വേനല്‍ച്ചൂട് കനത്തു;മങ്ങാട് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsകിളികൊല്ലൂര്‍: വേനല്‍ കനത്തതോടെ മങ്ങാടും പരിസരപ്രദേശത്തുള്ളവര്‍ക്കും കുടിവെള്ളം കിട്ടാക്കനിയായി മാറി. കണ്ടച്ചിറ ചേരിമുക്ക്, പാലോട്ട് മുക്ക്, തട്ടിന്‍പുറം, അപ്പുപ്പന് നടയും പരിസരപ്രദേശങ്ങളും, ചിറയില്‍ കുളത്തിന് പടിഞ്ഞാറ്, മങ്ങാട് ചാമുണ്ഡി വയല്‍ പ്രദേശം എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. കിണറില്ലാത്തതിനാല്‍ ഉയരം കൂടിയ പ്രദേശത്തുള്ളവര്‍ കൂടുതലും ആശ്രയിക്കുന്നത് പൈപ്പ്ലൈന് വഴിയുള്ള കുടിവെള്ളത്തെയാണ്. എന്നാല്‍ വേനല്‍ചൂട് കത്തിക്കയറികഴിഞ്ഞാല് ഈ പൈപ്പുകളില്‍ വെള്ളം വരുന്നത് വല്ലപ്പോഴും മാത്രമാണെന്നാണ് നാട്ടുകാരുടെ പക്ഷം.
മങ്ങാട് ഡിവിഷനില്‍ പമ്പ് ഹൗസുള്ളത് കണ്ടച്ചിറ പള്ളിക്കടുത്ത് മാത്രമാണ്. പമ്പ് ഹൗസില്‍നിന്ന് മൂന്നാംകുറ്റിയിലെ വാട്ടര്‍ ടാങ്കിലെത്തിച്ചാണ് മങ്ങാട് പ്രദേശത്ത് നിലവില്‍ കുടിവെള്ളം വിതരണംചെയ്യുന്നത്. എന്നാല്‍, ആവശ്യമേറിയതോടെ പമ്പ് ഹൗസില്‍നിന്ന് വെള്ളമെത്തിക്കുന്നത് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായി ചുരുങ്ങിയതും പ്രദേശവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
കോര്പറേഷന് പമ്പ് ഹൗസുകള്‍ കേന്ദ്രീകരിച്ചല്ലാതെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ലോറിയില്‍ കുടിവെള്ളമെത്തിക്കുന്നുണ്ട്. എന്നാൽ, ചില ഇടറോഡുകള്‍ക്ക് വേണ്ടത്ര വലിപ്പമില്ലാത്തതിനാല്‍ ലോറിയിലെ കുടിവെള്ള വിതരണം നടത്താനാകാത്ത സ്ഥിതിയുണ്ട്. എന്‍.എച്ച് 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായുള്ള നിർമാണപ്രവര്‍ത്തികള്‍ ആരംഭിച്ചതോടെ പ്രദേശത്ത് പൈപ്പ് പൊട്ടുന്നത് നിത്യസംഭവമായിരിക്കുകാണ്. ഇതും കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ കാരണമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അടിയന്തരമായി പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും അടിക്കടി പൈപ്പ്പൊട്ടി ഉണ്ടാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.