യെല്ലോ അലർട്ടിൽ കൊല്ലം; വെന്തുരുകി ജന്തുജാലങ്ങളും മനുഷ്യരും
text_fieldsകൊല്ലം: കടുംവെയിലിൽ ഉരുകി നാട്. ചൂടിന്റെ കാഠിന്യത്തിൽ യെല്ലോ അലർട്ടിൽ ഉൾപ്പെട്ട ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസിലേക്ക് കടന്ന അന്തരീക്ഷ താപനില അക്ഷരാർഥത്തിൽ മനുഷ്യരെയും ജന്തുജാലങ്ങളെയും കാർഷികവിളകളെയും വെന്തുരുക്കുകയാണ്.
കടുത്ത ചൂടിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിൽ യെല്ലോ അലർട്ടിന്റെ സുരക്ഷാ മുന്നറിയിപ്പ് കാലാവസ്ഥവകുപ്പ് പ്രഖ്യാപിച്ചത്. ആ പ്രവചനം ശരിെവച്ച് പുനലൂരിൽ വെള്ളിയാഴ്ച 36 ഡിഗ്രി സെൽഷ്യസിലേക്കാണ് താപനില ഉയർന്നത്. ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൂര്യാഘാതവും സൂര്യാതപവും ഏൽക്കാനുള്ള സാധ്യത ഏറെയാണ്. ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട, ചുവന്നുചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും പിന്നാലെ അബോധാവസ്ഥയുമാണ് സൂര്യാഘാതലക്ഷണങ്ങള്‍. ഇവ അനുഭവപ്പെടുന്നവര്‍ വൈദ്യസഹായം തേടണം.
സൂര്യാഘാതത്തെക്കാള്‍ കാഠിന്യം കുറവാണ് സൂര്യാതപത്തിന്. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടും മഞ്ഞ നിറമാകുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവര്‍ നേരിടുന്ന അസ്വസ്ഥതകള്‍ക്ക് ചികിത്സ തേടണം.
വേനലിന്റെ കാഠിന്യത്തിൽ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. കൃഷിയിടങ്ങളും വറ്റിവരളുന്ന സാഹചര്യത്തിൽ ജലസംരക്ഷണത്തിനുള്ള മുൻകരുതലുകളും സ്വീകരിക്കണം. ചൂടുകൂടിയതോടെ തീപിടിത്തഅപകടങ്ങളും ദിനംപ്രതി വർധിക്കുന്നു. ഇക്കാര്യത്തിലും ശ്രദ്ധവേണം.
പകൽ പുറംജോലികളിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കുക
ചൂട് കൂടുതൽ അനുഭവപ്പെടുന്ന പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയം പരമാവധി പുറംജോലികൾ ഒഴിവാക്കുക. തൊഴിൽവകുപ്പിന്റെ ജോലിസമയ പുനഃക്രമീകരണം തൊഴിലാളികളും തൊഴിലുടമകളും കർശനമായി പാലിക്കുക.
നിർജലീകരണം ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും ഇടക്ക് വിശ്രമിക്കുകയും ചെയ്യുക. ജോലിസ്ഥലത്ത് കുടിവെള്ളലഭ്യത തൊഴിലുടമകൾ ഉറപ്പുവരുത്തണം.
കട്ടി കുറഞ്ഞതും അയഞ്ഞതും ഇളംനിറത്തിലുമുള്ള കോട്ടൺ വസ്ത്രങ്ങളാണ് ചൂടുകാലത്ത് അഭികാമ്യം. കൈ ഉൾപ്പെടെ പൂർണമായും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.
സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായി കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. സൺ ഗ്ലാസ്/ കൂളിങ് ഗ്ലാസ് ധരിക്കുന്നത് കണ്ണുകൾക്ക് സംരക്ഷണം നൽകും.
നിർജലീകരണത്തിന് കാരണമാകുന്ന ചായ, കോഫി, സോഫ്റ്റ് ഡ്രിങ്കുകൾ, മദ്യം എന്നിവ ഒഴിവാക്കുക
ജലസംരക്ഷണം ഉറപ്പുവരുത്തുക
- വീടുകളിലെ വാഷ് ബേസിനുകൾ, ടോയ്ലറ്റുകൾ, മറ്റ് പൈപ്പുകൾ എന്നിവയിൽ ചോർച്ചയില്ല എന്ന് ഉറപ്പുവരുത്തുക.
- കുളിമുറികളിൽ ഷവർ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിച്ച് പരിമിതമായ അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക.
- പല്ലുതേക്കുമ്പോഴും താടി വടിക്കുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പിൽ വെള്ളമെടുത്ത് ഉപയോഗിക്കുക
- ഫ്ലഷ് ടാങ്കുകൾ ഉപയോഗിക്കുമ്പോൾ നിയന്ത്രിതമായ അളവിൽ ആവശ്യത്തിന് മാത്രം വെള്ളം ഫ്ലഷ് ചെയ്യുക
- തുണി അലക്കുമ്പോഴും അടുക്കളയിൽ പാത്രങ്ങൾ കഴുകുമ്പോഴും പൈപ്പുകൾ തുറന്നിടാതിരിക്കുക
- വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ അനുവദനീയമായ അളവിൽ മാത്രം വസ്ത്രങ്ങൾ നിറച്ച് ഉപയോഗിക്കുക
- പഴങ്ങളും പച്ചക്കറികളും പൈപ്പ് തുറന്നിട്ട് കഴുകുന്നതിനുപകരം ഒരുപാത്രത്തിൽ വെള്ളമെടുത്ത് കഴുകി വെള്ളം ചെടികളും അടുക്കളത്തോട്ടവും നനക്കാൻ ഉപയോഗിക്കുക.
- രാവിലെയോ സന്ധ്യാസമയത്തോ മാത്രം ചെടികൾ നനക്കുക
- വാഹനങ്ങൾ ഹോസ് ഉപയോഗിക്കാതെ ബക്കറ്റിൽ വെള്ളം നിറച്ച് കഴുകുക തുള്ളിനന, ചകിരി ട്രഞ്ച്, മൾച്ചിങ് രീതി, സ്പ്രിംഗ്ളർ, തിരിനന തുടങ്ങി ജലഉപയോഗം കുറക്കുന്ന ശാസ്ത്രീയമായ ജലസേചനരീതികളിലൂടെ കൃഷിക്ക് ആവശ്യമായ വെള്ളം കാര്യക്ഷമമായി ഉപയോഗിക്കുക.
അഗ്നിബാധ തടയാൻ കരുതൽ വേണം
- വീടുകളിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തുക.
- ശക്തമായ കാറ്റുള്ള സമയത്ത് തീ ഇടാൻ പാടില്ല
- തീ പൂർണമായും അണഞ്ഞുഎന്നുറപ്പുവരുത്തിയതിനുശേഷം മാത്രം സ്ഥലത്തുനിന്നും മാറുക. ആവശ്യമെങ്കിൽ വെള്ളം നനച്ച് കനൽ കെടുത്തുക.
- തീ പടരാൻ സാധ്യതയുള്ളവയുടെ സമീപം ചപ്പുചവറുകൾ കത്തിക്കാതിരിക്കുക
- രാത്രിയിൽ തീയിടാതിരിക്കുക
- വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.
- പറമ്പുകളിലെ ഉണങ്ങിയ പുല്ലുകൾ, കുറ്റിച്ചെടികൾ എന്നിവ വേനൽ കടുക്കുന്നതിന് മുമ്പ് വെട്ടി വൃത്തിയാക്കുക.
- ഉണങ്ങിയ പുല്ലുകളോ കരിയില നിറഞ്ഞ ഭാഗമോ വീടിനോട് ചേർന്ന് വരുന്നില്ല എന്ന് ഉറപ്പുവരുത്തുക.
- സിഗരറ്റുകുറ്റികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
- തീ പടരുന്നത് ശ്രദ്ധയിൽപെട്ടാൽ സുരക്ഷിതസ്ഥാനത്തേക്ക് മാറുക.
- ശാരീരികക്ഷമതയും പ്രാപ്തിയുമുള്ളവർ സമീപത്തുണ്ടെങ്കിൽ മരച്ചില്ലകൾ കൊണ്ട് അടിച്ചും വെള്ളമൊഴിച്ചും തീ കെടുത്താൻ ശ്രമിക്കുക.
- സഹായം ആവശ്യമെങ്കിൽ എത്രയും പെട്ടെന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുക.
- ഫയർ സ്റ്റേഷനിൽ വിളിക്കുമ്പോൾ തീപിടിച്ചസ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴിയും വിളിച്ചാൽ കിട്ടുന്ന മൊബൈൽ നമ്പറുകളും കൃത്യമായി കൈമാറുക.
- വീട്ടിൽ ഉള്ളവർക്കെല്ലാം എമർജൻസി നമ്പറുകളായ 101 (അഗ്നിരക്ഷാസേന), 112 (പൊലീസ്) എന്നിവ പറഞ്ഞുകൊടുക്കുക.
- വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വനത്തിലേക്ക് പോകുന്ന വിനോദസഞ്ചാരികളും പ്രത്യേക ശ്രദ്ധപുലർത്തണം.
- ക്യാമ്പ് ഫയർ പോലുള്ള പരിപാടികൾ നടത്തുന്നവർ തീപടരാനുള്ള സാഹചര്യം കർശനമായും ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.