ആത്മസ്നേഹത്തിന് സ്മൃതിയൊരുക്കി കാനായി
text_fieldsകൊല്ലം: ഒരാത്മാവുപോലെ ചേർന്നുനിന്ന പ്രിയ പിതൃതുല്യന് ലാളിത്യത്തിന്റെ കൃഷ്ണശില പാകി സ്മൃതിമണ്ഡപമൊരുക്കുന്നതിന്റെ തിരക്കിലാണ് ശിൽപി കാനായി കുഞ്ഞിരാമൻ. കലയോടും നാടിനോടുമുള്ള സ്നേഹവും സമർപ്പണവുംകൊണ്ട് കൊല്ലത്തിന്റെ അഭിമാനമായിമാറിയ കെ. രവീന്ദ്രനാഥൻ നായർ എന്ന കൊല്ലംകാരുടെ സ്വന്തം ‘അച്ചാണി രവി മുതലാളി’യുടെ ഓർമകൾക്ക് പ്രിയ സ്നേഹിതൻ ഒരുക്കുന്ന മണ്ഡപം.
കെ. രവീന്ദ്രനാഥൻ നായർ കെട്ടിപ്പടുത്ത കൊല്ലം പബ്ലിക് ലൈബ്രറി അങ്കണത്തിൽ അദേഹത്തിന്റെ ചിതയെരിഞ്ഞ മണ്ണിലാണ് വിയോഗത്തിന്റെ ഒന്നാം വാർഷികത്തിൽ കാനായി കുഞ്ഞിരാമന്റെ മേൽനോട്ടത്തിൽ സ്മൃതി മണ്ഡപം നിർമിക്കുന്നത്. ജീവിതത്തിലുടനീളം ലാളിത്യം പുലർത്തിയ കെ. രവീന്ദ്രനാഥൻ നായർക്ക് ഓർമയൊരുക്കുന്നതും അതീവ ലളിതമാകണമെന്ന നിർബന്ധ ബുദ്ധിയോടെയാണ് കാനായി സ്മൃതിമണ്ഡപം രൂപകൽപന ചെയ്തിരിക്കുന്നത്.
സംസ്കാരം നടത്തിയ സ്ഥലത്ത് ആറടി നീളത്തിൽ കൃഷ്ണശിലപാകും. ഇതിനുള്ള കൃഷ്ണശില മൈസൂരുവിൽ നിന്ന് അടുത്ത ദിവസം തന്നെ എത്തും. നാലുചുറ്റും തിട്ടകെട്ടി കറുത്ത ടൈലുകൾ പാകി ഏറ്റവും ലളിതമായി ആണ് മണ്ഡപം ഒരുക്കുന്നത്. ഒരുതരത്തിലുള്ള അലങ്കാരവും ഇല്ല. വിയോഗം ബാക്കിയാക്കിയ വേദന ആ തളത്തിൽ നിറഞ്ഞുനിൽക്കണമെന്നാണ് കാനായിയുടെ പക്ഷം. കൂടാതെ ലാളിത്യം ജീവിതവൃതമാക്കിയ മനുഷ്യന് അലങ്കാരത്തിന്റെ അകമ്പടി ഒരിക്കലും ആവശ്യമില്ല എന്നുള്ള ഓർമപ്പെടുത്തലും. രാപ്പകലില്ലാതെ നിർമാണം പുരോഗമിക്കുകയാണ്.
ഏഴിന് പൂർത്തിയാക്കുകയാണ് ലക്ഷ്യം. കെ. രവീന്ദ്രനാഥൻ നായരുടെ ഒന്നാം ചരമ വാർഷികത്തിന് മുമ്പ് ലൈബ്രറി മുറ്റത്ത് സ്മൃതി മണ്ഡപം ഒരുക്കണമെന്ന പബ്ലിക് ലൈബ്രറി മാനേജ്മെന്റ് കമ്മിറ്റിയുടെ നിർദേശത്തിന് അദേഹത്തിന്റെ കുടുംബം ആണ് വഴിയൊരുക്കുന്നത്. ഭാവിയിൽ കെ. രവീന്ദ്രനാഥൻ നായരുടെ അർധകായ പ്രതിമ ഉൾപ്പെടെ ഇവിടെ സ്ഥാപിക്കാനുള്ള ആഗ്രഹവും കാനായി പങ്കുവക്കുന്നു. ജൂലൈ എട്ടിന് കെ. രവീന്ദ്രനാഥൻ നായരുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ വൈകിട്ട് നാലിന് മന്ത്രി കെ.എൻ. ബാലഗോപാൽ അനുസ്മരണയോഗവും സ്മൃതി മണ്ഡപവും ഉദ്ഘാടനം ചെയ്യും. രാവിലെ മുതൽ പുഷ്പാഞ്ജലി അർപ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.