വേനൽ മഴ കുറഞ്ഞു; പരപ്പാർ ഡാമിലെ വെള്ളം നൂറ് മീറ്ററിൽ താഴെ
text_fieldsപുനലൂർ: പ്രതീക്ഷിച്ച വേനൽ മഴ ലഭിക്കാതെ കിഴക്കൻ മേഖല കടുത്ത വരൾച്ചയിലായതോടെ തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് നൂറുമീറ്ററിന് താഴെയായി. ഇതേ നിലയിൽ വരൾച്ച നിലനിന്നാൽ താമസിയാതെ കല്ലട പദ്ധതിയിൽ നിന്നു കനാലുകളിലൂടെ വെള്ളം ഒഴുക്കുന്നതിന് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് അധികൃതർ സൂചിപ്പിച്ചു.
115.82 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ തിങ്കളാഴ്ച വൈകീട്ടത്തെ കണക്ക് പ്രകാരം 98.28 മീറ്റർ വെള്ളമുണ്ട്. വലത്-ഇടത് കനാലുകളിലൂടെ പരമാവധി വെള്ളം തുറന്നുവിടുന്നുണ്ട്. കനാലുകൾ നിറഞ്ഞൊഴുകുന്നതിനാൽ പദ്ധതിപ്രദേശത്ത് എല്ലായിടത്തും കനാൽ വെള്ളം ലഭിക്കുന്നതായും അധികൃതർ പറഞ്ഞു.
110.11 മീറ്റർ വെള്ളമുള്ളപ്പോൾ കഴിഞ്ഞ ജനുവരി 13നാണ് കനാലുകളിലൂടെ ജലവിതരണം തുടങ്ങിയത്. കനാലുകളിലൂടെ ഒഴുക്കുന്നതിന് ആനുപാതികമായി വെള്ളം ഡാമിൽ ഒഴുകിയെത്തുന്നില്ല.
അടുത്തിടെ വേനൽമഴ പലയിടത്തും ലഭിച്ചെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശം ഉൾക്കൊള്ളുന്ന വനത്തിൽ മഴ ദുർബലമായിരുന്നു. ഇതുകാരണം വനത്തിനുള്ളിലെ ചെറുതും വലുതുമായ എല്ലാ നീരുറവകളും വറ്റി. കാട്ടിൽ വെള്ളമില്ലാതായതോടെ വന്യജീവികൾ വെള്ളം കുടിക്കാൻ ഡാമിന്റെ വിവിധ മേഖലയിൽ പതിവായ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.