മില്‍മയിലെ പണിമുടക്ക് പിന്‍വലിച്ചു; പാൽവിതരണം സാധാരണ നിലയിൽ
text_fieldsകൊല്ലം: ജില്ലയിൽ മിൽമ പാൽവിതരണം മുടക്കി കരാർ വാഹന ജീവനക്കാർ നടത്തിയ പണിമുടക്ക് പിൻവലിച്ചു. ഡെയറിയിൽ അടയ്ക്കാൻ ഏജൻസിക്കാർ നൽകിയ പണം അപഹരിച്ച വാഹന ജീവനക്കാർക്കെതിരെ മാനേജ്മെന്റ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു പണിമുടക്ക്.
ജില്ലയിലെ 29ൽ 17 റൂട്ടുകളിലെ ജില്ല മില്‍മ എംപ്ലോയീസ് ആന്‍ഡ് അദര്‍ വര്‍ക്കേഴ്സ് യൂനിയന്‍ (ബി.എം.എസ്), മില്‍മ ലോറിത്തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) എന്നീ സംഘടനകളിൽ പെട്ട ജീവനക്കാരാണ് തിങ്കളാഴ്ച പണിമുടക്കിയത്. ചൊവ്വാഴ്ച ജില്ല ലേബര്‍ ഓഫിസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തൊഴിലാളികള്‍ക്കെതിരെ ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കുന്നതിന് ധാരണയായി. തുടർന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.
തിങ്കളാഴ്ച 75000 ലിറ്ററോളം പാൽ വിതരണം ചെയ്യുന്നത് മുടങ്ങിയിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രത്യേക അഭ്യർഥന പ്രകാരം ജീവനക്കാർ പാൽ വിതരണവുമായി സഹകരിച്ചു. എന്നാൽ, വൈകീട്ടുള്ള വിതരണം യോഗത്തിലെ തീരുമാനം അനുസരിച്ചായിരിക്കും എന്നതായിരുന്നു നിലപാട്. സമരം ഒത്തുതീർപ്പിനെ തുടർന്ന് പാൽ വിതരണം സാധാരണനിലയിലായി.
ജില്ല ലേബര്‍ ഓഫിസറുടെ മധ്യസ്ഥതയിൽ നടന്ന യോഗത്തിൽ ഏജൻസിയുടെ നഷ്ടപ്പെട്ട പണം വാഹനത്തിന്റെ കരാറുകാരൻ അടക്കണമെന്ന മാനേജ്മെന്റിന്റെ ആവശ്യം യൂനിയനുകൾ അംഗീകരിക്കാൻ തയാറായി. ഇതോടെയാണ് കേസ് പിൻവലിക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചത്.
മോഷണം നടത്തിയതായി ആരോപണം നേരിടുന്ന കേരളപുരം റൂട്ടിലെ ജീവനക്കാരെയും മുമ്പ് തട്ടിപ്പുകളുടെ പേരിൽ നടപടി നേരിട്ടവരെയും തിരിച്ചെടുക്കണം എന്നതായിരുന്നു ജീവനക്കാരുടെ ആവശ്യം. ജീവനക്കാരെ ശിക്ഷാനടപടിയുടെ ഭാഗമായി മാറ്റിനിര്‍ത്തുന്നത് ഉള്‍പ്പെടെ വിഷയങ്ങളില്‍ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് 28ന് ജില്ലയെ പ്രതിനിധീകരിക്കുന്ന മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട യൂനിയനുകളുമായും കരാറുകാരുമായും ചര്‍ച്ച നടത്താനും ധാരണയായി. മാനേജ്മെന്റിന് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ മിന്നല്‍ പണിമുടക്ക് ആഹ്വാനം ചെയ്യില്ലെന്നും യൂനിയനുകള്‍ ഉറപ്പുനല്‍കിയതായി ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു.
യോഗത്തില്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് മില്‍മ കൊല്ലം ഡയറി മാനേജര്‍, മാര്‍ക്കറ്റിങ് സെക്ഷന്‍ ഹെഡ്, തൊഴിലാളി സംഘടനകള്‍ക്കു വേണ്ടി എസ്. രാജ്മോഹന്‍, ടി. സിജു (മില്‍മ ലോറിത്തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു), ഡി. എസ്. ഉണ്ണി, പി.വി. അനില്‍കുമാര്‍, കെ. അനില്‍കുമാര്‍, സുദര്ശനന്, കെ. സന്തോഷ്കുമാര്‍ (കൊല്ലം ജില്ല മില്‍മ എംപ്ലോയീസ് ആന്‍ഡ് അദര്‍ വര്‍ക്കേഴ്സ് യൂനിയന്‍- ബി.എം.എസ്) എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.