പട്ടിണിയിലായ വഴിയോര ജീവിതങ്ങൾ
text_fieldsകൊല്ലം: പ്രവാസിയായിരുന്നു ചിന്നക്കടക്കാരൻ സഹീർ. കോവിഡും ലോക്ഡൗണും പ്രതിബന്ധമായപ്പോൾ ജോലി നഷ്ടമായി നാട്ടിൽ കുടുങ്ങി. പിടിച്ചുനിൽക്കാനുള്ള വഴിയായി മുന്നിൽ തെളിഞ്ഞത് വഴിയോരകച്ചവടം. സഹോദരനെയും കൂട്ടി വാഹനം സംഘടിപ്പിച്ച് പഴങ്ങളും പച്ചക്കറിയും വിൽക്കാൻ വഴിയോരത്തേക്കിറങ്ങി. മുളങ്കാടകത്ത് വഴിയരികിൽ തണ്ണിമത്തനും കൈതച്ചക്കയും മറ്റ് പച്ചക്കറിയുമായി അന്നന്ന് കഴിഞ്ഞുപോകാനുള്ളത് ഇരുവരും ചേർന്ന് വിറ്റുവന്നു.
ജീവിത പ്രതിസന്ധിക്കുമേൽ പ്രതീക്ഷയുടെ തണൽ വീണുതുടങ്ങിയപ്പോഴാണ് കോവിഡിെൻറ രണ്ടാം പ്രഹരം എത്തിയത്. വാഹനത്തിലിരുന്ന് അഴുകിനശിക്കുന്ന പഴങ്ങളുടെയും പച്ചക്കറിയുടെയും രൂപത്തിൽ നഷ്ടം കൈവെള്ളയിൽ നിറഞ്ഞപ്പോൾ അഞ്ചുമാസം നീണ്ട വഴിയോര കച്ചവടത്തിന് അവസാനമായി. ഇേപ്പാൾ താൽക്കാലികമായി കിട്ടിയൊരു ഡ്രൈവർ പണിയുമായി സഹീറും വല്ലപ്പോഴും ലഭിക്കുന്ന പെയിൻറ് പണിയുമായി സഹോദരനും കുടുംബത്തിെൻറ വിശപ്പടക്കാനുള്ള നെേട്ടാട്ടത്തിലാണ്.
ആയിരക്കണക്കിന് സഹീറുമാരുടെ കണ്ണുനീർ വീണ് പൊള്ളുകയാണ് വഴിയോരങ്ങൾ. തെരുവോരങ്ങളിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ഇറങ്ങിയവരാണവർ, വഴിയോരകച്ചവടക്കാർ. പഴങ്ങളും പച്ചക്കറികളും പലഹാരങ്ങളും ഭക്ഷണവും തുണിത്തരങ്ങളും ചെരിപ്പുകളും എന്നിങ്ങനെ പലവിധം സാധനങ്ങളുമായി വഴിയോരങ്ങൾ വിൽപന കേന്ദ്രങ്ങളാക്കി അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തുന്ന ആയിരങ്ങളാണുള്ളത്.
കോവിഡിെൻറ ആദ്യഘട്ടത്തിൽ തൊഴിലില്ലാതെ ബുദ്ധിമുട്ടിയ നിരവധി പേർ വാഹനങ്ങളിലും തട്ടുകളിലുമായി വഴിയോരങ്ങളിലും വീടുകളിലും വിൽപനക്കാരായെത്തി. കോവിഡിെൻറ രണ്ടാം തരംഗം ആഞ്ഞടിച്ച്, സമ്പൂർണ ലോക്ഡൗൺ ഒരുമാസം പിന്നിടുേമ്പാൾ അക്ഷരാർഥത്തിൽ പട്ടിണിപ്പരുവത്തിലാണ് ഇവർ.
ഭൂരിഭാഗം കണക്കിന് പുറത്ത്
ജില്ലയിൽ മൂവായിരത്തോളം വഴിയോര കച്ചവടക്കാർ ഉണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. കഴിഞ്ഞവർഷം കൊല്ലം കോർപറേഷൻ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 815ഒാളം പേർ നഗരപരിധിയിൽ മാത്രം വഴിയോരകച്ചവടം നടത്തുന്നുണ്ട്. എന്നാൽ, ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി, വഴിയോരകച്ചവടവുമായി ഇറങ്ങിത്തിരിച്ച നിരവധി പേർ ഇൗ കണക്കിന് പുറത്തുണ്ട്. ഭൂരിഭാഗം കുടുംബങ്ങളിലെയും ഏക വരുമാനമാർഗം. അവശ്യസാധനങ്ങളുടെ വിൽപന അനുമതി ഉപയോഗിച്ച് പഴവർഗങ്ങളും പച്ചക്കറികളും വിൽക്കുന്ന ഏതാനും പേർ പ്രവർത്തിക്കുന്നതല്ലാതെ ബാക്കിയുള്ളവർക്ക് ഇളവുകൾ ലഭിക്കുേമ്പാൾപോലും തൊഴിലെടുക്കാനാകാത്ത അവസ്ഥയാണ്.
സാധനങ്ങളുമായി വെയിലും മഴയുമേറ്റ് കാത്തിരുന്നാലും നഗരപരിധിയിലെ തിരക്കേറിയ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നവർക്കുപോലും കച്ചവടമില്ല. മുടക്കുമുതലിന് മുകളിലേക്ക് കടം കയറിപ്പോകുന്ന അവസ്ഥയിലാണ് മറ്റെന്തെങ്കിലും തൊഴിൽ തേടി ഇവർ അലയുന്നത്. താൽക്കാലികമായി പോലും തൊഴിൽ കണ്ടെത്താൻ കഴിയാത്തവരുടെ കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ്.
കൊല്ലം നഗരപരിധിയിൽ കച്ചവടത്തിനായി എത്തുന്നവരിൽ വലിയൊരു ഭാഗവും വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരാണ്. പൊതുഗതാഗതം നിലച്ചതോടെ ഇളവ് ലഭിക്കുന്നവർക്കുേപാലും വരാനാകാത്ത സ്ഥിതി. വാഹനങ്ങളിൽ സാധനങ്ങളെത്തിച്ച് കച്ചവടം നടത്തുന്നവരെ കോവിഡ് മാനദണ്ഡ ലംഘനം ചൂണ്ടിക്കാട്ടി പൊലീസ് കനത്ത പിഴയീടാക്കുന്നതായും പരാതിയുണ്ട്.
കടമ്പകൾ കടന്ന് വഴിയോരത്ത് ഇടംപിടിച്ചാലും കോവിഡ് ഭീതിയിൽ സാധനങ്ങൾ വാങ്ങാൻ ആളുകളെത്താത്ത സ്ഥിതി. ഹോട്ടലുകൾക്ക് തുറക്കാൻ അനുവാദമുള്ളപ്പോഴും വഴിയോര കച്ചവട വിഭാഗത്തിൽ വരുന്ന തട്ടുകടകൾക്ക് താഴുവീണുതന്നെ കിടക്കുകയാണ്. പലയിടത്തുനിന്നുള്ള കടങ്ങൾ വീടാനും കുടുംബം നോക്കാനും കുട്ടികളുടെ ഒാൺലൈൻ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനുമൊന്നും സാധ്യമാകാത്ത ദുഃസ്ഥിതിയിലാണ്.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപപോലും ഇവർക്ക് ലഭിക്കാൻ നടപടിയില്ല. കോവിഡ് കാരണം ഒാഫിസുകൾ പ്രവർത്തിക്കുന്നില്ലെന്ന ഉത്തരമാണ് യൂനിയൻ നേതാക്കൾക്ക് ലഭിക്കുന്നത്. യൂനിയനുകൾ ഇടപെട്ട് ചിലയിടങ്ങളിൽ ഭക്ഷ്യക്കിറ്റ് വിതരണമൊക്കെ നടത്തിയെങ്കിലും സഹായം ആവശ്യമായവർക്കെല്ലാം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റു വ്യാപാരസ്ഥാപനങ്ങൾക്ക് ഇളവ് അനുവദിക്കുന്നതിന് അനുസൃതമായി വഴിയോരകച്ചവടക്കാർക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊഴിലെടുക്കുന്നതിന് അനുമതി നൽകണമെന്ന അഭ്യർഥനയാണ് അധികാരികൾക്ക് മുന്നിൽ ഇൗ വിഭാഗത്തിന് വെക്കാനുള്ളത്.
ജില്ലയിലെ വഴിയോര കച്ചവടക്കാരെ തരംതിരിച്ച് കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് അധ്യക്ഷർ ഇടപെട്ട് സഹായം ലഭ്യമാക്കുന്നതിന് ശ്രമമുണ്ടാകണം. കോവിഡ് മാനദണ്ഡം പാലിച്ച് കച്ചവടം നടത്തുന്നതിന് അനുവാദം നൽകുന്നതിന് നടപടിയുണ്ടാകണം.
ടി.എൻ. ത്യാഗരാജൻ, ജില്ല സെക്രട്ടറി, വഴിയോര കച്ചവടത്തൊഴിലാളി യൂനിയൻ-സി.െഎ.ടി.യു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.