ചൂടിൽ തിളച്ച് കൊല്ലം
text_fieldsകൊല്ലം: കടുത്ത ചൂടിൽ വെന്തുരുകുകയാണ് ജില്ല. അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് കടക്കുമ്പോൾ മനുഷ്യരും ജന്തുജാലങ്ങളും കാർഷികവിളകളും ഒരുപോലെ വെയിലേറ്റ് വാടുകയാണ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂടിൽ തിളക്കുകയാണ് ജില്ല. വെള്ളിയാഴ്ച 38 ഡിഗ്രി സെൽഷ്യസിലാണ് ജില്ലയുടെ കിഴക്കൻമേഖലയിൽ ചൂട് ഉയർന്നത്. പുനലൂർ, പത്തനാപുരം, കുന്നത്തൂർ, കൊട്ടാരക്കര മേഖലകളിൽ കടുത്ത ചൂടാണ്. രാവിലെ 10 ആകുന്നതിന് മുേമ്പ 30 ഡിഗ്രി കടക്കുന്ന താപനില രാത്രി എട്ടായാലും താഴുന്നില്ല.
ചൂട് സഹിക്കാൻ കഴിയാത്ത അവസ്ഥയിൽ കുടിവെള്ളക്ഷാമവും രോഗഭീഷണിയും ജില്ലക്ക് കടുത്ത വെല്ലുവിളിയാണ്. പൈപ്പ് കണക്ഷനുകൾ നോക്കുകുത്തിയാകുന്നതിനാൽ വീടുകളിലേക്ക് ദിനംപ്രതി പണം നൽകി കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് ജനം. 1000 ലിറ്റർ വെള്ളത്തിന് 500 രൂപ നൽകാനില്ലാത്ത നിർധനവിഭാഗങ്ങളിൽപെട്ടവർ കടുത്ത ദുരിതമാണ് നേരിടുന്നത്. കൊല്ലം നഗരസഭ പരിധിയിൽ പോലും വെള്ളം ലഭിക്കാതെ നിരവധി കുടുംബങ്ങളാണ് ആഴ്ചകളായി കഷ്ടപ്പെടുന്നത്. ഓഫിസുകളിലും സ്ഥാപനങ്ങളിലും കാനുകളിൽ എത്തിക്കുന്ന കുടിവെള്ളത്തിന് പോലും കടുത്ത ക്ഷാമമാണ്.
ഇതിനിടയിൽ മഞ്ഞപ്പിത്തം, ഡെങ്കി, ചിക്കൻപോക്സ് രോഗങ്ങളും ആളുകളെ തളർത്തുന്നു. ഇതുകൂടാതെയാണ് നിർജലീകരണവും സൂര്യഘാതവും സൂര്യാതപവും ഉയർത്തുന്ന വെല്ലുവിളി. കടകളിൽ നിന്ന് ഭക്ഷണസാധനങ്ങൾ വാങ്ങിക്കഴിക്കുമ്പോൾ അതിജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. ചൂടിൽ തളരാതിരിക്കാൻ മുൻകരുതലുകൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം.
ഏറ്റവും പ്രധാനപ്പെട്ട ഇക്കാര്യങ്ങൾ മറക്കേണ്ട
- ചൂട് കൂടുതൽ അനുഭവപ്പെടുന്ന പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയം വെയിലത്തിറങ്ങുന്നത് ഒഴിവാക്കുക.
- ഉച്ചസമയത്ത് പുറംജോലി ചെയ്യരുത്
- നിർജലീകരണം ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക, വിശ്രമിക്കുക
- കട്ടി കുറഞ്ഞതും അയഞ്ഞതും ഇളംനിറത്തിലുമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- സൺസ്ക്രീൻ ക്രീമുകളും ലോഷനും പുരട്ടുന്നത് ശീലമാക്കുക
- കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. കണ്ണുകൾക്ക് സംരക്ഷണത്തിനായി സൺ ഗ്ലാസ്/ കൂളിങ് ഗ്ലാസ് ധരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.