എസ്.ഐയുടെ ഭാര്യക്ക് വനിത എസ്.ഐയുടെ മര്‍ദനം: ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി
text_fieldsകൊല്ലം: വനിത എസ്.ഐ മര്‍ദിച്ചെന്ന കേസില്‍ എസ്.ഐയുടെ ഭാര്യയുടെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണസംഘം രേഖപ്പെടുത്തി. അഡീഷനല്‍ എസ്.പി എന്‍. ജീജി ആണ് പരവൂര്‍ സ്വദേശി അനഘയുടെ മൊഴിരേഖപ്പെടുത്തിയത്. ഭര്‍ത്താവ് വര്‍ക്കല സ്റ്റേഷന് എസ്.ഐ കൊല്ലം പൂതക്കുളം അമരത്ത്മുക്ക് കളഭംവീട്ടില് അഭിഷേക്, സുഹൃത്ത് കൊല്ലം എസ്.എസ്.ബി വനിത എസ്.ഐ ആശ, അഭിഷേകിന്റെ മാതാവ് അലീസ്, സഹോദരന് അഭിജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ആദ്യം പരവൂര്‍ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തെങ്കിലും പരാതിക്കാരിയുടെ ബന്ധുക്കളുടെ മൊഴിയെടുക്കുകയോ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നൽകുകയോ ചെയ്തിരുന്നില്ല. ഗുരുതര ആരോപണങ്ങൾ ഒഴിവാക്കി, സ്റ്റേഷന് ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമവും ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ആരംഭിച്ചു. ഇതോടെ അനഘയും മാതാപിതാക്കളും സിറ്റി പൊലീസ് കമീഷണര്‍ ചൈത്ര തെരേസ ജോണിനെ നേരില്‍ കണ്ട് അന്വേഷണത്തിലെ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അഭിഷേകുമായുള്ള അടുത്ത സൗഹൃദം വിലക്കിയതിന് ആശ ഭര്‍തൃവീട്ടിൽ എത്തി അഭിഷേകിന്റെ സാന്നിധ്യത്തില്‍ മര്‍ദിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് പരാതി. പൊലീസ് വകുപ്പിലെ സ്വാധീനം ഉപയോഗിച്ച് തന്റെ അച്ഛനെയും അനുജത്തിയെയും കേസില്‍പെടുത്തി ജയിലിനുള്ളിലാക്കുമെന്നും ആശ ഭീഷണിപ്പെടുത്തി. ആശയുമായി അടുപ്പം പുലര്‍ത്തുന്ന ചിത്രങ്ങള്‍ കാണിച്ച് അഭിഷേക് മാനസികമായി പീഡിപ്പിച്ചു.
കൂടുതല്‍ സ്ത്രീധനം ലഭിക്കുമെന്നും ജോലിയുള്ള പെണ്ണിനെ കിട്ടുമെന്നും പറഞ്ഞ് ഭര്‍ത്താവും അമ്മയും സഹോദരനും മാനസികമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. 100 പവന് സ്വര്‍ണാഭരണങ്ങളും ഒരു സ്വിഫ്റ്റ് കാറും വിവാഹസമയത്ത് നൽകിയിരുന്നു. പിന്നീട് വീടുവാങ്ങി നൽകി. ഇതെല്ലാം കടബാധ്യത തീര്‍ക്കാനായി വിറ്റെന്നും 50 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും മൊഴിയിലുണ്ട്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും വരുംദിവസങ്ങളില്‍ അനഘയുടെ മാതാപിതാക്കൾ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. നിലവില്‍ ഉൾപ്പെടുത്തിയിരിക്കുന്ന സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളിൽ മാറ്റമുണ്ടാകുമെന്ന സൂചനയും ക്രൈംബ്രാഞ്ച് സംഘം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.