അറിവും ആശയങ്ങളും പകർന്ന് സുഗതൻ മാഷ് തിരക്കിലാണ്
text_fieldsശാസ്താംകോട്ട: പാഠപുസ്തകത്തിലെ അക്ഷരങ്ങൾക്കും അക്കങ്ങൾക്കുമപ്പുറം സഹജീവിസ്നേഹവും പ്രകൃതിസ്നേഹവും കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ജീവിതം സമർപ്പിച്ച സുഗതൻ മാഷ് തന്റെ ഇടപെടലുകൾ എപ്പോഴും തുടരുന്നു. കൊടുംവേനലിൽ ഇത്തിരി ദാഹജലം തേടിവരുന്ന കുഞ്ഞിക്കിളികൾക്കായി ‘കുരുവിക്കൊരു തുള്ളി’ പദ്ധതി നൂറുകണക്കിന് സ്കൂളുകളിൽ നടപ്പാക്കാനായി. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ‘ഇക്കൊസ്റ്റോൺ ചലഞ്ച്’ എന്ന പദ്ധതിയും ശ്രദ്ധേയമായി. കുട്ടികളിലെ വേറിട്ട പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ‘പ്രതിഭാമരപ്പട്ടം’പുരസ്കാരം നൽകി ആദരിച്ചു. തുടർന്ന്, ഇവരെ പരിസ്ഥിതി പ്രവർത്തനത്തിന്റെ പ്രചാരകരാക്കി വളർത്തിയെടുക്കാനും മുന്നിട്ടിറങ്ങി.
പരിസ്ഥിതി പ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, ബാലാവകാശ പ്രവർത്തകൻ, പരിശീലകൻ എന്നിങ്ങനെ സുഗതൻ മാഷിന് വിശേഷണങ്ങളേറെയാണ്. ശാസ്താംകോട്ട ശൂരനാട് സ്വദേശിയായ ഇദ്ദേഹം 2000ൽ ആലപ്പുഴ ജില്ലയിലെ താമരക്കുളം പി.വി ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗ അധ്യാപകനായാണ് ജോലിയിൽ പ്രവേശിക്കുന്നത്. അധ്യാപനത്തിന്റെ 23 വർഷം പൂർത്തിയാകുമ്പോൾ പ്രവർത്തനങ്ങളും സംഭാവനകളും പൊതു വിദ്യാഭ്യാസ മേഖലയിൽ വിലമതിക്കാൻ കഴിയാത്തതാണ്. 2018ലെ സംസ്ഥാന അധ്യാപക അവാർഡ്, 2019ലെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സംസ്ഥാന വനമിത്ര അവാർഡ്, 2021ലെ ഗ്ലോബൽ ടീച്ചർ അവാർഡ്, ജെ.സി.ഐയുടെ മികച്ച സാമൂഹികപ്രവർത്തകനുള്ള അവാർഡ്, പ്രഥമ എലിസ്റ്റർ ഇക്സലെൻസി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
നിർധനരായ കുട്ടികൾക്ക് പ്രതിമാസ സ്കോളർഷിപ് പദ്ധതി നടപ്പാക്കാനും സമയം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ കുട്ടി ജനസമ്പർക്ക പരിപാടിയിലൂടെ നിരവധി കുട്ടികൾക്കും സ്കൂളുകൾക്കും സഹായമെത്തിച്ചു നൽകാനായി. ഏകദേശം 1.5 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടത്താൻ കഴിഞ്ഞത്. കവയിത്രി സുഗതകുമാരിയുടെ സ്മരണാർഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയാണിദ്ദേഹം.
കുട്ടികളുടെ യാത്ര സുരക്ഷിതത്വത്തിനായി സംസ്ഥാനത്തെ തിരക്കേറിയ പാതകൾക്ക് വശങ്ങളിലുള്ള സ്കൂളുകൾക്കു മുന്നിൽ സുരക്ഷാവേലിയും നടപ്പാതയും വേണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചുവരികയാണ്. സംസ്ഥാനത്തെ സ്കൂളുകളിലെ പച്ചക്കറിത്തോട്ടത്തിന്റെ പരിചരണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാര്യക്ഷമമാക്കണമെന്ന അദേഹത്തിന്റെ ആവശ്യമാകട്ടെ കേന്ദ്ര സർക്കാറിന്റെ പരിഗണനയിലുമാണ്.
കുട്ടികളിൽ വായനശീലം ഊട്ടിയുറപ്പിക്കുന്നതിനായി ക്ലാസ് റൂം ലൈബ്രറി എന്ന ആശയം സംസ്ഥാനതലത്തിൽ നടപ്പാക്കാനുള്ള ശ്രമവും നടത്തുന്നു. കലാ-കായിക പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് നേടിയെടുക്കാനും ഈ അധ്യാപകനായി. ജൂനിയർ ചേംബർ ഇന്റർനാഷനൽ എന്ന സംഘടനയുടെ സർട്ടിഫൈഡ് ട്രെയിനർ കൂടിയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.