പ്രത്യേക തപാൽ ബാലറ്റിൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന്
text_fieldsകൊല്ലം: പ്രത്യേക തപാൽ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം. മുതിർന്ന പൗരന്മാർ, ഭിന്നശേഷിയിൽപെട്ടവർ, ക്വാറൻറീനിൽ കഴിയുന്നവർ എന്നിവർക്കാണ് സമ്മതിദാനം രേഖപ്പെടുത്താൻ പ്രത്യേക തപാൽ ബാലറ്റ്. ഉദ്യോഗസ്ഥസംഘം വോട്ടർമാരുടെ വീട്ടിലെത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. വോട്ടർമാരുടെ വീട്ടിലേക്ക് പോകുന്നതിനുമുമ്പ് രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളെ അറിയിക്കണമെന്നത് പാലിക്കപ്പെടുന്നില്ല. വോട്ടർമാരെയും മുൻകൂട്ടി സമയം അറിയിക്കണമെന്ന നിർദേശമുണ്ടെങ്കിലും അറിയിക്കാതെയാണ് ഉദ്യോഗസ്ഥസംഘം വീടുകളിലെത്തുന്നതെന്നും ആക്ഷേപമുണ്ട്. പ്രത്യേക തപാൽ ബാലറ്റുമായി എത്തുന്ന ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചുള്ള കത്ത് നൽകിയതൊഴിച്ചാൽ പ്രത്യേക തിരിച്ചറിയൽ കാർഡൊന്നും നൽകിയിട്ടില്ല. ആർക്കുവേണമെങ്കിലും സംഘത്തിൽ ചേരാവുന്ന സ്ഥിതിയുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
പ്രത്യേക തപാൽ ബാലറ്റുമായി വീട്ടിലേക്ക് പോകുമ്പോൾ വോട്ട് രേഖപ്പെടുത്തുന്നത് ഒഴികെ വിഡിയോയിൽ രേഖപ്പെടുത്തണമെന്നുണ്ട്. വീട്ടിനകത്തേക്ക് കയറിയാൽ ചിത്രീകരണം നിർത്തും. വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ശേഷം ബാലറ്റ് കവറിലിട്ട് തിരികെ നൽകും. വോട്ടറുടെ മുന്നിൽവെച്ച് കവർ ഒട്ടിച്ച് മറ്റൊരു കവറിലേക്ക് മാറ്റും. മിക്കയിടത്തും രണ്ടാമത്തെ കവർ ഒട്ടിക്കുന്നില്ലെന്നും പരാതിയുണ്ട്. കൂടാതെ ബാലറ്റുകളെല്ലാം സഞ്ചിയിലിട്ടാണ് ഉദ്യോഗസ്ഥർ കൊണ്ടുനടക്കുന്നത്. ഇതും ക്രമക്കെടിനു വഴിയൊരുക്കുമെന്നും പരാതിയുണ്ട്. ഓരോ ദിവസവും നിശ്ചിത എണ്ണം പ്രത്യേക ബാലറ്റാണ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. വൈകുന്നേരം എത്ര പേർ വോട്ട് ചെയ്തു എന്ന കണക്കിനൊപ്പം ബാക്കിയുള്ള ബാലറ്റുകൾ തിരികെ വാങ്ങാറില്ല.
സാധാരണ വോട്ടെടുപ്പ് നടക്കുമ്പോൾ വോട്ടർമാരെ ബൂത്തിനുള്ളിലെ ഏജൻറുമാർക്ക് സാക്ഷ്യപ്പെടുത്താനുള്ള അവസരമുണ്ട്. അത്തരത്തിലുള്ള നടപടിക്രമങ്ങളും സുതാര്യതയും തപാൽ ബാലറ്റിലൂടെ വോട്ട് ചെയ്യിക്കുന്നതിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സുരക്ഷക്കായി എത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ വോട്ടർമാരെ സ്വാധീനിക്കാൻ ഇടപെടുന്നതായും ആക്ഷേപമുണ്ട്. പ്രത്യേക തപാൽ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പിൽ മാനദണ്ഡം പാലിക്കുന്നില്ലെന്ന പരാതിയുമായി യു.ഡി.എഫിെൻറ വിവിധ മണ്ഡലം കമ്മിറ്റികൾ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.