിയാകും അപ്രതീക്ഷിത ദുരന്തത്തിൽ നിന്ന് രക്ഷനേടാൻ.
ഇക്കാര്യങ്ങൾ ഓർക്കാം:
- വിഷവാതക സാന്നിധ്യം തിരിച്ചറിയാൻ മെഴുകുതിരിയോ കടലാസോ കത്തിച്ച് കിണറ്റിൽ ഇറക്കുക. തീ കെട്ടുപോകുന്നതിന് താഴേക്ക് ഓക്സിജൻ കുറവായിരിക്കും.
- ഓക്സിജന് ലഭിക്കാന് വെള്ളം കോരി കിണറ്റിലേക്ക് പലതവണ ഒഴിക്കുക. മരച്ചില്ലകൾ മുകളിലേക്കും താഴേക്കും പലതവണ ഇറക്കി കയറ്റാം.
- കിണറ്റിൽ ഇറങ്ങുന്നതിന് മുമ്പ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുക.
- ശരീരത്തിൽ വടംകെട്ടിയിട്ട് വേണം കിണറ്റിൽ ഇറങ്ങേണ്ടത്.
- മുകളിൽനിന്ന് വലിച്ചുകയറ്റാൻ കഴിയുന്ന രീതിയിൽ വേണം വടം ശരീരത്തിൽ കെട്ടേണ്ടത്.
- ശ്വസന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ശീലമാക്കാം.
- കിണറിനുള്ളിൽ ഇറങ്ങിയ ആൾ കുഴഞ്ഞുവീണാൽ മുകളിൽനിന്ന് തുടർച്ചയായി വെള്ളം തളിച്ചുകൊടുത്ത് ഓക്സിജൻ അളവ് വർധിപ്പിക്കാൻ ശ്രമിക്കാം.
- കുഴഞ്ഞുവീണ ആളെ രക്ഷിക്കാൻ ഇറങ്ങുന്നത് സുരക്ഷ മുൻകരുതലുകൾ ഉറപ്പുവരുത്തിയാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.