തെരുവുനായ് നിയന്ത്രണം; ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകും -ജില്ല പഞ്ചായത്ത് പ്രസിഡന്റ്
text_fieldsകൊല്ലം: തെരുവുനായ്ക്കളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾക്കും എ.ബി.സി പദ്ധതി നടപ്പാക്കുന്നതിനുള്ള അടിയന്തര നിർദേശം നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ. ജില്ല പഞ്ചായത്ത് മതിയായ ഫണ്ട് വകയിരുത്തിയിട്ടും കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 32 ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് പദ്ധതിയുമായി സഹകരിച്ചത്. മറ്റ് ഗ്രാമപഞ്ചാത്തുകൾ പ്രോജക്ട് ഏറ്റെടുക്കാത്തതിനാൽ ജില്ലയിൽ പൂർണമായും പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചില്ല. വെറ്ററിനറി സർജൻമാർ, ഡോഗ് ഹാൻഡ്ലേഴ്സ് എന്നിവരുടെ വേതനം, പദ്ധതിക്കാവശ്യമായ കൂടുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവക്കാണ് ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കുന്നത്.
അടിസ്ഥാനസൗകര്യം ഒരുക്കൽ, മരുന്നുവാങ്ങൽ, ഗതാഗത ചെലവുകൾ ഗ്രാമപഞ്ചായത്തുകൾ വഹിക്കണം. ഇക്കാര്യത്തിലാണ് ജില്ലയിലെ 36 ഗ്രാമപഞ്ചായത്തുകൾ വീഴ്ചവരുത്തിയത്. ചൊവ്വാഴ്ച വെറ്ററിനറി സർജന്മാരെയും ഡോഗ് ഹാൻഡ്ലേഴ്സിനെയും തെരഞ്ഞെടുക്കുന്നതിനായി ജില്ല മൃഗസംരക്ഷണ ഓഫിസിൽവെച്ച് വാക്- ഇൻ ഇന്റർവ്യൂ നടത്തും. ആദ്യഘട്ടമായി ഇളമ്പള്ളൂർ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തുകളിലും കൊട്ടിയം ലൈവ്സ്റ്റോക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിലും പത്തനാപുരം എ.ബി.സി സെന്ററിലും ഈ ആഴ്ചതന്നെ പദ്ധതി ആരംഭിക്കും.
അടിസ്ഥാന സൗകര്യങ്ങളായ ശീതീകരിച്ച ഓപറേഷൻ തിയറ്റർ, ഓപറേഷൻ ടേബിൾ, കിച്ചൻ എന്നിവ സജ്ജീകരിക്കുന്നതിന് എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
2022-23 സാമ്പത്തിക വർഷത്തിൽ എ.ബി.സി പദ്ധതി നടപ്പാക്കുന്നതിന് 50 ലക്ഷം രൂപ ജില്ല പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
32 ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് എ.ബി.സി പദ്ധതിയുമായി സഹകരിച്ചത്
പേവിഷ പ്രതിരോധ കുത്തിവെപ്പ്
കൊല്ലം: മാസ് ഡോഗ് വാക്സിനേഷന് കാമ്പയിന്റെ ഭാഗമായി പേവിഷ പ്രതിരോധ കുത്തിവെപ്പ് 14 വരെ ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും നടത്തും. മൂന്നു മാസത്തിന് മുകളിലുള്ള എല്ലാ വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും കുത്തിവെപ്പെടുക്കണം. രണ്ടു മാസത്തിനുശേഷം ബൂസ്റ്റര്‍ വാക്സിനും നല്‍കണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. ഫോണ്‍ 0472 2793464.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.