ശ്രീനാരായണഗുരു ഓപൺ സർവകലാശാല ബജറ്റ് അവതരിപ്പിച്ചു; ലക്ഷ്യം ആഗോള സർവകലാശാല
text_fieldsകൊല്ലം: വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണത്തിനൊപ്പം ആധുനികവത്കരണത്തിലധിഷ്ഠിതമായ നൂനത പാഠ്യവിഷയങ്ങൾ അവതരിപ്പിച്ചും ആഗോള സർവകലാശാല തലത്തിലേക്കുയരുന്ന സ്വപ്നം പങ്കുവെച്ച് ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ നാലാമത് ബജറ്റ്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ലോകമെങ്ങും ലഭ്യമാകുന്ന അക്കാദമിക പ്രക്രിയ സാധ്യമാക്കി മികച്ച ഗ്ലോബൽ സർവകലാശാലകളിലൊന്നായി മാറുകയെന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് സ്റ്റാൻഡിങ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ബിജു കെ. മാത്യു അവതരിപ്പിച്ച ബജറ്റിൽ പറയുന്നു.
89.27 കോടി വരവും 100.63 കോടി ചെലവും 11.35 കോടി കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സാമൂഹിക പ്രതിബദ്ധതയിലൂന്നി, ലോക ശ്രദ്ധയാകർഷിക്കുന്നവിധത്തിലുള്ള പദ്ധതികളാകും പ്രധാന പ്രവർത്തനങ്ങളെന്ന് പ്രഖ്യാപിച്ചാണ് വിവിധ പദ്ധതികൾ സർവകലാശാല മുന്നോട്ടുവെക്കുന്നത്.
നിലവിൽ 28 യു.ജി, പി.ജി പ്രോഗ്രാമുകളിലാണ് യു.ജി.സി അംഗീകാരമുള്ളത്. ഇവയിൽ 22 എണ്ണത്തിൽ നിലവിൽ ക്ലാസുകൾ നടത്തുന്നുണ്ട്. ആറെണ്ണം ഈ വർഷം അഡ്മിഷൻ നടത്തും. വിവിധ കോളജുകളിൽ പ്രവർത്തിക്കുന്ന പഠന സഹായ കേന്ദ്രങ്ങളുടെ എണ്ണം 23ൽ നിന്ന് 33 ആയി വർധിപ്പിക്കും. ഇവിടങ്ങളിൽ സൗകര്യമൊരുക്കാൻ 13.42 കോടി വകയിരുത്തി. കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും സൈബർ ലോകജീവനത്തിന് പാകപ്പെടുത്തുന്നത് ലക്ഷ്യം വെച്ച് തയാറാക്കിയ സൈബർ സിറ്റിസൺഷിപ് പ്രോഗ്രാം ഓൺലൈനായും ഓഫ്ലൈനായും നടപ്പാക്കും.
സർവകലാശാല സ്റ്റുഡന്റസ് യൂനിയൻ ഈ വർഷം യാഥാർഥ്യമാക്കും. ആർട്സ് ഫെസ്റ്റിവൽ മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ കൊല്ലത്ത് സംഘടിപ്പിക്കും. അടുത്ത വർഷം വിപുലമായി റീജനൽ അടിസ്ഥാനത്തിലും സർവകലാശാല അടിസ്ഥാനത്തിലും നടത്തും. കായികമേളയും ഈ വർഷം നടത്തും. വിവിധ സ്റ്റുഡന്റസ് ക്ലബ്ബുകൾ രൂപവത്കരിക്കും. ഭവന രഹിതരായ 14 പേർക്ക് ‘ഒപ്പം’ എന്ന ഭവന പദ്ധതിയിലൂടെ വീട് നിർമിച്ചു നൽകും. 1.12 കോടി രൂപ വകയിരുത്തി. 2024 ഡിസംബറിനകം ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രഖ്യാപനം. 87 അധ്യാപക തസ്തികകള്‍ സർക്കാർ അംഗീകാരത്തോടെ സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് 4.70 കോടി രൂപയും നീക്കിവെച്ചു.
വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷ അധ്യക്ഷത വഹിച്ചു. പ്രോ-വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ, രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരൻ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ. ശ്രീവത്സൻ, ഡോ. എം. ജയപ്രകാശ്, ഡോ. സി. ഉദയകല, എ. നിസാമുദ്ദീൻ, പ്രഫ. ടി എം. വിജയൻ, ഡോ. എ. പസിലിത്തിൽ, ഡോ.റെനി സെബാസ്റ്റ്യൻ, കെ. അനുശ്രീ എന്നിവർ പങ്കെടുത്തു.
ആസ്ഥാന മന്ദിരത്തിന് 30 കോടി
സ്വന്തമായി ആസ്ഥാനമന്ദിരം തന്നെയാണ് ഇത്തവണയും പ്രധാന ലക്ഷ്യം. ഇതിനായി കൊല്ലം പട്ടണത്തിന്റെ പരിധിക്കുള്ളിൽ 10 ഏക്കറോളം സ്ഥലം വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ വർഷം തന്നെ ലക്ഷ്യം കാണാൻ 30 കോടി മാറ്റിവെച്ചു.
ആസ്ഥാനത്ത് നിർമിക്കാനുദ്ദേശിക്കുന്ന അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് ആൻഡ് ട്രെയിനിങ് സെന്റർ, പരീക്ഷ ബ്ലോക്ക്, മെറ്റീരിയല്‍ പ്രൊഡക്ഷന്‍ ആൻഡ് ഡിസ്ട്രിബ്യൂഷന്‍ ഡിവിഷൻ ഉൾപ്പെടെ വിവിധ നിർമാണങ്ങളുടെ മാസ്റ്റർ പ്ലാൻ തയാറാക്കി അംഗീകാരം വാങ്ങുന്നതിന് 75 ലക്ഷം രൂപ നീക്കിവെച്ചു.
ആസ്ഥാനമന്ദിര നിര്‍മാണത്തിന് ആദ്യഘട്ടത്തിലേക്ക് അഞ്ചുകോടി രൂപ വകയിരുത്തി.
കരുത്താകാൻ ലൈബ്രറി
സർവകലാശാലയുടെ പഠനപ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ പ്രധാന കാമ്പസിൽ വിപുലമായ ലൈബ്രറി സംവിധാനമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. മുൻവര്‍ഷം മുതല്‍ നടപ്പാക്കിവരുന്ന ‘പ്രബുദ്ധതക്കൊരു പുസ്തകം’ പദ്ധതിയിൽ വിപുലമായ പുസ്തക സമാഹരണപദ്ധതി തുടർന്നും നടപ്പാക്കും. 2023-24ൽ ഏകദേശം 3000 ബുക്കുകൾ ഈ പദ്ധതിയിൽ ശേഖരിച്ചു. കൂടാതെ, പുസ്തകങ്ങൾ വാങ്ങി ലൈബ്രറി വിപുലമാക്കുന്നതിന് 35 ലക്ഷം രൂപ മാറ്റിവെച്ചു. 72 ലക്ഷം രൂപ കൂടി ലൈബ്രറി പ്രവർത്തനത്തിന് വകയിരുത്തിയിട്ടുണ്ട്. സര്‍വകലാശാല ലൈബ്രറി ഡിജിറ്റലൈസേഷനായി ഏഴു ലക്ഷം രൂപയും നീക്കിവെച്ചു.
കുടുതൽ കോഴ്സുകൾ
കൂടുതൽ യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് അംഗീകാരം നേടും. സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ സ്കൂൾ അധ്യാപകർക്കായി പ്രത്യേക ഐ.ടി സർട്ടിഫിക്കറ്റ് പ്രോഗ്രാം തുടങ്ങും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ ടൂൾ മേഖലകളിൽ ഡിപ്ലോമ പ്രോഗ്രാമുകൾ ആരംഭിക്കും. കൂടുതൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നതിന് 2.93 കോടി രൂപ വകയിരുത്തി. ഓൺസ്ക്രീൻ വാല്വേഷൻ സംവിധാനം നടപ്പാക്കുന്നതിനായി രണ്ടുകോടി രൂപ വകയിരുത്തി. പരീക്ഷ നടത്തിപ്പ്, മൂല്യനിർണയം, ക്വസ്റ്റ്യൻ ബാങ്ക് ഡെവലപ്മെന്റ് തുടങ്ങി പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്കും ചെലവുകൾക്കുമായി 7.98 കോടി വകയിരുത്തി.
അസാപ്, കേരള ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് എന്നിവയുമായി ചേര്‍ന്ന് തൊഴില്‍ സാധ്യത നിലനില്‍ക്കുന്ന മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകള്‍ നടത്തും. കേരള ഫാക്ടറീസ് ആൻഡ് ബോയിലേഴ്സുമായി ചേര്‍ന്ന് സേഫ്റ്റി മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ് ആരംഭിക്കും.
സാമ്പത്തിക പരാധീനതകള്‍കൊണ്ട് തുടര്‍പഠനം അസാധ്യമായവര്‍ക്ക് തുടര്‍പഠനവും നൈപുണ്യ പരിശീലനവും നല്‍കാനുള്ള പദ്ധതി കാസര്‍കോട് ജില്ല പഞ്ചായത്തുമായി ചേര്‍ന്ന് നടത്താന്‍ തീരുമാനിച്ചത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
അഞ്ചുലക്ഷം രൂപക്ക് ഇൻകുബേഷൻ സെന്റർ ആരംഭിക്കും. േപ്ലസ്മെന്റ് ഓഫിസ് പ്രവർത്തനമാരംഭിക്കും. കൊല്ലത്തിന്റെ പൗരാണികതയും ചരിത്രവും ഗവേഷണ നിരീക്ഷണങ്ങളിലൂടെ പുറത്തുകൊണ്ടുവരാനും വരുംതലമുറയെ പഠിപ്പിക്കാനും സർവകലാശാല മുൻകൈയെടുക്കുന്നു. പ്രാഥമിക പ്രവർത്തനങ്ങൾക്ക് അഞ്ചുലക്ഷം നീക്കിവെച്ചു. തൊഴിലധിഷ്ഠിത മത്സരപ്പരീക്ഷ പരിശീലന കേന്ദ്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷവുമുണ്ട്.
സ്കോളർഷിപ്പുകളും ഭിന്നശേഷി സൗഹൃദവും
മെറിറ്റ് സ്കോളർഷിപ്, ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്, സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ് എന്നിവ നൽകും.
25 ലക്ഷം രൂപ പ്നിവേഴ്സിറ്റി ഫണ്ടിലും 30 ലക്ഷം രൂപ സി.എസ്.ആര് ഫണ്ടിലുമായി ആകെ 55 ലക്ഷം രൂപ നീക്കിവെച്ചു. ഭിന്നശേഷി വിഭാഗത്തില്‍പെട്ട പഠിതാക്കള്‍ക്ക് ഫീസിളവ്, സ്കോളര്‍ഷിപ്, പശ്ചാത്തല സൗകര്യം, ചലനോപകരണങ്ങള്‍ എന്നിവ നല്കി സര്‍വകലാശാലയെ ഭിന്നശേഷി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് 35 ലക്ഷം രൂപ നീക്കിവെച്ചു.
ട്രൈബലിനായി പ്രാദേശിക കേന്ദ്രം
മലയോര പ്രദേശങ്ങൾ ഉൾപ്പെടുന്ന ട്രൈബൽ മേഖലയിൽ നിന്നുള്ള പഠിതാക്കൾക്ക് പ്രത്യേകമായി കൂടുതൽ സൗകര്യപ്രദമായി പഠനകേന്ദ്രങ്ങൾ ഒരുക്കാൻ പദ്ധതിയുണ്ട്. 30 ലക്ഷം രൂപയാണ് വകയിരുത്തിയത്. സംസ്ഥാനത്തെ വിവിധ കോളജുകളിൽ പ്രവർത്തിക്കുന്ന പഠന സഹായ കേന്ദ്രങ്ങളുടെ എണ്ണം നിലവിലെ 23ൽ നിന്ന് 33 ആയി വർധിപ്പിക്കും. പഠനകേന്ദ്രങ്ങളിൽ വിവിധ സൗകര്യമൊരുക്കാൻ 13.42 കോടി നീക്കിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.