വെന്തുരുകുന്നു നാട്...; മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്
text_fieldsകൊല്ലം: കത്തുന്ന ചൂടിൽ വെന്തുരുകുന്ന സ്ഥിതിയിൽ നാട്. വേനൽ പകലിെൻറ എല്ലാ 'രൗദ്രഭാവവും' ആവാഹിച്ചെത്തുന്ന വെയിലിെൻറ ആക്രമണം കൂടാതെ മൂടിക്കെട്ടിയ അന്തരീക്ഷം ബാക്കിയാക്കുന്ന കടുത്ത ഉഷ്ണവും ജില്ലയിൽ ജനജീവിതം ദുസ്സഹമാക്കുകയാണ്. ഇടക്കും മുറക്കും വേനൽ മഴ വന്നുപോകുന്നുണ്ടെങ്കിലും ചൂട് കൂടുന്നതല്ലാതെ ആശ്വസിക്കാൻ വകയില്ല. വരുംദിവസങ്ങളിൽ കൊല്ലം നഗരമേഖലയിൽ പോലും ശരാശരി 35 ഡിഗ്രി സെൽഷ്യസ് വരെ ചൂടുയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്താറുള്ള പുനലൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ 36 ഡിഗ്രി വരെയാണ് ചൂടുയർന്നത്.
ഈ സ്ഥിതിയില്‍ സൂര്യാതപം ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ വേണമെന്ന് ഓർമിപ്പിക്കുകയാണ്ആരോഗ്യ വകുപ്പ്. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, പേശിവേദന മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം. സൂര്യാതപത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപമേറ്റുളള ശരീരശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിെൻറ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍.
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്തെ കുമിളകള്‍ പൊട്ടിക്കരുത്.
അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കണം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ആശുപത്രിയില്‍ ചികിത്സ തേടണം. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതാണ് ഹീറ്റ് റാഷ് (ചൂട് കുരു). കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ ഈര്‍പ്പരഹിതമാക്കുകയും വേണം. യാത്രാവേളയില്‍ വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ കുട ഉപയോഗിക്കാം.
പ്രതിരോധ മാര്‍ഗങ്ങള്‍
- വേനല്‍ക്കാലത്ത് ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം
- തണുത്ത വെള്ളത്തില്‍ ദിവസവും രണ്ട് നേരം കുളിക്കാം
- ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ അനിവാര്യം
- വെള്ളം ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പെടുത്തണം
- വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ മൂന്നുവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കാം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
- കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിെൻറ വാതിലുകളും ജനലുകളും തുറന്നിടണം
- കട്ടി കുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാം. സണ്‍സ്‌ക്രീന്‍ ലോഷനുകളും അഭികാമ്യം.
- വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.