വിദ്യാർഥിനിയുടെ ആത്മഹത്യ: അധ്യാപികമാരെ വെറുതെവിട്ടു
text_fieldsകൊല്ലം: നഗരത്തിലെ സ്വകാര്യവിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പ്രേരണക്കുറ്റം ചുമത്തിയ അധ്യാപികമാരെ കോടതി കുറ്റവിമുക്തരാക്കി വെറുതെവിട്ടു. 2017 ഒക്ടോബർ 20നായിരുന്നു കേസിനാസ്പദമായ സംഭവം.
അധ്യാപികമാരുടെ മാനസികപീഡനവും ആത്മഹത്യപ്രേരണയും മൂലമാണ് മരണമെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിന്ധുപോൾ, ക്രസൻസ് നാവിസ് എന്നീ അധ്യാപികമാരെയാണ് കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് വെറുതെവിട്ടത്.
സഹോദരി ക്ലാസിൽ സംസാരിച്ചതിന് ആൺകുട്ടികളുടെ ഇടയിൽ ഇരുത്തിയത് മരിച്ച വിദ്യാർഥിനി ചോദ്യം ചെയ്തതും സംഭവം ആവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിച്ചതിലുമുള്ള വിരോധമാണ് ഒന്നാം പ്രതി സിന്ധുപോളിന് ഉണ്ടായിരുന്നതെന്നായിരുന്നു കുറ്റപത്രം.
കുട്ടി തന്റെ വീട്ടിൽ ട്യൂഷന് വരാത്തതിനാൽ രണ്ടാം പ്രതി ക്രസൻസ് മാനസികമായി പീഡിപ്പിച്ചതായും കുറ്റപത്രത്തിലുണ്ട്. സംഭവദിവസം ഉച്ചക്ക് ഒന്നാം പ്രതി വിദ്യാർഥിനിയെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി ശകാരിച്ചശേഷം പ്രിൻസിപ്പലിന്റെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയതിലെ മനോവിഷമത്തിലാണ് പ്രൈമറി വിഭാഗത്തിലെ കെട്ടിടത്തിന് മുകളിൽനിന്ന് കുട്ടി താഴേക്ക് ചാടിയത് എന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി 23നാണ് മരിച്ചത്.
മരിച്ച കുട്ടി സഹോദരിയുടെ ക്ലാസിൽ ചെന്ന് ആ ക്ലാസിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെതുടർന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നെന്നും ഇത് ആവർത്തിക്കരുതെന്ന് തങ്ങൾ കുട്ടികളെ ഉപദേശിച്ചതായും അധ്യാപികമാർ കോടതിയിൽ പറഞ്ഞു. സംഭവദിവസം ഉച്ചഭക്ഷണസമയത്ത് സഹോദരിയുടെ ക്ലാസിലെ ഒരു പെൺകുട്ടിയുമായി വഴക്കുണ്ടായതറിെഞ്ഞത്തിയ അധ്യാപിക സിന്ധുപോൾ തന്റെ ക്ലാസിലെ കുട്ടികളെ പിരിച്ചുവിട്ടു.
തുടർന്ന് സ്കൂളിലെ അച്ചടക്കം പാലിക്കുന്നതിനായി വിദ്യാർഥിനിയെ പ്രിൻസിപ്പലിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി അധ്യാപികയിൽനിന്ന് വഴുതിമാറി പ്രൈമറി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നെന്നും അവർ പറഞ്ഞു. സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കുറ്റപത്രത്തിൽ ആരോപിക്കുന്ന ഐ.പി.സി 305 പ്രകാരമുള്ള ആത്മഹത്യാപ്രേരണ, ഐ.പി.സി 34 പ്രകാരം കൂട്ടുത്തരവാദിത്തം, ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരം കുട്ടികളോട് ക്രൂരത എന്നീ കുറ്റകൃത്യങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു.
അധ്യാപികമാർക്കുവേണ്ടി അഡ്വ. ജി. മോഹൻരാജ്, അഡ്വ. ബി. അഖിൽ, അഡ്വ. അഭിജയ്, അഡ്വ. കിരൺ രാജ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.