സൂക്ഷിച്ചില്ലേൽ കടിയേൽക്കും; തെരുവുനായ് ശല്യത്തിൽ വലഞ്ഞ് ജനം
text_fieldsകൊല്ലം: നാടെന്നോ നഗരമെന്നോ വ്യത്യാസമില്ല, സൂക്ഷിച്ചില്ലേൽ തെരുവുനായുടെ കടിയേൽക്കും. മൂന്നാഴ്ചകൾക്കുള്ളിൽ കോർപറേഷന്റെ വിവിധ പ്രദേശങ്ങളിൽ മൂന്ന് ഹരിതകർമസേനാംഗങ്ങളെയാണ് നായ്ക്കൾ ആക്രമിച്ചത്. അഞ്ചലിൽ കഴിഞ്ഞമാസം മൂന്നുപേർക്കാണ് നായുടെ കടിയേറ്റത്. കൂടാതെ റിപ്പോർട്ട് ചെയ്യപ്പെടാത്ത അനേകം സംഭവങ്ങളും ദിനവുമുണ്ടാകുന്നുണ്ട്.
ചിന്നക്കട, ബീച്ച്, ബ്രേക്ക് വാട്ടർ ടൂറിസം സെന്റർ, ലൈറ്റ് ഹൗസ്, റെയിൽവേ സ്റ്റേഷൻ പരിസരം, ക്യു.എ.സി റോഡ്, പള്ളിത്തോട്ടം റോഡ് എന്നിവിടങ്ങളിൽ നായ് ശല്ല്യം വർധിച്ചിട്ടുണ്ട്. ആശ്രമം ഗസ്റ്റ് ഹൗസിന് പിന്നിലുള്ള അഡ്വഞ്ചർ പാർക്കിലേക്കുള്ള റോഡിൽ കാൽനടപോലും സാധ്യമാകാത്തവിധമാണ് നായ്ക്കളുടെ വിഹാരം. കൂടാതെ ജില്ലയുടെ വിവിധ പ്രദേശങ്ങളിലും തെരുവുനായ് ആക്രമണം നിത്യസംഭവമാണ്.
തെരുവ്നായ് ശല്യത്താൽ ഏറ്റവുമധികം അപകടത്തിൽപ്പെടുന്നത് ഇരുചക്ര വാഹനയാത്രികരാണ്. ദേശീയപാതയോരത്തും ഇടറോഡുകളിലും കൂട്ടമായി തമ്പടിച്ചിരിക്കുന്ന ഇവ ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെ പായുന്നതും കുറുകെ ചാടുന്നതും അപകടകാരണമാകുന്നു.
2024 ഏപ്രിൽ മുതൽ ആഗസ്റ്റ് 16 വരെ 1353 തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ചത്. കോർപറേഷൻ പരിധിയിൽ തെരുവുനായ്ക്കൾക്ക് കൃത്യസമയത്ത് വാക്സിനേഷൻ നടത്താറുണ്ടെന്നും രണ്ടുവർഷമായി തുടർച്ചയായി എ.ബി.സി പദ്ധതി നടപ്പാക്കുന്നതിലൂടെ നഗര പരിധിയിലെ നായ്കുട്ടികളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. എന്നാൽ, ദിനേന തെരുവുകളിൽ നായ്ക്കളുടെ എണ്ണം കൂടിവരുകയാണ്. എ.ബി.സി പദ്ധതി ജില്ലയുടെ മറ്റുപ്രദേശങ്ങളിൽകൂടി വ്യാപിപ്പിച്ചാൽ മാത്രമേ നായ്ക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകൂ. വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതും നായ്ക്കൾ പെരുകാൻ കാരണമാവുന്നുണ്ട്.
വില്ലനാകുന്ന മാലിന്യം തള്ളൽ
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അറവു മാലിന്യം ഉൾപ്പെടെയുള്ളവ റോഡരികിൽ തള്ളുന്നത് നായ് ശല്യം വർധിക്കാൻ കാരണമാകുന്നു.
പള്ളിത്തോട്ടം, ബീച്ച്, വാടി, ചിന്നക്കട തുടങ്ങി വിവിധയിടങ്ങളിൽ വലിയ ചാക്കുകളിലാണ് മാലിന്യം തള്ളുന്നത്.
രാവിലെ നടക്കാനിറങ്ങുന്നവർ കൈയിൽ വടിയും കരുതിയാണ് ഇറങ്ങുന്നത്. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ പലരും രാവിലയുള്ള നടത്തം തന്നെ ഉപേക്ഷിച്ചിട്ടുണ്ട്.
സ്കൂൾ പരിസരത്ത് നായ്ക്കൾ തമ്പടിക്കുന്നത് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയാണ്.
പ്രതിരോധ കുത്തിവെപ്പ് ഇന്ന്
കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജ് കാമ്പസിൽ തിങ്കളാഴ്ച രാവിലെ 10.30ന് തെരുവ് നായ്ക്കളെ പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കും. ഡോഗ് കാച്ചർമാരെ ഉൾപ്പെടുത്തി നായ്ക്കളെ പിടിക്കും. തെരുവ് നായ്ക്കളുടെ ശല്യം ഇവിടെ രൂക്ഷമാണെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി സ്വീകരിക്കുന്നതെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഡി ഷൈൻകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.