സിന്തറ്റിക് ട്രാക്ക്, ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണം കാത്ത് കായികപ്രേമികൾ
text_fieldsകൊല്ലം: ജില്ലയിലെ കായികപ്രേമികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകുന്ന രണ്ട് പദ്ധതികളാണ് ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നിർമാണവും ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണവും. രണ്ടും അവസാനഘട്ടത്തിലാണ്. ജില്ലയിലെ കായികമേഖലയുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ഇവ. ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്കാണ് ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. സംസ്ഥാന, ദേശീയ മത്സരങ്ങളും മീറ്റുകളും നടത്താൻ കഴിയുന്ന രീതിയിലാണ് നിർമാണം. ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ട്രാക്കിന്റെ കോൺക്രീറ്റിങ്ങും ഓടനിർമാണവുമാണ് പൂർത്തിയായത്. ടാറിടലടക്കം ബാക്കിയുണ്ട്.
അനുബന്ധിച്ചുതയാറാക്കേണ്ട പരിശീലന ട്രാക്കുകളുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ദേശീയ മത്സരങ്ങൾക്ക് വേദിയാകണമെങ്കിൽ ട്രാക്കിന് സമീപത്തായി 70 മീറ്റർ നീളമുള്ള രണ്ട് പരിശീലന ട്രാക്കുകൾ കൂടി പൂർത്തിയാക്കണം.
കരാറിൽ ഉൾപ്പെടാത്തതിനാൽ ഇപ്പോൾ പരിശീലന ട്രാക്കുകൾ നിർമിക്കുന്നില്ല. എന്നാൽ, ഇത് നിർബന്ധമല്ലെന്നും സ്റ്റേഡിയത്തിലെ മറ്റ് സൗകര്യങ്ങൾക്കായി അനുവദിച്ച തുകയിൽ നിന്നോ മറ്റോ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. 400 മീറ്ററിൽ എട്ട് ലൈൻ സിന്തറ്റിക് ട്രാക്കാണ് ഒരുങ്ങുന്നത്. മഴ മാറിനിന്നാലേ നിർമാണപ്രവർത്തനം പൂർത്തിയാക്കാനാവൂ. ഇതിനുശേഷം ഫ്ലഡ് ലൈറ്റ് സ്ഥാപിക്കുന്നത് ഉൾപ്പെടെ പ്രവൃത്തികൾ ആരംഭിക്കും. തുടർച്ചയായുള്ള മഴ നിർമാണജോലികൾക്ക് വെല്ലുവിളിയാകുന്നു.
2023 ജൂണിൽ ആരംഭിച്ച സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നിർമാണത്തിന് അഞ്ചുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കോർപറേഷന്റെ നേതൃത്വത്തിൽ ഗാലറിയുടെയും പവിലിയന്റെയും അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടക്കുന്നുണ്ട്. സ്റ്റേഡിയം അടച്ചിട്ടതോടെ കാടുപിടിച്ച് ഇഴജന്തുക്കൾ പെരുകിയെന്ന് പരാതിയുയർന്നിരുന്നു. കന്റോൺമെന്റ് മൈതാത്തെ ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. 2021 ഫെബ്രുവരിയിലാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. തറയുടെ നിർമാണം പൂർത്തിയായി. മാപ്പിൾവുഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമാണം.
ഡിസംബറോടെ പണി പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. 2500 പേർക്ക് ഇരിക്കാവുന്ന ഗാലറിയും ഒരുങ്ങിക്കഴിഞ്ഞു. ഓരോ ഇനത്തിനും ഒന്നിലധികം കോർട്ടുകളാണുള്ളത്. കാണികൾക്കായി 12 ടോയ്ലറ്റ് ബ്ലോക്കുകളുണ്ട്. കളിക്കാർക്കായി രണ്ട് ബാത്ത് റൂം ഉൾപ്പെടെ ഒരുങ്ങുന്നുണ്ട്. കൂടാതെ മെഡിക്കൽ, മീഡിയ റൂമുകളുമുണ്ട്. 25 മീറ്റർ വീതിയിലും 12 മീറ്റർ നീളത്തിലുമായി നിർമിച്ച നീന്തൽക്കുളത്തിന്റെ നവീകരണവും അവസാനഘട്ടത്തിലാണ്. കിഫ്ബി ഫണ്ടുപയോഗിച്ച് കിറ്റ്കോക്കാണ് നിർമാണചുമതല. 33.90 കോടിയാണ് സ്റ്റേഡിയത്തിന് മാത്രമായി ചെലവ് കണക്കാക്കിയിരിക്കുന്നത്. ബാഡ്മിന്റൺ, വോളിബാൾ, ബാസ്കറ്റ്ബാൾ, ടേബിൾ ടെന്നിസ് തുടങ്ങി 23 ഓളം ഇനം മത്സരങ്ങളാകും നടക്കുകയെന്ന് അധികൃതർ പറഞ്ഞു.
ജില്ല സ്കൂൾ കായികമേളക്ക് ഇത്തവണയും സിന്തറ്റിക് ട്രാക്കില്ല
ഇത്തവണയും സിന്തറ്റിക് ട്രാക്കിൽ ഓടിപ്പഠിക്കാതെയും മത്സരിക്കാതെയും ജില്ലയിലെ കുട്ടികൾ സംസ്ഥാന സ്കൂൾ കായികമേളക്ക് ഇറങ്ങേണ്ടിവരും. സംസ്ഥാനത്ത് സിന്തറ്റിക് ട്രാക്ക് ഇല്ലാത്ത അപൂർവം ജില്ലകളിലൊന്നാണ് കൊല്ലം. കായികപ്രതിഭകൾ എല്ലാവർഷവും ജില്ല സ്കൂൾ കായികമേളയിൽ ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ കൽക്കരി നിറഞ്ഞ ‘സിന്തർ’ ട്രാക്കിലാണ് മത്സരിച്ചിരുന്നത്. ആവശ്യം വർഷങ്ങൾ പഴകിയപ്പോഴാണ് കഴിഞ്ഞവർഷം യാഥാർഥ്യമാകാൻ വഴിതുറന്നത്. ട്രാക്ക് നിർമാണം തുടങ്ങിയതിനാൽ കഴിഞ്ഞവർഷം ജില്ല സ്കൂൾ കായികമേള ഇവിടെ നടത്താനായില്ല. പകരം കല്ലുവാതുക്കലിൽ ചരൽ നിറഞ്ഞ സ്കൂൾ ഗ്രൗണ്ടിലായിരുന്നു പോരാട്ടം. ട്രാക്ക് നിർമാണം പൂർത്തിയായി ഇത്തവണയെങ്കിലും സിന്തറ്റിക്കിൽ മത്സരം നടത്താൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഈ വർഷാവസാനമേ നിർമാണം പൂർത്തിയാകൂവെന്നതാണ് സ്ഥിതി. അങ്ങനെയെങ്കിൽ ഒക്ടോബറിലെ ഇത്തവണത്തെ കായികമേളക്കും മറ്റ് വേദികൾ തേടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.