നോക്കുകുത്തിയായി സൗരോർജ വേലികള്‍; വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്ക്
text_fieldsകുളത്തൂപ്പുഴ: കിഴക്കന്മലയോരത്തെ ജനവാസമേഖലക്ക് ചുറ്റുമായി ലക്ഷങ്ങള്‍ മുടക്കി വനം വകുപ്പ് സ്ഥാപിച്ച സൗരോർജ വേലികള്‍ പ്രവര്‍ത്തിക്കാതായതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നെത്തുന്നത് പതിവാകുന്നു. കാട്ടാനെയയും കാട്ടുപോത്തിെനയും ജനവാസമേഖലയിൽ നിന്ന് തുരത്താനായാണ് വനംവകുപ്പ് പദ്ധതി നടപ്പാക്കിയത്. സോളാർ പാനലിൽ നിന്ന് കമ്പിവേലികളിലൂടെ വൈദ്യുതി കടത്തിവിട്ട് കാട്ടുമൃഗങ്ങളെ അകറ്റുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
കുളത്തൂപ്പുഴ പഞ്ചായത്തില്‍ പെരുവഴിക്കാല, കുളമ്പി, രണ്ടാംമൈല്‍, വില്ലുമല, വട്ടക്കരിക്കം തുടങ്ങിയ ആദിവാസി കോളനികള്‍ക്കും അമ്പതേക്കര്‍, ഡീസെന്റുമുക്ക്, മരുതിമൂട്, കെ.എല്‍.ഡി ബോര്‍ഡ്, കല്ലുവെട്ടാംകുഴി, മൈലമൂട്, മാത്രക്കരിക്കം തുടങ്ങിയ ജനവാസമേഖലകള്‍ക്കും ചുറ്റുമായി കിലോമീറ്ററുകളോളം ദൂരത്താണ് സൗരോർജ വേലികെട്ടി സംരക്ഷണമൊരുക്കിയത്. എന്നാല്‍, കമ്പിവേലിയിലേക്ക് വൈദ്യുതി എത്തിക്കുന്ന സൗരോർജ പാനലിന്റെയും ബാറ്ററി സംവിധാനത്തിന്റെയും ഗുണനിലവാരമില്ലായ്മ കാരണം മാസങ്ങള്‍ക്കുള്ളില്‍ ഇവ നോക്കുകുത്തിയായി. വേലികമ്പികളില് പടര്‍ന്ന വള്ളിച്ചെടികളും പടര്‍പ്പുകളും നീക്കം ചെയ്യാനും ബാറ്ററി സംരക്ഷിക്കുന്നതിനും വനം വകുപ്പ് യാതൊരുവിധ നടപടികളുമെടുത്തില്ല.
വേനല്‍കാലത്ത് വനം വകുപ്പ് താൽക്കാലികമായി നിയോഗിച്ചിട്ടുള്ള ഫയര്‍ വാച്ചര്‍മാര്‍ക്കാണ് ഇവയുടെ സംരക്ഷണ ചുമതല നല്‍കിയിരുന്നത്. സാങ്കേതിക പരിചയമില്ലാത്തതിനാല്‍ പലയിടത്തെയും ബാറ്ററി സംവിധാനങ്ങള്‍ കേടായിട്ടുപോലും തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല.
വേലി മറികടന്ന് കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് എത്തുന്നത് പതിവായതോടെയാണ് സൗരോര്‍ജ വേലിയില്‍ വൈദ്യുതി എത്തുന്നില്ലെന്ന വിവരം മനസ്സിലാകുന്നത്. ശേഷം ചില സ്ഥലങ്ങളില്‍ ബാറ്ററി മാറ്റിസ്ഥാപിച്ചെങ്കിലും കമ്പിവേലികളില്‍ വള്ളിച്ചെടികളും പടര്‍പ്പുകളും നീക്കിയില്ല.
സൗരോർജവേലിക്ക് കരാറുണ്ടാക്കിയപ്പോള്‍ ഇവയുടെ സംരക്ഷണം സംബന്ധിച്ച് പദ്ധതികൾ ഉണ്ടാക്കാതിരുന്നത് ആണ് പദ്ധതി പരാജയപ്പെടാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പദ്ധതി നടപ്പാക്കിയതിൽ അഴിമതി നടന്നതായും സംശയിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ നിന്നും കാട്ടാനക്കൂട്ടങ്ങള്‍ പുഴ കടന്ന് കുളത്തൂപ്പുഴ ടൗണിനുസമീപം വരെയെത്തുകയും വ്യാപകമായി കൃഷിനാശം വരുത്തുകയും ചെയ്തതോടെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മരുതിമൂട് സ്വദേശിയായ മധ്യവയസ്കനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയും പകല്‍ സമയത്ത് പോലും ആദിവാസി കോളനിയിലേക്കടക്കമുള്ള വനപാതകളില്‍ കാട്ടാനയെ ഭയന്ന് വഴിനടക്കാനാവാത്ത അവസ്ഥയുണ്ടാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.