സംസ്ഥാന ബജറ്റ്; പ്രതീക്ഷകൾ വാനോളം...
text_fieldsകൊല്ലം: സംസ്ഥാന ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ ശേഷിക്കെ ജില്ലക്ക് വാനോളം പ്രതീക്ഷകളാണ്. ബജറ്റ് പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ നടപ്പാകുന്ന പദ്ധതികൾ ഇത്തവണ ജില്ലക്ക് വേണ്ടിയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ സ്വന്തം തട്ടകത്തിലേക്ക് എന്തൊക്കെയാവും പ്രഖ്യാപിക്കുകയെന്ന ആകാംക്ഷയും ജനങ്ങൾക്കുണ്ട്. ജില്ലയുടെ പരമ്പരാഗത വ്യവസായങ്ങളെ കൈപിടിച്ചുയർത്താൻ സാധ്യമാകുന്ന പദ്ധതികൾ ബജറ്റിലുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായത്തെ കരകയറ്റാൻ പതിവുപോലെ ഇത്തവണയും ‘പ്രഖ്യാപന പെരുമഴ’മാത്രമാകുമോ എന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ബജറ്റിൽ കശുവണ്ടി വ്യവസായത്തെ കരകയറ്റാൻ ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഫലവത്തായില്ല.
വ്യവസായം പ്രോത്സാഹിപ്പിക്കാൻ ബാങ്ക് വായ്പകൾക്ക് പലിശയിളവിനും മറ്റ് പ്രോത്സാഹന പദ്ധതികൾക്കുമായി 30 കോടി രൂപ നീക്കിെവച്ചിരുന്നു. കശുവണ്ടി ഫാക്ടറി യൂനിറ്റുകളുടെ പുനരുദ്ധാരണത്തിന് ഏഴുകോടിയും കാഷ്യു െഡവലപ്മെന്റ് കോർപറേഷൻ, കാപെക്സ് എന്നിവക്ക് നാലുകോടി വീതവും അനുവദിച്ചിരുന്നു.
കേരള സ്റ്റേറ്റ് ഏജൻസി ഫോർ എക്സ്പാൻഷൻ ഒഫ് കാഷ്യു ബോർഡിന് 40.85 കോടി മാറ്റിവെച്ചു. അൾട്രാ ഹൈഡെൻസിറ്റി കശുമാവ് നടീൽ രീതി അവലംബിച്ച് പൈലറ്റ് പ്രോജക്ടുകൾ നടപ്പാക്കാൻ ഏഴ് ലക്ഷം രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ജില്ലയുടെ പ്രധാന പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖലക്ക് ഉണർവേകാൻ ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല. കശുമാവ് നടീൽ പ്രോജക്ടുകൾ മിക്ക ബജറ്റുകളും ഇടംപിടിക്കുമെന്നല്ലാതെ കാര്യമായ മുന്നോട്ടുപോക്ക് ഉണ്ടാകാറില്ല. സ്വകാര്യ കശുവണ്ടി ഫാക്ടറികൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്.
ഭൂരിഭാഗം ഫാക്ടറികളും ജപ്തി ഭീഷണിയിലുമാണ്. ബജറ്റിനു പിന്നാലെ പലതരം ചർച്ചകൾ നടത്തി പരിഹാരം ഉടൻ നടപ്പിലാക്കുമെന്ന് പറയുമ്പോഴും സ്ഥിതിക്ക് മാറ്റമൊന്നുമില്ല. കഴിഞ്ഞ ബജറ്റിലെ പദ്ധതികൾ അതേപോലെ ഇത്തവണയും വരാനാണ് സാധ്യത.
അഷ്ടമുടിക്കായലിന്റെ ശുചീകരണത്തിനായി 10 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അവലോകന യോഗങ്ങൾ മുറതെറ്റാതെ നടക്കുന്നതല്ലാതെ ശുചീകരണത്തിന് കാര്യമായ പദ്ധതികൾ ഇതുവരെയുണ്ടായില്ല. ശാസ്താംകോട്ട കായൽ ശുചീകരണത്തിനും ഇതു പോലെ രണ്ട് കോടി വകയിരുത്തിയിരുന്നു.
കൊല്ലം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി വകയിരുത്തിയിരുന്നു. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും തുറമുഖം പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തുറമുഖത്തിന്റെ ആഴം കൂട്ടൽ, വാർഫുകൾ ബന്ധിപ്പിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ പൂർണമായിട്ടില്ല.
കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം ഗോവ ക്രൂയിസ് ടൂറിസം, ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, എരുമേലി തീർഥാടക ടൂറിസം സർക്യൂട്ട് എന്നിവയും കഴിഞ്ഞ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലുണ്ടായിരുന്നു. ഇത്തവണയും മാറ്റങ്ങളോടെ ഇടം പിടിക്കാനാണ് സാധ്യത.
ശ്രീനാരായണഗുരു ഓപൺ സർവകലാശാലക്ക് അക്കാദമിക- ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ഏഴു കോടി നീക്കിവെച്ചിരുന്നു. ആസ്ഥാന മന്ദിരത്തിന്റെ നിർമാണം ഈ സാമ്പത്തിക വർഷം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. സർവകലാശാലയിൽ വിവിധ കോഴ്സുകൾ തുടങ്ങാനായതാണ് നേട്ടം.
ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കിന്റെ പൈലറ്റ് പ്രോജക്ട് കൊല്ലം പള്ളിമുക്ക് മീറ്റർ കമ്പനിയിൽ ആരംഭിക്കുന്നതിന് ഭരണാനുമതിയായി. സ്വകാര്യ സംരംഭകർക്ക് ആവശ്യമായ സാങ്കേതിക സഹായവും സ്ഥലസൗകര്യവും നൽകാൻ പൊതുമേഖല സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ പാർക്കുകൾ ആരംഭിക്കും.
ഓരോ പാർക്കിലും 25,000 മുതൽ 50,000 വരെ ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളും അടിസ്ഥാന വ്യവസായിക സൗകര്യങ്ങളുമാണ് ഒരുക്കുക. സംസ്ഥാന ബജറ്റ് വീണ്ടും വരുമ്പോൾ കശുവണ്ടി മേഖലയെ കൈപിടിച്ചുയർത്തുന്ന പുനരുദ്ധാരണ പാക്കേജിന് മാസ്റ്റർ പ്ലാൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കൊല്ലം തുറമുഖം, അഷ്ടമുടിക്കായൽ, ശാസ്താംകോട്ട തടാകം, വിനോദ സഞ്ചാര മേഖല, വ്യവസായ മേഖല, ഉന്നത വിദ്യാഭ്യാസ മേഖല , മൺറോതുരുത്തിനായി പ്രത്യേക പദ്ധതി, അടിസ്ഥാന സൗകര്യ വികസനമുൾെപ്പടെ കൂടുതൽ പദ്ധതികൾ ഇത്തവണ കൂടുതൽ ഫണ്ട് വകയിരുത്തി ഇടം പിടിക്കാനാണ് സാധ്യത.
തീരദേശത്തിനായി പ്രത്യേക പാക്കേജും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ബജറ്റിൽ റോഡ് വികസനമുൾെപ്പടെ അടിസ്ഥാന വികസന പദ്ധതികളിൽ പലതും നടപ്പായി. കാലാകാലങ്ങളായി പരിഹരിക്കാൻ പറ്റാത്തവയാണ് തുടർച്ചയായി ബജറ്റുകളിൽ ഇടം പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.