സൈനികനും സഹോദരനും പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ സംഭവം; ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ റദ്ദാക്കി, പിന്നീട് തിരുത്തി
text_fieldsകൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും മർദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ റദ്ദാക്കിയത് ഒരുദിവസത്തിനുശേഷം പിൻവലിച്ചു.. മുൻ കിളികൊല്ലൂർ ഇൻസ്പെക്ടർ കെ.വിനോദ്, എസ്.ഐ അനീഷ്, സ്റ്റേഷൻ റൈറ്റർ പ്രകാശ് ചന്ദ്രൻ, സി.പി.ഒ മണികണ്ഠൻ എന്നിവരുടെ സസ്പെൻഷൻ റദ്ദാക്കി ഡിസംബർ 31നാണ് ഉത്തരവിറങ്ങിയത്. ജനുവരി ഒന്നിന് ഉത്തരവ് പിൻവലിച്ചു.
സി.പി.എം നേതാക്കളുടെ ഇടപെടലിലാണ് സസ്പെൻഷൻ റദ്ദാക്കിയതും പിന്നീട് തിരുത്തിയതെന്നുമാണ് അറിയുന്നത്. ഉദ്യോഗസ്ഥർ സി.പി.എമ്മിലെ പ്രമുഖ നേതാക്കളെ കണ്ടതോടെ അവർ ഇടപെട്ടാണ് സസ്പെൻഷൻ പിൻവലിപ്പിച്ചത്. ഇതിനെതിരെ പാർട്ടിയിലെ തന്നെ മുതിർന്ന നേതാക്കളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് റദ്ദാക്കുകയായിരുന്നു.
കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാർ മുഖേന യുവാക്കളെ നിരന്തരം സമീപിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ സി.പി.എം നേതാക്കളെ സമീപിച്ചത്. സംഭവത്തിൽ എ.ഡി.ജി.പിയുടെ ഉത്തരവ് പ്രകാരമുള്ള ഡി.സി.ആർ.ബി എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ഇഴയുകയാണ്. സംഭവം വിവാദമായതോടെ കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
യുവാവിനെ ജാമ്യത്തിലിറക്കുന്നതുമായി ബന്ധപ്പെട്ടാണ് സൈനികൻ വിഷ്ണുവിനും സഹോദരൻ വിഘ്നേഷിനും പൊലീസ് മർദനമേറ്റത്. കിളികൊല്ലൂർ സ്റ്റേഷനിലെ പൊലീസുകാരനാണ് പ്രതിക്ക് ജാമ്യമെടുക്കാൻ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സ്റ്റേഷനിലെത്തിയപ്പോൾ എം.ഡി.എം.എ കേസിലെ പ്രതിക്കാണെന്ന് അറിഞ്ഞതോടെ ജാമ്യം നിൽക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങുമ്പോഴാണ് മർദനം.
പൊലീസിനെ ആക്രമിച്ചെന്ന രീതിയിൽ ഉദ്യോഗസ്ഥരുടെ ആരോപണം പിന്നീട് പൊളിയുകയായിരുന്നു. മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ഇടപെടലിലൂടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നത്. സ്പെഷൽ ബ്രാഞ്ചും ക്രൈംബ്രാഞ്ചും സ്റ്റേഷനിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെട്ടപ്പോഴും സ്റ്റേഷനിൽ ആരാണ് മർദിച്ചതെന്ന് അറിയില്ലെന്ന വിചിത്രമായ റിപ്പോർട്ടാണ് പൊലീസ് നൽകിയത്. ഇരുവരെയും മർദിച്ചെന്ന് പ്രൊബേഷൻ എസ്.ഐ മജിസ്ട്രേറ്റിന് നൽകിയ മൊഴിപോലും പരിഗണിക്കാതെയാണ് റിപ്പോർട്ട് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.