ഓട്ടോറിക്ഷക്കുള്ളിലെ ദുരിതജീവിതത്തിൽനിന്ന് ശ്രീകുമാറിന് മോചനം
text_fieldsകൊല്ലം: ഓട്ടോ വാസസ്ഥലമാക്കി അതിനുള്ളിൽ ദുരിതജീവിതം നയിച്ചിരുന്ന അർബുദബാധിതന് ദുരിതജീവിതത്തിൽ നിന്ന് മോചനം. കൊല്ലം തിരുമുല്ലവാരം കല്ലുംപുറം സ്വദേശി ശ്രീകുമാറാണ് വായിൽ അർബുദം ബാധിച്ച് ഭക്ഷണം കഴിക്കാൻപോലുമാകാതെ മുളങ്കാടകം മനയിൽകുളങ്ങര വനിതാ ഐ.ടി.ഐ ക്ക് സമീപം ഉപജീവനമാർഗമായ ഓട്ടോയിൽ ജീവിതം കഴിച്ചുകൂട്ടിയത്. മൂന്നുവർഷങ്ങൾക്കുമുമ്പ് ഭാര്യ വീടും വിറ്റ് മക്കളെയുംകൂട്ടി എങ്ങോട്ടോ പോയി. അന്നുമുതൽ ഓട്ടോയിൽ തന്നെയായിരുന്നു ജീവിതം. കുറച്ചുമാസംമുമ്പ് വായിൽ അർബുദബാധിതനാകുകയും ഭക്ഷണം കഴിക്കാൻ പറ്റാതാവുകയും ചെയ്തു.
ചികിത്സക്കായി ആർ.സി.സിയിൽ പോയെങ്കിലും കൂടെ നിൽക്കാൻ ആരുമില്ലാതെ വീണ്ടും ഓട്ടോയിൽതന്നെ കഴിയുകയായിരുന്നു. ഉപയോഗിക്കാതായതോടെ വാഹനവും നശിച്ചു. എവിടെ നിന്നോ കിട്ടിയ ടാർപോളിൻകൊണ്ട് ഓട്ടോ മൂടിയശേഷം വാഹനത്തിൽതന്നെ കിടപ്പായി. സമീപവാസികൾ നൽകുന്ന ചായയോ വെള്ളമോ മാത്രം കുടിച്ചായിരുന്നു ജീവിതം.
വായിലൂടെ വെള്ളം കുടിക്കുമ്പോൾ മൂക്കിലൂടെ വെള്ളം തിരികെ വരും. സഹോദരൻ വിളിച്ചറിയിച്ചതിനെ തുടർന്ന് ജീവകാരുണ്യപ്രവർത്തകൻ ശക്തികുളങ്ങര ഗണേഷും സുഹൃത്ത് ശ്യാമും എത്തി സംഭവം സാമൂഹികനീതിവകുപ്പിനെ അറിയിച്ചു. അവസ്ഥ മനസ്സിലാക്കിയ സാമൂഹികനീതിവകുപ്പ് ഉടൻതന്നെ ഇദ്ദേഹത്തെ സംരക്ഷിക്കാനും തുടർചികിൽത്സക്കുമായി കണ്ണകി ശാന്തിതീരം എന്ന വയോജന കേന്ദ്രത്തിൽ എത്തിക്കാൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.