സൂനാമി കോളനികൾക്കായി പ്രത്യേക പദ്ധതി; മാലിന്യമുക്തമാക്കും
text_fieldsകൊല്ലം: ജില്ലയിലെ സൂനാമി കോളനികളിലെ ഡ്രെയിനേജ്, ഖര-മാലിന്യ സംസ്കരണം, ശൗച്യാലയ സൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് കോളനി അടിസ്ഥാനത്തില്‍ പ്രത്യേക പദ്ധതി രൂപവത്കരിച്ചതായി ദിശ (ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് ആൻഡ് കോഓഡിനേഷന്‍ കമ്മിറ്റി) ചെയര്മാന് കൂടിയായ എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു. സ്വച്ഛ് ഭാരത് മിഷന്, ഹൗസിങ് ബോര്‍ഡ്, തദ്ദേശ സ്ഥാപനങ്ങള്‍, റവന്യൂ വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്നാണ് സൂനാമി കോളനികളെ മാലിന്യമുക്തമാക്കുന്നതിനുള്ള സമഗ്രപദ്ധതിക്ക് രൂപം നല്‍കിയത്. സ്വച്ഛ്ഭാരത് മിഷന് പദ്ധതിയില്‍നിന്ന് ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കാനും യോഗത്തില്‍ ധാരണയായതായി എം.പി അറിയിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച അച്ചന്‍കോവില്‍ സാമൂഹികാരോഗ്യ കേന്ദ്രവും, ജില്ല ആശുപത്രിയില്‍ നിർമാണം പൂര്‍ത്തിയായ ബേണ്‍സ് യൂനിറ്റിെൻറയും പ്രവര്‍ത്തനം ഉടൻ ആരംഭിക്കണമെന്നും യോഗം തീരുമാനിച്ചു.
കോവിഡ് ബ്രിഗേഡില്‍ സേവനം നടത്തിയിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് മൂന്നാംതരംഗത്തിെൻറ ഭാഗമായി നടന്ന നിയമനങ്ങളില്‍ ദിശായോഗ തീരുമാനപ്രകാരം മുന്‍ഗണന നല്‍കിയതായി യോഗം വിലയിരുത്തി.
പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ അനുവദിച്ച 18 റോഡുകളുടെയും ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണം. ആവര്‍ത്തിച്ച് ടെൻഡര്‍ ചെയ്തിട്ടും കരാര്‍ ഏറ്റെടുക്കാത്ത പ്രവര്‍ത്തികള്‍ ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് ജയദേവി മോഹന്‍, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി, ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കമീഷണര്‍ ആസിഫ് കെ. യൂസഫ്, ദിശ കണ്‍വീനര്‍ ആൻഡ് പ്രോജക്ട് ഡയറക്ടര്‍ ടി.കെ. സയൂജ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.