വിദ്യാർഥികൾ കണ്ടക്ടറെ മർദിച്ചു; സ്വകാര്യ ബസുകൾ പണിമുടക്കി
text_fieldsകൊല്ലം: യാത്രക്കാരുമായി വരികയായിരുന്ന സ്വകാര്യ ബസ് തടഞ്ഞ് കണ്ടക്ടറെ മർദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കൊല്ലം-കണ്ണനല്ലൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ പണിമുടക്കി. വെള്ളിയാഴ്ച രാവിലെ പത്തിനുശേഷം പണിമുടക്ക് നടത്തിയതിനാൽ യാത്രക്കാരും വിദ്യാർഥികളും വലഞ്ഞു. സ്റ്റുഡൻറ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി ഉടൻ വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് പണിമുടക്കിയ തൊഴിലാളികൾ കലക്ടർക്കും ആർ.ടി.ഒക്കും നിവേദനം നൽകി.
വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെ കൊല്ലം കർബല ജങ്ഷനിലാണ് കണ്ടക്ടർക്ക് മർദനമേറ്റത്. അഞ്ചലിൽനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഒരു കൂട്ടം വിദ്യാർഥിനികൾ തടഞ്ഞ് കൺസെഷൻ സംബന്ധമായ കാര്യങ്ങൾ കണ്ടക്ടറുമായി സംസാരിച്ചുകൊണ്ടിരിക്കെ സംഘടിച്ചെത്തിയ മറ്റൊരു സംഘം വിദ്യാർഥികൾ മർദിക്കുകയായിരുന്നു. കണ്ടക്ടർ പെരുമ്പുഴ പഴങ്ങാലം സ്വദേശി സുധീഷിനാണ് മർദനമേറ്റത്. സംഭവമറിഞ്ഞെത്തിയ പൊലീസ് അക്രമികളെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചതെന്ന് ബസ് തൊഴിലാളികൾ ആരോപിക്കുന്നു.
കോവിഡ് കാലത്ത് കയറ്റിയിട്ടിരുന്ന ബസുകൾ തൊഴിലാളികൾ പട്ടിണിയിലാകാതിരിക്കുന്നതിനു വേണ്ടിയാണ് ഉടമകൾ പുറത്തിറക്കിയത്. യാത്രക്കാരുടെ കുറവിനോടൊപ്പം ഡീസലിെൻറ ദിനംപ്രതിയുള്ള വിലവർധനമൂലം സർവിസ് നടത്താനാകാതെ ബസുടമകൾ നട്ടംതിരിയുമ്പോഴാണ് കൺസെഷെൻറ പേര് പറഞ്ഞ് ആക്രമണം നടത്തുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനായി ബസ് തൊഴിലാളികളെയും വിദ്യാർഥി സംഘടനയുടെ പ്രതിനിധികളെയും വെള്ളിയാഴ്ച വൈകീട്ട് നാലിന് കൊല്ലം ഈസ്റ്റ് പൊലീസ് വിളിച്ചിരുന്നെങ്കിലും വിദ്യാർഥി സംഘടനകളുടെ പ്രതിനിധികൾ എത്തിയില്ല.
പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നതുവരെ പണിമുടക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്. കണ്ണനല്ലൂർ -കൊല്ലം റൂട്ടിൽ സ്വകാര്യ ബസുകളാണ് കൂടുതലും സർവിസ് നടത്തുന്നത്. രാവിലെ പത്തിനുശേഷം പണിമുടക്ക് തുടങ്ങിയതോടെ യാത്രക്കാർ പെരുവഴിയിലായ അവസ്ഥയിലായി. കെ.എസ്.ആർ.ടി.സി വേണാട് ബസുകൾ മാത്രമായിരുന്നു യാത്രക്കാർക്ക് ആശ്രയമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.