തെരുവുനായ് നിയന്ത്രണം: പദ്ധതികൾ നിലച്ചിട്ട് രണ്ടു വർഷം
text_fieldsകൊല്ലം: തെരുവുനായ് ആക്രമണങ്ങൾ പതിവാകുമ്പോഴും ജില്ലയിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള പദ്ധതികൾ നിലച്ചിട്ട് രണ്ടുവർഷം പിന്നിടുന്നു. ദിവസവും നിരവധി തെരുവുനായ് ആക്രമണസംഭവങ്ങൾ ജില്ലയിലുണ്ടാകുന്നു. ഒരുവർഷത്തിനിടെ ഇരുപതിനായിരത്തിലധികം പേരാണ് തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളിൽനിന്ന് കടിയേറ്റ് ആരോഗ്യവകുപ്പിനുകീഴിൽ ചികിത്സ തേടിയത്.
നിലവിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ മാത്രമാണ് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി സെന്റർ പ്രവർത്തിക്കുന്നത്. കൂടാതെ അഞ്ചാലുംമൂട്ടിൽ എ.ബി.സി കേന്ദ്രമുള്ള കോർപറേഷൻ മാത്രമാണ് ഇപ്പോഴും വന്ധ്യംകരണപദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.
കിഴക്കൻമേഖല ഉൾപ്പെടെ മറ്റൊരിടത്തും നിൽവിൽ പദ്ധതി പ്രവർത്തിക്കുന്നില്ല. പ്രധാന നഗരങ്ങളിലും റോഡുകളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. നഗരത്തിലെ ആശ്രാമം, ചിന്നക്കട, റെയിൽവേ സ്റ്റേഷൻ പരിസരം, കെ.എസ്.ആർ.ടി.സി പരിസരം, ക്യു.എസ് റോഡ്, കടപ്പാക്കട എന്നിവിടങ്ങളിലെല്ലാം നായ്ക്കൾ വിഹരിക്കുകയാണ്. കൂടാതെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾ, ബസ് സ്റ്റാൻഡുകൾ, ബസ് സ്റ്റോപ്പുകൾ, മാർക്കറ്റുകൾ ഉൾപ്പെടെയുള്ളിടങ്ങളിൽ രാത്രികാലങ്ങളിൽ നിരവധി നായ്ക്കളാണ് അലഞ്ഞുനടക്കുന്നത്. പ്രഭാതസവാരിക്കാർ, പ്രഭാതയാത്രകൾക്കായി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകഴിലും എത്തുന്നവർ, കാൽനടക്കാർ, ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ, വ്യാപാരികൾ, പത്രവിതരണക്കാർ, വിദ്യാർഥികൾ എന്നിവർക്കാണ് ഏറെയും കടിയേൽക്കുന്നത്. ജില്ലയുടെ കിഴക്കൻ മലയോരമേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല.
നിരവധി തെരുവുനായ്ക്കൾക്കാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ പേവിഷബാധ സ്ഥിരീകരിച്ചത്. മൃഗസംരക്ഷണവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 72,000 ലധികം തെരുവുനായ്ക്കളുണ്ട്. ഇവയെ നിയന്ത്രിക്കാൻ ജില്ലയിൽ ഒമ്പതിടങ്ങളിൽ എ.ബി.സി സെന്ററുകൾ തുടങ്ങിയിരുന്നെങ്കിലും പിന്നീട് പ്രവർത്തനം നിലച്ചു. കേന്ദ്ര മൃഗക്ഷേമബോർഡിന്റെ മാനദണ്ഡങ്ങൾ കാരണം പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതിനാലാണ് പ്രവർത്തനം മുടങ്ങിയത്.
2000 ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കുമാത്രമേ നായ്ക്കളെ വന്ധ്യംകരിക്കാനുള്ള അനുമതിയുള്ളൂ. എ.ബി.സി സെന്ററിൽ എ.സി, അടുക്കള, പാചകക്കാർ, ശുചിമുറികൾ തുടങ്ങിയവ വേണമെന്ന ആവശ്യം കർശനമാണ്. ഇവക്ക് ഫണ്ടില്ലാത്തതിനാൽ തദ്ദേശസ്ഥാപനങ്ങൾ പദ്ധതി നടപ്പാക്കാൻ തയാറാകുന്നില്ല. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നിരവധിയിടങ്ങളിലെ സെന്റർ പൂട്ടേണ്ടതായും വന്നു. ജനവാസമില്ലാത്ത സ്ഥലം കണ്ടെത്താൻ കഴിയാത്തതും വെല്ലുവിളിയാണ്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ രണ്ടുകോടി
ഈ സാമ്പത്തികവർഷം തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ജില്ല പഞ്ചായത്ത് മൂന്ന് പദ്ധതികൾക്കായി രണ്ടുകോടി രൂപയോളമാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒന്നേകാൽക്കോടി ചെലവിൽ കുരിയോട്ടുമലയിൽ തെരുവുനായ്ക്കൾക്കായി എ.ബി.സി ഷെൽറ്റർ ഹോം സ്ഥാപിക്കാൻ നടപടികളായിട്ടുണ്ട്. തെരുവുനായ്ക്കൾക്കുള്ള പേവിഷ വാക്സിനേഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഇത് അടുത്തമാസത്തോടെ പ്രവർത്തിച്ചു തുടങ്ങും.
അതത് പ്രദേശത്തെ ഗ്രാമപഞ്ചായത്തുമായി ചേർന്നാകും പദ്ധതി നടപ്പാക്കുക. നിലവിൽ 25 പഞ്ചായത്തുകളാണ് പദ്ധതിവിഹിതം അടച്ചിരിക്കുന്നത്. പദ്ധതിവിഹിതം അടച്ചിരിക്കുന്ന പഞ്ചായത്തിലാകും പദ്ധതി ആദ്യം നടപ്പാക്കുക. പദ്ധതിവിഹിതം അടക്കുന്നമുറക്ക് മറ്റുപഞ്ചായത്തുകളിലേക്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും ജില്ല പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.